വസ്ത്രധാരണത്തിന്റെയും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെയും പേരിൽ ക്രൂരമായി വിമർശിക്കപ്പെടാറുണ്ട് നടിയും നർത്തകിയുമായ മലൈക അറോറ. ജീവിതത്തിലുടനീളം താൻ ജഡ്ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മലൈക പറഞ്ഞിട്ടുണ്ട്. ''ബോൾഡ്, ഔട്ട്‌സ്‌പോക്കൺ...അങ്ങനെ പല ടാഗുകളുമിട്ടു ആളുകൾ എനിക്ക്. എന്നാൽ, അതൊന്നും എന്നെ ബാധിക്കാതെ നോക്കാൻ ഞാൻ ശ്രമിച്ചു'', മലൈക ഒരിക്കൽ പറഞ്ഞതിങ്ങനെ.

To advertise here,

മലൈകയുടെ നടത്തത്തെ പോലും ആളുകൾ പരിഹസിക്കാറുണ്ട്. മലൈകയുടെ വീഡിയോകൾക്കുതാഴെ ആളുകൾ ആ പേരിൽ അവരെ ക്രൂരമായി ട്രോൾ ചെയ്യാറുമുണ്ട്. ''താറാവിനെപ്പോലെ നടക്കുന്നു എന്നാണ് എന്നെ ചിലർ പരിഹസിക്കുന്നത്''. എന്നാൽ ആ നടത്തം തനിക്ക് സഹായകമായതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് മലൈക. ഇപ്പോൾ 'curly tales'-യുമായുള്ള ഒരു സംഭാഷണത്തിൽ തന്റെ 'ഡക്ക് വാക്കി'നുപിന്നിലെ യഥാർഥകാരണവും അതെങ്ങനെയൊക്കെ തന്നെ സഹായിച്ചുവെന്നും പറയുകയാണ് മലൈക.

ഒരു ഡോക്ടറാണ് ആ നടത്തം തനിക്ക് പ്രിസ്‌ക്രൈബ് ചെയ്തതെന്നും മലൈക വെളിപ്പെടുത്തുന്നു. ''വിശ്വസിച്ചാലും ഇല്ലെങ്കിലും, എന്റെ ഡോക്ടർ എന്നോട് പറയാറുണ്ട് ഇത്. കാരണം ഞാൻ ധാരാളം ഹീൽസും മറ്റും ധരിക്കുന്നതിനാൽ എന്റെ നട്ടെല്ലിന് ഒരു പ്രശ്‌നമുണ്ട്'', മലൈകയുടെ വാക്കുകൾ.

''അദ്ദേഹമാണ് ഇങ്ങനെ നടക്കാൻ പറഞ്ഞതും. കാൽവിരലുകൾ അടുപ്പിച്ചു നിർത്തുക, കാലുകൾ അകറ്റി നിർത്തുക, നടക്കുക. രാവിലെയും രാത്രിയിലും ഇതുപോലെ 10-15 ചുവടുകൾ നടക്കണം. ഞാൻ എല്ലാ ദിവസവും താറാവ് നടത്തം നടത്താറുണ്ട്'', അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

നടുവേദനയ്ക്ക് മാത്രമല്ല, ശരീരത്തിന്റെ പോസ്റ്ററിനും (posture) ഇത് സഹായിക്കുമെന്ന് മലൈക കൂട്ടിച്ചേർത്തു.

''എനിക്കൊരു മനോഹരമായ നിതംബമുണ്ടെങ്കിൽ, സെവൻ കോഴ്‌സ് ഡിന്നർ (seven course dinner) വിളമ്പാൻ കഴിയുന്ന ഒരു ബുഫെ ടേബിൾ പോലെ അത് തോന്നുന്നുവെങ്കിൽ, പിന്നെ ഞാൻ എന്തുകൊണ്ട് ഒരു താറാവിനെപ്പോലെ നടന്നുകൂടാ?'', വിമർശകർക്കുള്ള മലൈകയുടെ മറുപടിയിങ്ങനെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi