വിവാദങ്ങളിലൂടെ കടന്നുപോയ ജീവിതമാണ് നടി മമ്ത കുൽക്കർണിയുടേത്. പലപ്പോഴും അവർ പറയുന്ന അഭിപ്രായങ്ങൾ ചർച്ചയാവാറുണ്ട്, ചിലപ്പോൾ അവർക്കുതന്നെ തിരിച്ചടിയാവാറുമുണ്ട്. ഇക്കഴിഞ്ഞ ദിവസം മൂന്നുദിവസത്തെ ആത്മീയയാത്രയ്ക്കായി ഗൊരഖ്പൂരിലെത്തിയ മമ്ത പറഞ്ഞ ചില കാര്യങ്ങൾ, ഒടുവിലെത്തിച്ചത് കടുത്ത വിമർശനങ്ങളിലേക്കാണ്. ദാവൂദ് ഇബ്രാഹിം തീവ്രവാദിയല്ലെന്നും മുംബൈ ഭീകരാക്രമണം നടത്തിയത് ദാവൂദ് അല്ലെന്നുമാണ് അവർ പറഞ്ഞത്.

പിന്നാലെ കടുത്ത വിമർശനങ്ങളാണ് മമ്തയ്ക്ക് നേരിടേണ്ടിവന്നത്. അതോടെ താൻ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് വീണ്ടും രംഗത്തെത്തി. ''വിക്കി ഗോസ്വാമിയെയാണ് ഞാൻ ഉദ്ദേശിച്ചത്, ദാവൂദ് ഇബ്രാഹിമിനെയല്ല. ദാവൂദ് തീവ്രവാദി തന്നെയാണ്''. ദാവൂദിനെ തനിക്കറിയില്ലെന്നും മമ്ത തുടർന്നുപറഞ്ഞു. ''ദാവൂദിനെ ഒരിക്കലും കണ്ടിട്ടില്ല, അയാളുമായി എനിക്ക് ബന്ധവുമില്ല. ഇപ്പോഴെനിക്ക് രാഷ്ട്രീയവുമായോ, സിനിമാമേഖലയുമായോ യാതൊരു ബന്ധവുമില്ല. ഞാനിപ്പോൾ പൂർണമായും ആത്മീയതയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള എനിക്ക് എങ്ങനെയാണ് ഒരു തീവ്രവാദിയുമായി ബന്ധമുണ്ടാവുക?'' മമ്ത ചോദിക്കുന്നു.

നേരത്തെ മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സന്യാസത്തിലേക്ക് കടന്നിരുന്നു. അതിനുശേഷം മയി മമ്ത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായിട്ടാണ് അവർ സന്യാസം സ്വീകരിച്ചത്. എന്നാൽ, ദിവസങ്ങൾക്കുശേഷം കിന്നർ അഖാഡയുടെ സ്ഥാപകനായ ഋഷി അജയ് ദാസ്, മമ്തയെ അഖാഡയിൽ നിന്ന് പുറത്താക്കി. അധോലോകവുമായും ദാവൂദ് ഇബ്രാഹിമുമായും മമ്തയ്ക്ക് ഉള്ള ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

സിനിമയിലുണ്ടായിരുന്ന സമയത്ത് അധോലോകനേതാവ് ഛോട്ടാ രാജനുമായുള്ള അടുപ്പം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഛോട്ടാ രാജനുമായി മമ്ത പ്രണയത്തിലാണെന്ന് അന്നത്തെ ടാബ്ലോയിഡുകൾ എഴുതിവിട്ടു. മമ്തയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിനായി ഛോട്ടാ രാജൻ ഇടപെട്ടുവെന്ന വാർത്ത അവരുടെ കരിയറിനെയും വല്ലാതെ ബാധിച്ചു. പിന്നീട് അവർ മുംബൈയിൽനിന്ന് അപ്രത്യക്ഷയായി. ഡ്രഗ് ഡീലറായ വിക്കി ഗോസ്വാമിയെ വിവാഹംകഴിച്ച മമ്ത, കെനിയയിലാണെന്നാണ് കേട്ടിരുന്നത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായശേഷം ദുബായ് ജയിലിലായ വിക്കിയുമായി, ജയിലിൽവെച്ചായിരുന്നു വിവാഹം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi