മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി, പൊതുസ്ഥലങ്ങളിലെ നഗ്നതയോട് എതിർപ്പു കുറഞ്ഞവരാണ് പൊതുവെ ജർമൻകാർ. പ്രത്യേകിച്ചും, കിഴക്കൻ ജർമനിയിൽ. 1900 കാലഘട്ടത്തിലാണ് രാജ്യത്ത് നഗ്നതയെ ലൈംഗികതയ്ക്കപ്പുറമുള്ള, സ്വാഭാവികതയായി കണ്ടുതുടങ്ങിയത്. നഗ്നതയോടുള്ള അയഞ്ഞ മനോഭാവം നൂറിലേറെ വർഷങ്ങൾക്കുമുമ്പേ ജർമൻകാരിലുണ്ടെന്നർഥം. സ്വതന്ത്രശരീരസംസ്കാരം എന്നർഥം വരുന്ന എഫ്കെകെ പ്രസ്ഥാനം രാജ്യത്ത് വേരോട്ടം തുടങ്ങിയതും അക്കാലത്താണ്. കാറ്റും വെളിച്ചവും വെയിലും നഗ്നശരീരത്തിൽ ഏൽക്കുന്നതിന്റെ ആരോഗ്യഗുണങ്ങളും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയുമാണ് പ്രസ്ഥാനം പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
ബീച്ചുകൾ, പാർക്കുകൾ, തടാകങ്ങൾ തുടങ്ങിയ പലയിടങ്ങളിലും വസ്ത്രമില്ലാതെ സൺബാത്ത് ചെയ്യാൻ അനുവദിക്കുന്ന നയം രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അതേസമയം, എല്ലായിടത്തും നഗ്നത അനുവദിക്കുന്ന രാജ്യമാണ് ജർമനിയെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യരുത്. പ്രത്യേകമായി അനുവദിച്ചിരിക്കുന്ന ഭാഗങ്ങളിൽ മാത്രമേ അത് ചെയ്യാവൂ.
തലസ്ഥാനമായ ബെർലിനിലെ നീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്ക് മാറുമറയ്ക്കാതെ നീന്താൻ അനുവാദം നൽകിയത് രണ്ടുവർഷം മുമ്പാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കുമെല്ലാം നഗരത്തിലെ പൊതു നീന്തൽക്കുളങ്ങളിൽ താൽപ്പര്യമുണ്ടെങ്കിൽ മാറ് മറയ്ക്കാതെ നീന്താം.
2022 ഡിസംബറിലുണ്ടായ ഒരു സംഭവമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചത്. മാറ് മറയ്ക്കാതെ നഗരത്തിലെ ഒരു നീന്തൽക്കുളത്തിൽ പ്രവേശിച്ച വനിതയെ അധികൃതർ ഭീഷണിപ്പെടുത്തി. മുകൾവസ്ത്രം ധരിച്ചില്ലെങ്കിൽ അവിടെനിന്ന് പുറത്താക്കുമെന്നും പറഞ്ഞു. ഇതോടെ പുരുഷന്മാർക്ക് മേൽവസ്ത്രമിടാതെ പൂളിൽ ഇറങ്ങാമെന്നിരിക്കെ, സ്ത്രീകളെ അനുവദിക്കാത്തത് വിവേചനമാണെന്നുകാട്ടി അവർ പരാതിപ്പെട്ടു. തുടർന്ന് ബെർലിനിലെ സെനറ്റ് ഡിപ്പാർട്ട്‌മെന്റ് ഫോർ ജസ്റ്റിസ് സ്ത്രീ വിവേചനത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ 2023-ൽ ബെർലിനിലെ നീന്തൽക്കുളങ്ങളിൽ എല്ലാവർക്കും മാറ് മറയ്ക്കാതെ പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
ഇതോടെ നഗരത്തിലെ പൂളുകൾ തങ്ങളുടെ നിയമങ്ങളിൽ മാറ്റംവരുത്തി. ജർമനിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം പുതിയതല്ല. മധ്യ ജർമനിയിലെ ഗൂട്ടിംഗൻ നഗരമാണ് രാജ്യത്ത് ആദ്യമായി പൊതു നീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്ക് മാറ് മറയ്ക്കാതെ നീന്താൻ അനുമതി നൽകിയത്.
ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും രാജ്യത്ത് നഗ്നരായ ആളുകളെ മറ്റുള്ളവരിൽ പൊതുവെ മാറ്റി നിർത്താറില്ല. പകരം, നഗ്നതയെ സ്വതന്ത്രജീവിതരീതിയായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അനുവദനീയമല്ലാത്ത ഇടങ്ങളിൽ നഗ്നമായി ഇറങ്ങിയാൽ പോലും ശിക്ഷ ചെറിയ പിഴമാത്രമാണ്. അതും പ്രത്യേകസാഹചര്യങ്ങളിൽ മാത്രമേ ഈടാക്കാറുമുള്ളൂ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi