ഗായകൻ സുബീൻ ഗർഗിന്റെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് അസമിലെ സോണാപ്പൂരിൽ നടന്നു. അദ്ദേഹത്തെ അവസാനമായി ഒന്നുകാണാൻ ലക്ഷക്കണക്കിനാളുകളാണ് സംസ്ഥാനത്ത് ഇക്കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. ഇപ്പോഴും ആളുകൾ ഒഴുകിയെത്തിക്കൊണ്ടേയിരിക്കുന്നു.

സുബീൻ മരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ പൊട്ടിക്കരയുന്ന ആരാധകരുടെ വീഡിയോകൾ വൈറലായിരുന്നു. ആ വീഡിയോകളിൽനിന്ന് എത്രമാത്രം ജനപ്രിയനായിരുന്നു സുബീൻ എന്ന് മനസ്സിലാക്കാം.

സുബീന്റെ മരണമറിഞ്ഞതോടെ ഗുവാഹത്തിയിൽ ഗതാഗതം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ദുഃഖിതരായ ആയിരക്കണക്കിന് ആരാധകരാണ് തെരുവിലിറങ്ങിയത്. അതോടെയാണ് ഗതാഗതം താറുമാറായത്. എങ്ങും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുമുന്നിൽ നിശ്ശബ്ദപ്രാർഥനകളും പൂക്കൾ അർപ്പിക്കുന്നതും കാണാം. പശ്ചാത്തലത്തിൽ സുബീന്റെ പാട്ടുകളും മുഴങ്ങിക്കേൾക്കാം. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ആളുകൾ മണിക്കൂറുകളോളമാണ് ക്യൂവിൽ നിൽക്കുന്നത്.

സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ കണക്കെടുത്താൽ ലോകത്തെ നാലാമത്തെ വലിയ സംസ്‌കാരച്ചടങ്ങായി ഇത് മാറും. കണക്കുകൾ പ്രകാരം ഇന്ത്യ കണ്ട ഏറ്റവും വലിയ വിലാപയാത്രയാവുമിത്. മൈക്കിൾ ജാക്‌സൺ, പോപ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരുടെ സംസ്‌കാരച്ചടങ്ങുകളാണ് ജനപങ്കാളിത്തത്തിൽ മുന്നിൽ നിൽക്കുന്നത്.

സെപ്റ്റംബർ 19-നാണ് സുബീൻ ഗർഗ് മരിക്കുന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി സിംഗപ്പൂരിലെത്തിയ അദ്ദേഹം, സ്‌കൂബ ഡൈവിങ്ങിനിടെയാണ് മരിക്കുന്നത്.

33 വർഷത്തെ കരിയറിൽ 40,000-ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട് സുബീൻ. 40 ഭാഷകളിലും ഉപഭാഷകളിലുമായിട്ടാണിത്. എന്നാൽ, പ്രശസ്തിയിലേക്കുയർന്നത് 'ഗ്യാങ്സ്റ്ററി'ലെ 'യാ അലി' എന്ന പാട്ടിലൂടെയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi