
ഈ വരുന്ന മാര്‍ച്ച് 27-ന് 32 വര്‍ഷമാവും, സിസ്റ്റര്‍ അഭയയുടെ മരണം നടന്നിട്ട്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ച് വിങ്ങും സി.ബി.ഐ.യും മാറിമാറി അന്വേഷിച്ച കേസ്. ആത്മഹത്യയെന്ന് പോലീസും, അല്ല കൊലപാതകമെന്ന് സി.ബി.ഐ.യും. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറവും കേസിലെ ദുരൂഹതകള്‍ തീരുന്നില്ല.
1992 മാര്‍ച്ച് 27. അന്നും പതിവുപോലെ പഠിക്കാനായി അതിരാവിലെ ഉണര്‍ന്നതായിരുന്നു സിസ്റ്റര്‍ അഭയ. മുറിയിലുണ്ടായിരുന്ന കൂട്ടുകാരിയോട് അല്പം വെള്ളവുമെടുത്ത് വരാമെന്ന് പറഞ്ഞുപോയ അഭയയെ പിന്നീട് കാണുന്നത്, താന്‍ താമസിച്ചിരുന്ന കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയിലാണ്. കോട്ടയം അരീക്കരയില്‍ ഐക്കരക്കുന്നേല്‍ വീട്ടില്‍ തോമസിന്റെയും ലീലാമ്മയുടെയും മകളായിരുന്നു സിസ്റ്റര്‍ അഭയ. കോട്ടയം ബി.സി.എം കോളേജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി.
അന്ന് നടന്നത്...
ഒന്നാം വര്‍ഷ പരീക്ഷയില്‍ ഇംഗ്ലീഷിന് തോറ്റ അഭയ, ആ പേപ്പര്‍ എങ്ങനെയെങ്കിലും എഴുതിയെടുക്കാനായി വാശിയോടുള്ള പഠിത്തത്തിലായിരുന്നു. രാത്രി വൈകും വരെയും അതിരാവിലെയും പഠിക്കാനായി സമയം കണ്ടെത്തി. തലേദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ അതിരാവിലെ വിളിക്കണമെന്ന് അഭയ കൂട്ടുകാരി സിസ്റ്റര്‍ ഷെര്‍ളിയോട് പറഞ്ഞിരുന്നു. വെള്ളമെടുക്കാന്‍ പോയശേഷം കാണാതായതോടെ ഷെര്‍ളി താഴേയ്ക്ക് അന്വേഷിച്ചുചെന്നു. അഭയയെ അവിടെങ്ങും കണ്ടില്ല. പകരം അവരുടെ ഒരു ചെരിപ്പ് ഫ്രിഡ്ജിനടുത്തുനിന്ന് കിട്ടി. മറ്റേ ചെരിപ്പ് കിണറിനടുത്തുനിന്നും. ഒരു ബോട്ടില്‍ താഴെ വീണുകിടക്കുന്നുണ്ടായിരുന്നു. തിരച്ചിലുകളെല്ലാം അവസാനിച്ചത് അവിടുത്തെ കിണറ്റിലാണ്.
കോണ്‍വെന്റിലെ അന്തേവാസി കിണറ്റില്‍ മരിച്ചുകിടക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അപ്പോഴേക്കും പോലീസെത്തി. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ് ആദ്യംമുതല്‍ തന്നെ. പരീക്ഷയില്‍ തോറ്റതാണ് കാരണമായി ചൂണ്ടിക്കാണിച്ചതും. ജീവനുള്ളപ്പോഴാണ് കിണറ്റില്‍ വീണതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. അതോടെ ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
എന്നാല്‍ അസ്വാഭാവികമരണമെന്ന് കോണ്‍വെന്റിലെ സുപ്പീരിയര്‍ തന്നെ സംശയം പ്രകടിപ്പിച്ചതോടെ, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പോലീസിന്റെ പാതയില്‍ തന്നെയായിരുന്നു ക്രൈംബ്രാഞ്ചും. ആത്മഹത്യയാണെന്ന് ഉറപ്പിച്ചു, അതിനുകാരണമായി സിസ്റ്റര്‍ അഭയയ്ക്ക് ചില മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കൂടി സമര്‍ഥിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആത്മഹത്യയും കൊലപാതകവും മാറിമറിഞ്ഞു
അപ്പോഴേക്കും സാമൂഹികപ്രവര്‍ത്തകരും മറ്റും ഈ വിധിക്കെതിരെ രംഗത്തുവന്നു. അതോടെ കേസ് സി.ബി.ഐ.യെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആദ്യത്തെ സംഘത്തിന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. രണ്ടാമതൊരു സംഘം വന്നു. കൊലപാതകമാണെങ്കിലും, കൊല നടത്തിയത് ആരെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നായിരുന്നു ആ സംഘം പറഞ്ഞത്. വീണ്ടുമൊരു സി.ബി.ഐ സംഘം നിലവില്‍വന്നു. അവരുടെ കണ്ടെത്തല്‍ ഇങ്ങനെ, 'മരണത്തില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും കാണുന്നില്ല'. ഇതും കോടതി അംഗീകരിച്ചില്ല. അടുത്ത സംഘത്തിനെ കോടതി കേസ് ഏല്‍പ്പിച്ചു. ഇതിനിടെ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്നും, അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പലതവണ സി.ബി.ഐ കോടതിയുടെ അനുമതി തേടി. അതെല്ലാം കോടതി തള്ളിക്കളഞ്ഞു. അതിനിടയില്‍ ഒരു സംഘത്തിലുള്‍പ്പെട്ട ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസ് സര്‍വീസില്‍നിന്ന് സ്വമേധയാ പിരിഞ്ഞു. പത്തുവര്‍ഷം കൂടി സര്‍വീസുള്ളപ്പോഴാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. തന്റെ മേലുദ്യോഗസ്ഥനില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞതോടെ, കേസിന് പുതിയ മാനങ്ങള്‍ വന്നു.
ഒടുവില്‍ കോടതിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കേസേറ്റെടുത്തു. ആ സംഘം എത്തിച്ചേര്‍ന്നത് കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കിക്കൊണ്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പുറംലോകം അറിയാന്‍ പാടില്ലാത്ത ഒരു കാഴ്ച അഭയ കണ്ടതുകൊണ്ടാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ പറഞ്ഞത്. അന്നേദിവസം അതിരാവിലെ കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിനുമുമ്പില്‍ കണ്ടെന്ന അയല്‍വാസി സഞ്ജുവിന്റെ മൊഴിയാണ് പ്രധാനമായും ഇതില്‍ വഴിത്തിരിവായത്. കോണ്‍വെന്റിലെ കോടാലി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷം കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍.
ഇതിനെക്കുറിച്ച് വര്‍ഗീസ് പി.തോമസ് പിന്നീട് പറഞ്ഞതിങ്ങനെ, ''ഞങ്ങളുടെ അന്വേഷണത്തിലും ഇതേ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. അഭയയുടെ ഉച്ചിയില്‍ ആറുസെന്റിമീറ്ററിലുള്ള മുറിവുണ്ടായിരുന്നു. കോണ്‍വെന്റിന്റെ വര്‍ക്കേരിയയില്‍ സ്ഥിരമായുണ്ടായിരുന്ന കൈക്കോടാലി കാണുന്നില്ലായിരുന്നു''. കേസില്‍ മൂന്നുപേരും അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.

അന്വേഷണത്തിനിടയില്‍...
ഈ കേസിന്റെ വിചാരണയ്ക്കിടെയാണ് ഹൈമനോ പ്ലാസ്റ്റി എന്ന വാക്കിനെക്കുറിച്ച് ആളുകള്‍ കേള്‍ക്കുന്നത്. കന്യാചര്‍മം പുനസ്ഥാപിക്കുന്ന ശസ്ത്രക്രിയയാണിത്. ഛേദിക്കപ്പെട്ട ചര്‍മം ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിക്കുന്നതാണിത്. നാര്‍ക്കോ അനാലിസിസ് ടെസ്റ്റും കന്യാചര്‍മം ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചെന്ന സി.ബി.ഐ.യുടെ കണ്ടെത്തലുമാണ് സിസ്റ്റര്‍ സെഫിക്ക് എതിരായത്. ഇത് പിന്നീട് വിവാദവുമായിരുന്നു. തന്റെ സമ്മതമില്ലാതെയാണ് വെര്‍ജിനിറ്റി ടെസ്റ്റ് നടത്തിയതെന്നുപറഞ്ഞ് സിസ്റ്റര്‍ സെഫി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏത് കേസിലാണെങ്കിലും അങ്ങനെ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഡിസംബര്‍ 2020-ല്‍ സി.ബി.ഐ കോടതി അവര്‍ക്ക് ശിക്ഷ വിധിച്ചു. കോട്ടൂരിനെ ഇരട്ടജീവപര്യന്തം തടവിനും സെഫിയെ ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചത്. ഈ വിധിക്കെതിരെ അവര്‍ രണ്ടുപേരും ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. ഇരുവര്‍ക്കുമെതിരെയുള്ള തെളിവുകള്‍ ദുര്‍ബലമാണെന്ന് പറഞ്ഞ് കോടതി, ശിക്ഷ മരവിപ്പിക്കുകയും ചെയ്തു. പിന്നാലെ രണ്ടുപേരും ജാമ്യത്തിലിറങ്ങി.
സിനിമയായപ്പോള്‍
സിസ്റ്റര്‍ അഭയ മരിച്ച് ഏഴുവര്‍ഷത്തിനിടയില്‍ പുറത്തിറങ്ങിയ ക്രൈംഫയല്‍ (1999) ആ മരണത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ആ സംഭവത്തെ ആസ്പദമാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞില്ലെങ്കില്‍ പോലും, അതിനെ ഓര്‍മിപ്പിക്കുന്നുണ്ട് സിനിമയിലെ കൊലപാതകം. സിസ്റ്റര്‍ അമല എന്നാണ് കഥാപാത്രത്തിന്റെ പേര്. കെ.മധു സംവിധാനം ചെയ്ത സിനിമയില്‍ സംഗീത, സുരേഷ് ഗോപി, രാജന്‍ പി.ദേവ്, വിജയരാഘവന്‍, ജനാര്‍ദനന്‍, സിദ്ദീഖ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി. എ.കെ.സാജന്‍-എ.കെ.സന്തോഷ് ടീമാണ് തിരക്കഥയെഴുതിയത്. സിസ്റ്റര്‍ അമല ദുരൂഹസാഹചര്യത്തില്‍ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെടുന്നു. അതിന്റെ അന്വേഷണത്തിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്. ട്വിസ്റ്റുകളൊരുപാടുണ്ട് കഥയില്‍.
Content Highlights: movie based on sensational sister abhaya murder case
Published: 21 Mar 2024, 11:04 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented