കുറച്ചുവർഷങ്ങൾക്കുമുമ്പാണ്. ദീപിക പദുകോൺ ഒരു അധോലോകനായികയുടെ കഥപറയുന്ന സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്തകൾ പരന്നു. പുറകെ അണിയറനേതാക്കൾ പേരും പുറത്തുവിട്ടു, 'സപ്‌നാ ദീദി'. എന്നാൽ, എന്തൊക്കെയോ കാരണങ്ങളാൽ ആ സിനിമ നടന്നില്ല. കഥാപാത്രത്തിനായി വാങ്ങിയ അഡ്വാൻസ് ദീപിക തിരിച്ചുകൊടുത്തുവെന്നും വാർത്തകളുണ്ടായിരുന്നു.
ഒരുകാലത്ത് അധോലോകത്തെ വിറപ്പിച്ച സ്ത്രീയാണ് അഷ്‌റഫ് ഖാൻ അഥവാ സപ്‌നാ ദീദി. ഭർത്താവിനു കീഴിൽ ഒതുങ്ങിക്കഴിഞ്ഞ സ്ത്രീ, ഭർത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച കഥയാണ് അവരുടേത്. ഒരു സാധാരണകുടുംബത്തിലെ അംഗമായിരുന്നു അഷ്‌റഫ് ഖാൻ. പ്രണയവിവാഹമായിരുന്നു അഷ്‌റഫ് ഖാന്റേതും ഭർത്താവ് മഹ്മൂദ് ഖാന്റേതും. അതുകഴിഞ്ഞാണ് തന്റെ ഭർത്താവ് ദാവൂദിനുകീഴിലുള്ള ഗുണ്ടയാണെന്ന് അവർ അറിയുന്നത്.
അധികം വൈകാതെ പോലീസുമായുള്ള ഒരു ഏറ്റുമുട്ടലിനിടെ മെഹ്മൂദ് ഖാൻ കൊല്ലപ്പെട്ടു. മുംബൈ വിമാനത്താവളത്തിൽവെച്ചായിരുന്നു സംഭവം. ദാവൂദ് തന്നെയാണ് ഈ കൊലപാതകത്തിനുപിന്നിലെന്ന് പലരിൽനിന്നായി അവർ അറിഞ്ഞു. ദാവൂദിന്റെ നിർദേശങ്ങൾ മെഹ്മൂദ് അനുസരിക്കാത്തതായിരുന്നു പ്രശ്‌നം. ദുബായിൽനിന്ന് ഇന്ത്യയിലേക്കുള്ള മെഹ്മൂദിന്റെ തിരിച്ചുവരവ്, പോലീസിന് ഒറ്റിക്കൊടുത്തതും ദാവൂദ് ടീം തന്നെ. ഈ കൊലപാതകത്തോടെ അഷ്‌റഫിന്, ദാവൂദിനോട് പകയായി. അങ്ങനെ പ്രതികാരം ചെയ്യാനിറങ്ങുകയും ചെയ്തു. ദാവൂദിനെ വധിക്കുക, ഡി-കമ്പനി നശിപ്പിക്കുക...ഇതായിരുന്നു അവരുടെ സ്വപ്‌നങ്ങൾ. ദാവൂദിനെ നശിപ്പിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. പുറകെ ദാവൂദിന്റെ ശത്രുവായ അരുൺ ഗാവ്‌ലിയുടെ സംഘത്തിൽ ചേരാൻ തീരുമാനിച്ചു. എന്നാൽ, സപ്നയെ വിശ്വാസത്തിലെടുക്കാൻ അരുൺ ഗാവ്‌ലി തയ്യാറായില്ല. അതോടെ ഒറ്റയ്ക്ക് പൊരുതാൻ സപ്‌ന തീരുമാനിച്ചു.
ദാവൂദിനോട് എതിർപ്പുള്ള ഹുസൈദ് ഉസ്താര എന്നയാളും അഷ്‌റഫിനൊപ്പം ചേർന്നു. അയാളാണെങ്കിൽ വർഷങ്ങളായി ദാവൂദിനെ കൊല്ലാനായി കാത്തിരിക്കുന്നയാളും. ദാവൂദിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാൻ കഴിവുള്ള ചാരൻമാരും ഹുസൈദിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്ന് തങ്ങളുടെ പൊതുശത്രുവിനെ വധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
ബൈക്ക് ഓടിക്കാനും തോക്ക് ഉപയോഗിക്കാനും അഷ്‌റഫ് പഠിച്ചു. സപ്‌നാ ദീദി എന്ന് പേരുമാറ്റുകയും ചെയ്തു. ഒരു ഗുണ്ടാനേതാവിലേക്കുള്ള അവരുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ദാവൂദിന്റെ ഏറ്റവും വലിയ ശത്രുവായി മാറി അവർ. ദാവൂദിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനായി ഒരാളെയും വിലയ്‌ക്കെടുത്തു. ആ വിവരങ്ങളെല്ലാം പോലീസിന് ചോർത്തിക്കൊടുക്കാൻ തുടങ്ങി സപ്‌ന. ഏത് സമയത്തും താൻ കൊല്ലപ്പെടുമെന്ന് സപ്‌നയ്ക്കും അറിയാമായിരുന്നു. എങ്കിലും മരിക്കുന്നതിനുമുമ്പ് ദാവൂദിന്റെ സാമ്രാജ്യം തകർക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം.
ഒടുവിൽ ക്രിക്കറ്റ് മത്സരം കാണാനായി ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തുന്ന ദാവൂദ് ഇബ്രാഹിമിനെ അവിടെവെച്ച് കൊല്ലാൻ തീരുമാനിച്ചു. അതിനായി പലപ്പോഴും ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് തന്റെ ആളുകളെ സപ്‌ന അയച്ചു. കൊല്ലാനുള്ള പ്ലാനുകൾ തയ്യാറാക്കി. എന്നാൽ, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീൽ ഇതിനെക്കുറിച്ച് അറിഞ്ഞു, സപ്നയെ കൊല്ലാനും തീരുമാനിച്ചു. ഒരുദിവസം വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സപ്നയെ കൊല്ലാനായി ദാവൂദിന്റെ ആളുകളെത്തി. ക്രൂരമായൊരു മരണമാണ് അവരെ കാത്തിരുന്നത്. 20-ലേറെ കുത്തുകളാണ് അവരുടെ ശരീരത്തിലേറ്റത്. അങ്ങനെ ദാവൂദിന്റെ ഏറ്റവും വലിയ ശത്രുവിന്റെ മരണം വളരെ ദയനീയമായിട്ടായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: true story of sshraf khan, aka sapna didi, a fearless woman who took on dawood ibrahim
Published: 30 Jun 2025, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented