2018-ലായിരുന്നു അമേരിക്കൻ ഗായകനായ നിക് ജോനസും നടി പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മാസങ്ങൾ നീണ്ട ഡേറ്റിങ്ങിനുശേഷമായിരുന്നു അവരുടെ വിവാഹം. പരസ്പരം പിന്തുണച്ചും അഭിനന്ദിച്ചും മുന്നേറുന്ന പങ്കാളികളാണ് പ്രിയങ്കയും നിക്കും. നിക്കിന്റെ സംഗീതപരിപാടികളിൽ, പ്രിയങ്ക സജീവസാന്നിധ്യമാണ്. അതുപോലെ പ്രിയങ്കയുടെ ഔദ്യോഗികപരിപാടികളിലെല്ലാം, നിക്കും പൂർണപിന്തുണയുമായി ഉണ്ടാവാറുണ്ട്.

പ്രിയങ്ക ചോപ്രയുമായുള്ള വിവാഹം ഇന്ത്യൻ സംസ്‌കാരത്തെയും ഹിന്ദുമതത്തെയും തന്റെ ദൈനംദിന ജീവിതത്തിലേക്ക് എങ്ങനെ കൊണ്ടുവന്നുവെന്ന് തുറന്നുപറയുകയാണ് നിക്. ഒരഭിമുഖത്തിൽ ഇന്ത്യയുടെ പാരമ്പര്യങ്ങൾ നേരിട്ട് അനുഭവിക്കാൻ കഴിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ആദ്യമായി ഇന്ത്യ സന്ദർശിച്ചപ്പോൾ തന്നെ ഇന്ത്യയുമായുള്ള ബന്ധം ആരംഭിച്ചതാണെന്നും പ്രിയങ്കയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചുവെന്നും നിക് ഓർക്കുന്നു. അതിനുശേഷമാണ് ഇന്ത്യൻ ആചാരങ്ങൾ ജീവിതത്തിന്റെ ഭാഗമായത്.

''ഇന്ത്യയിൽ പോവുകയും പ്രിയങ്കയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനും അവരുടെ സംസ്‌കാരം കൂടുതൽ അർത്ഥവത്തായ രീതിയിൽ അനുഭവിക്കാനും കഴിഞ്ഞത് ഒരുതരം മാന്ത്രികതയായിരുന്നു. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഓർമ്മകളിൽ ചിലത് ഇന്ത്യയിലോ ഇന്ത്യയോട് ചേർന്നോ ഉള്ളവയാണ്''.

ഹിന്ദുമതത്തെക്കുറിച്ചും കുറേ നല്ല കാര്യങ്ങൾ പഠിച്ചതായി നിക് വെളിപ്പെടുത്തുന്നു. ''കർമ്മയും ധർമ്മവുമെല്ലാം മനസ്സിലാക്കി. നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്താൽ നല്ല കാര്യങ്ങൾ നിങ്ങളിലേക്ക് തിരിച്ചുവരും. ഞങ്ങളുടെ മകളെ യഥാർഥ ഹിന്ദുമൂല്യങ്ങൾ നൽകിയാണ് ഞങ്ങൾ വളർത്തുന്നത്''.

പ്രിയങ്കയുമായുള്ള വിവാഹം തനിക്ക് ഒരു പുതിയ സാംസ്‌കാരിക ലോകം തുറന്നു തന്നിട്ടുണ്ടെന്നും നിക് പറയുന്നു. ഇപ്പോൾ തനിക്ക് അതിനോട് ആഴത്തിലുള്ള ബന്ധമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തങ്ങളുടെ വീട്ടിലെ ബഹുമതത്വവും പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi