50 പിന്നിട്ട ജയശ്രീയും മോഹനനും കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴായി എടുത്ത ലോണുകളുടെ എടുത്താല്‍ പൊന്താത്ത ബാധ്യതയുണ്ട്. സര്‍വീസില്‍ ഇനി അവശേഷിക്കുന്നത് അഞ്ച് വര്‍ഷം മാത്രം. വിരമിച്ചശേഷം ജീവിത ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് വൈകിയവേളയിലാണ് മോഹനന്‍ ചിന്തിച്ചത്. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാനാവില്ലല്ലോ. കുട്ടികള്‍ക്കായി എന്തെങ്കിലും തുടങ്ങിവെക്കണമെന്ന ചിന്തയിലാണ് ഇരുവരും. അങ്ങനെയാണ് എന്‍.പി.എസ്. വാത്സല്യയിലേക്കെത്തിയത്.

സവിശേഷതകള്‍
രക്ഷിതാക്കള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ പദ്ധതി ആരംഭിച്ച് 18 വയസ്സുവരെ നിക്ഷേപം നടത്താം. അതുകഴിഞ്ഞാല്‍ സാധാരണ എന്‍.പി.എസ് ടിയര്‍ 1 അക്കൗണ്ടായി മാറും. വര്‍ഷത്തില്‍ ആയിരം രൂപയെങ്കിലും അടയ്ക്കണം. കൂടുതല്‍ എത്ര തുകവേണമെങ്കിലും നിക്ഷേപിക്കാം.

കുട്ടിക്ക് 18 വയസ്സ് തികയുന്നതിന് മുമ്പ് നിക്ഷേപം ഭാഗികമായി പിന്‍വലിക്കാം. എന്‍.പി.എസില്‍ ചേര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം അതുവരെ നിക്ഷേപിച്ച തുകയുടെ 25 ശതമാനംവരെ തിരിച്ചെടുക്കാം. വിദ്യാഭ്യാസം, നിശ്ചിത രോഗങ്ങളുടെ ചികിത്സ എന്നിവക്കാണ് പണം പിന്‍വലിക്കാന്‍ അനുവദിക്കുക.

18 വയസ്സ് തികഞ്ഞാല്‍ മൂന്ന് മാസത്തിനുള്ളില്‍ പുതിയ കെ.വൈ.സി. രേഖകള്‍ നല്‍കി സാധാരണ അക്കൗണ്ടാക്കി മാറ്റാം. അല്ലെങ്കില്‍ എന്‍.പി.എസില്‍നിന്ന് പിന്മാറാനും കഴിയും. അതുവരെ സമാഹരിച്ച തുകയുടെ 80 ശതമാനം ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടിവരും. ബാക്കിയുള്ള 20 ശതമാനം തുകയാണ് തിരികെ ലഭിക്കുക. മൊത്തം നിക്ഷേപം 2.50 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ പണം മുഴുവന്‍ പിന്‍വലിക്കാം.

നേട്ടങ്ങള്‍
ഏത് കമ്പനിയിലേക്ക് ജോലി മാറിയാലും ജീവിതകാലം മുഴുവന്‍ ഇതേ അക്കൗണ്ട് നിലനിര്‍ത്താം. നിക്ഷേപ വിഹിതം അടക്കുകയും ചെയ്യാം. വിരമിക്കുമ്പോള്‍ അതുവരെയുള്ള മൊത്തം തുകയുടെ 60 ശതമാനം പണമായി തിരികെയെടുക്കാം. ബാക്കിയുള്ള തുക ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടിവരും. അതില്‍നിന്നാണ് പെന്‍ഷന്‍ ലഭിക്കുക.

എങ്ങനെ ചേരാം?
പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍, നിക്ഷേപ ഉപദേഷ്ടാക്കള്‍, പോയന്റ് ഓഫ് പ്രസന്‍സ് എന്നിവ വഴിയോ ഒണ്‍ലൈനിലൂടെയോ  അക്കൗണ്ട് തുടങ്ങാം. രക്ഷാകര്‍ത്താവിന്റെ ആധാര്‍, കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന രേഖ, എന്‍.ആര്‍.ഐ ആണെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി, ബാങ്ക് അക്കൗണ്ടിന്റെ രേഖ എന്നിവ ആവശ്യമാണ്.

നിക്ഷേപം ഇപ്രകാരം
ഡീഫാള്‍ട്ട് മോഡ്, ഓട്ടോ ചോയ്‌സ്, ആക്ടീവ് ചോയ്‌സ് എന്നിങ്ങനെ മൂന്ന് സാധ്യതകാളാണുള്ളത്. ഓഹരി, കോര്‍പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട് എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ സാധ്യതകള്‍  പ്രയോജനപ്പെടുത്താന്‍ അവസരമുണ്ട്. ഓഹരിയിലെ പമാവധി നിക്ഷേപ വിഹിതം 75 ശതമാനമാണ്. ഗവണ്‍മെന്റ് ബോണ്ട്, കോര്‍പറേറ്റ് ബോണ്ട് എന്നിവയില്‍ 100 ശതമാനം നിക്ഷേപം അനുവദിക്കും.

കൂടുതല്‍ നേട്ടമുണ്ടാക്കാന്‍
ദീര്‍ഘകാല നിക്ഷേപമായതിനാല്‍75 ശതമാനം ഓഹരിയിലും 25 ശതമാനം കോര്‍പറേറ്റ് ബോണ്ടിലോ സര്‍ക്കാര്‍ ബോണ്ടിലോ നിക്ഷേപ വിഹിതം നിശ്ചയിക്കാം. ഇങ്ങനെ നിക്ഷേപിച്ചാല്‍ 10 മുതല്‍ 12 ശതമാനംവരെ വാര്‍ഷിക ആദായം പ്രതീക്ഷിക്കാം. മറ്റ് സാധ്യതകളാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ 7 മുതല്‍ 9 ശതമാനംവരെ റിട്ടേണും ലഭിച്ചേക്കാം.