'ക്രിക്കറ്റിന്റെ ദൈവ'മാണ് ലോകത്തിനു മുമ്പില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. വ്യക്തിജീവിതത്തിലേക്ക് വന്നാല്‍ സച്ചിന്റെയും ഭാര്യ അഞ്ജലിയുടെയും പ്രണയം യഥാര്‍ഥത്തില്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. തന്നേക്കാള്‍ അഞ്ചുവയസ്സ് മൂത്ത അഞ്ജലിയെ വിവാഹം ചെയ്തുതരുമോയെന്ന് അവരുടെ മാതാപിതാക്കളെ കണ്ട് ചോദിക്കുമ്പോള്‍ സച്ചിന് പ്രായം 19. ആത്മവിശ്വാസത്തോടെ വിവാഹാലോചനയുമായി വന്ന സച്ചിനെപ്പറ്റി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് അഞ്ജലിയുടെ അമ്മയും ബ്രിട്ടീഷുകാരിയുമായ അന്നബെല്‍ മേത്തയിപ്പോള്‍.

To advertise here,

 1940-ല്‍ ഇംഗ്ലണ്ടിലാണ് അന്നബെല്‍ ജനിച്ചത്. കോളേജ് പഠനകാലത്ത് ആനന്ദ് മേത്തയെന്ന ഇന്ത്യക്കാരനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. ആനന്ദുമായുള്ള പ്രണയസാഫല്യത്തിനായി ബ്രിട്ടനില്‍ നിന്ന് അവര്‍ മുംബൈയിലേക്കു വന്നു. അവിടെവെച്ച് വിവാഹം. മുംബൈയില്‍ കുട്ടികള്‍ക്കുവേണ്ടി അപ്‌നാലയ എന്ന പേരില്‍ സന്നദ്ധസംഘടന നടത്തി പ്രസിദ്ധയായിരുന്നു അവര്‍. 1950-കളില്‍ പ്രണയത്തിനുവേണ്ടി താന്‍ നടത്തിയ യാത്രയെപ്പറ്റി 'മൈ പാസ്സേജ് ടു ഇന്ത്യ' എന്ന പേരില്‍ അവര്‍ ഒരു പുസ്തകം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. സച്ചിനെയും അഞ്ജലിയെയും പറ്റിയുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. 

അപ്രതീക്ഷിതമായിരുന്നു പ്രൊപോസല്‍
അഞ്ജലിയും സച്ചിനും പരിചയപ്പെടുകയും അടുക്കുകയും ചെയ്തശേഷം മാതാപിതാക്കളോട് വിവാഹത്തിന് സമ്മതമാണോയെന്ന് ചോദിക്കാന്‍ സച്ചിന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സച്ചിന്റെ മൂത്ത സഹോദരന്‍ അജിത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. സച്ചിന്റെ മാതാപിതാക്കളായ രജനിക്കും രമേഷ് തെണ്ടുല്‍ക്കറിനും വിവാഹത്തിന് സമ്മതമായിരുന്നു. പക്ഷേ, പ്രായം കുറഞ്ഞ, ഒരു സ്വീറ്റ് ബോയ് എന്ന് വിശേഷിപ്പിക്കാവുന്ന ക്രിക്കറ്റർക്ക് പ്രായത്തില്‍ മൂത്ത മകളെ വിവാഹം ചെയ്തുനല്‍കാന്‍ അന്നബെലിന് മനസ്സുണ്ടായിരുന്നില്ല. 

'ഇന്ത്യയില്‍ അതിനകം നിറഞ്ഞുനിന്നിരുന്ന സച്ചിന് മകളുടെ കൈപിടിച്ചുകൊടുക്കാന്‍ ആനന്ദിന് വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, വിവാഹമാലോചിക്കാനെത്തിയ സച്ചിനോട് തനിയെ സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു. ചെറുപ്രായത്തിലുള്ള ആ പയ്യനെ കണ്ടപ്പോള്‍ മനോഹരനായി തോന്നി. അഞ്ജലി ഞങ്ങളുടെ ഒരേയൊരു വിലപ്പെട്ട മകളാണെന്ന് ഞാന്‍ അവനോട് പറഞ്ഞു. രണ്ടാമത്തെ മകളെ നഷ്ടപ്പെട്ടതിനാല്‍ അത്രയും വിലപ്പെട്ടതാണ് അവളെന്നും. ഈ കൊച്ചുപയ്യന്‍ ആ പ്രായത്തിലുള്ള മറ്റ് ക്രിക്കറ്റര്‍മാരെപ്പോലെ ഒരു പ്ലേ ബോയ് ആയിരിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇംഗ്ലണ്ടില്‍ ഡേവിഡ് ബെക്കാമിനെപ്പോലെയായിരുന്നു 90-കളില്‍ സച്ചിന്‍ ഇന്ത്യയില്‍. എന്റെ മകളെപ്പറ്റി എന്താണ് കരുതുന്നതെന്ന് അവന്റെ കണ്ണില്‍ നോക്കി എനിക്ക് ചോദിക്കണമായിരുന്നു.'-അവര്‍ പറയുന്നു. 

'ഞങ്ങള്‍ക്ക് വിവാഹം കഴിക്കണം. ഇതായിരുന്നു സച്ചിന്റെ വാക്കുകള്‍. അഞ്ജലി പൊക്കമുള്ള, ഇരുണ്ട നിറമുള്ള സുന്ദരനായ ഒരാളെ വിവാഹം ചെയ്യുന്നതായിരുന്നു ഞാനെപ്പോഴും സങ്കല്പിച്ചിരുന്നത്. സച്ചിന്‍ ഇരുണ്ട നിറക്കാരനും സുന്ദരനുമാണ്. പക്ഷേ, 19-ാം വയസ്സിലും അവനൊരു പയ്യനായിരുന്നു. ചൈറുതുമായിരുന്നു. അഞ്ജലിയേക്കാള്‍ അല്പം ചെറുത്. സച്ചിന്റെ മുടി കാരണം അല്‍പംകൂടി പൊക്കം തോന്നിച്ചു. പക്ഷേ, അഞ്ജലിക്ക് ഇഷ്ടമുള്ള ഹൈഹീല്‍സ് ധരിക്കുമ്പോള്‍ ചേർച്ച ഉണ്ടാവില്ല.'

'ഗൗരവത്തോടെയാണ് താന്‍ ഈ ബന്ധം കാണുന്നതെന്ന് പ്രണയത്തിന്റെ തുടക്കത്തില്‍ തന്നെ സച്ചിന്‍ പറഞ്ഞതായി അഞ്ജലി എന്നോടു പറഞ്ഞിരുന്നു. അവളാണ് അദ്ദേഹത്തിന്റെ ആദ്യ ഗേള്‍ഫ്രണ്ടെന്നും.'

രഹസ്യമായി നിശ്ചയം
സച്ചിന്റെ പ്രസിദ്ധിയും അതുമായി ബന്ധപ്പെട്ട് വന്നേക്കാവുന്ന അബദ്ധങ്ങളെയും പറ്റി അന്നബെലിന് തുടക്കത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. പക്ഷേ, മകളോടുള്ള അവന്റെ ഇഷ്ടം കണ്ട് അവര്‍ മുന്നോട്ടുപോയി. വിവാഹനിശ്ചയം രഹസ്യമാക്കിവെക്കാനായിരുന്നു അഞ്ജലിക്കും സച്ചിനും താത്പര്യം. സച്ചിന് 21 വയസ്സാകുംവരെയും അഞ്ജലി മെഡിക്കല്‍ ബിരുദം നേടുന്നതുവരെയും നിശ്ചയം നീട്ടിവെച്ചു. ഈ കാലയളവില്‍ അന്നബെലിന്റെ വീട്ടില്‍ ഇടയ്ക്കിടെ സച്ചിന്‍ എത്തുമായിരുന്നു. പക്ഷേ, അധികമാരും പോക്കുവരവ് ശ്രദ്ധിച്ചിരുന്നില്ല.

'സച്ചിന്റെ 21-ാം ജന്മദിനമായ 1994 ഏപ്രില്‍ 24-ന് ബന്ധുക്കള്‍ക്ക് ചെറിയൊരു വിരുന്നൊരുക്കി, വിവാഹനിശ്ചയം പ്രഖ്യാപിച്ചു. ഔപചാരിക പത്രക്കുറിപ്പും നല്‍കി. അഞ്ജലിയുടെ കോളേജ് കാലഘട്ടത്തിലെ പ്രതിച്ഛായയും സച്ചിന്‍ വളരെ ചെറുപ്പമാണെന്ന കാര്യവും മുമ്പ് പ്രണയാതുരമായി ഇടപഴകിയിട്ടില്ലെന്നതുമൊക്കെ പിന്നീട് മാധ്യമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്തു. പ്രത്യേകിച്ചും അഞ്ജലിക്ക് സച്ചിനേക്കാള്‍ ഏകദേശം അഞ്ച് വര്‍ഷത്തെ മൂപ്പുണ്ടെന്നത്.'-അവര്‍ പുസ്തകത്തില്‍ പറയുന്നു.