
1975 നവംബര്‍ 2. ഇറ്റലിയിലെ തുറമുഖ പട്ടണത്തിനരികിലെ ചെളിനിറഞ്ഞ ഫുട്ബോള്‍ മൈതാനത്തില്‍ ശരീരമാസകലം മുറിവുകളും അടിയേറ്റു ചതഞ്ഞ പാടുകളും ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതിന്റെ അടയാളങ്ങളും പൊള്ളലുകളുമേറ്റ് തിരിച്ചറിയാനാവാത്ത വിധത്തില്‍ വികൃതമാക്കപ്പെട്ട ഒരജ്ഞാതമൃതദേഹം കിടന്നു. ഇറ്റാലിയന്‍ കവിതയ്ക്കും നോവലിനും ലോക സിനിമയ്ക്കും ഇതിഹാസങ്ങളെ സമ്മാനിച്ച മഹാപ്രതിഭയായിരുന്നു ആ അജ്ഞാതന്‍.
പിയര്‍ പാവ്ലോ പസോലിനി... ഇറ്റാലിയന്‍ കവിയും നോവലിസ്റ്റും നാടകകൃത്തും സംവിധായകനും നടനുമൊക്കെയായ മഹാപ്രതിഭ. ഇരുപതാം നൂറ്റാണ്ടില്‍ ഇറ്റലി കണ്ട തികവുറ്റ ധിഷണാശാലികളില്‍ ഒരുവന്. ദ ഡെക്കാമെറോണിനും കാന്റര്‍ബെറി ടെയില്‍സിനും അറേബ്യന്‍ രാവുകള്‍ക്കും ദൃശ്യഭാഷ്യമൊരുക്കിയ ചലച്ചിത്രകാരന്. വൈരുദ്ധ്യങ്ങളുടെ മേളയായിരുന്നു അയാളുടെ ജീവിതം. സ്വവര്‍ഗാനുരാഗി, സ്റ്റാലിനിസം ക്രിസ്റ്റ്യാനിറ്റിക്ക് എതിരെന്ന് വാദിച്ച നിരീശ്വരവാദിയായ കാത്തലിക് കമ്യൂണിസ്റ്റ്. കലയിലെ ദേശീയതാ വാദത്തിന്റെ പ്രയോക്താവ്, ക്രിസ്തു തികഞ്ഞ മാര്‍ക്സിസ്റ്റാണെന്ന് പലകുറി വാദിച്ച കമ്യൂണിസ്റ്റ്. മാര്‍ക്സിനെയും മിസ്റ്റിക്കുകളെയും ഗുരുക്കന്മാരായി കണ്ടൊരാള്. അടിമുടി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ആ ജീവിതം.
സ്വവര്‍ഗ ലൈംഗികതയുടെയും സിനിമകളിലെ മതനിന്ദയുടെയും പേരില്‍ വിശ്വാസത്തിന്റെ മതിലിനപ്പുറം നിര്‍ത്തപ്പെട്ട പസോലിനി 'ദ ഗോസ്പെല്‍ അക്കോഡിങ് ടു മാത്യൂ' എന്ന സിനിമയിലൂടെ വത്തിക്കാന്‍ പ്രിയപ്പെട്ടവനായി മാറി. നിയോ റിയലിസ്റ്റ് നോവലുകള്‍, ഇറ്റാലിയന്‍ കാല്പനികതയുടെ സത്തയൂറുന്ന കവിതകള്‍, രതിയുടെ സൗന്ദര്യത്തെയും മതത്തിന്റെയും ഫാസിസത്തിന്റെയും ഭീകരതകളെയും തെളിച്ചം മങ്ങാത്ത തികവോടെ പകര്‍ത്തിയ ലോകസിനിമകള്‍. പ്രശസ്തിയുടെ സമുന്നതിയിലായിരുന്നു പസോലിനി. പക്ഷേ, മരണം എന്ന വിരാമ ചിഹ്നം എല്ലാത്തിനും അന്ത്യം കുറിച്ചു. വിരാമമില്ലാത്ത വിവാദങ്ങള്‍ക്ക് തുടക്കവും.

അമ്മയുടെ വഴിയില്‍
ഇറ്റലിയിലെ ബൊലോഗ്നയിലായിരുന്നു പസോലിനിയുടെ ജനനം. ഇടത് ആശയങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ആ നഗരം. പട്ടാളക്കാരനായ അച്ഛനും അധ്യാപികയായ അമ്മയും. അച്ഛന്റെ ചൂതാട്ടവും മദ്യപാനവും തകര്‍ത്ത ബാല്യം. ഫാസിസത്തെ അനുകൂലിച്ച അച്ഛനെക്കാള്‍ ഫാസിസ്റ്റ് വിരോധിയായ അമ്മയോടായിരുന്നു പസോലിനിക്ക് ചായ്വ്. സര്‍റിയലിസത്തിന്റെ വക്താവായ ആര്‍തര്‍ റിംബോയുടെ കവിതകളും അമ്മയുടെ ജന്മദേശത്തിന്റെ ഭംഗിയുമാണ് ഏഴാം വയസ്സില്‍ തന്റെ ആദ്യ കവിത എഴുതാന്‍ പസോലിനിയെ പ്രേരിപ്പിച്ചത്. ദസ്തയേവ്സ്കിയും ഷേക്സ്പിയറും കോളറിഡ്ജും പസോലിനിയുടെ സാഹിത്യാഭിരുചിക്ക് വളമായി. സാഹിത്യവും ഫുട്ബോളും മുന്നോട്ടു നയിച്ച ജീവിതമായിരുന്നു അത്.
സൈന്യത്തില്‍
ബൊളോഗ്ന സര്‍വകലാശാലയില്‍ സാഹിത്യ വിദ്യാര്‍ഥിയായതോടെ ഭാഷയിലും സൗന്ദര്യശാസ്ത്രത്തിലും ആഴത്തില്‍ അറിവ് നേടി. സര്വകലാശാലയോടുചേര്ന്ന സിനിമാ ക്ലബ്ബുകളിലെ പതിവ് സന്ദര്‍ശകനായിരുന്നു പസോലിനി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറ്റലിയില്‍ നിര്‍ബന്ധിത സേവനത്തിന് വിധേയരായ ഒരുപാട് ചെറുപ്പക്കാരില്‍ ഒരാള്‍കൂടിയായിരുന്നു പസോലിനി. ഇറ്റലി കീഴടങ്ങിയതോടെ ആ യുവ സൈനികന് കസാറ എന്ന ചെറുപട്ടണത്തിലേക്ക് പലായനം ചെയ്തു. പിന്നെ ഏഴു വര്‍ഷത്തോളം അയാളുടെ ജീവിതം അവിടെയായിരുന്നു.
ഗിഡോയുടെ മരണം
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ മാര്‍ക്സിസ്റ്റ് ചിന്താധാരയിലേക്ക് പസോലിനി ആകര്‍ഷിക്കപ്പെട്ടു. വരേണ്യതയുടെയും സാമ്രാജ്യത്വത്തിന്റെയും ഉപഭോക്തൃസംസ്കാരത്തിന്റെയും വിമര്‍ശകനായി. ഇതൊക്കെയും ചേര്‍ന്ന് ഇറ്റാലിയന്‍ സംസ്കാരത്തിലുണ്ടാക്കുന്ന മുറിവുകള്‍ പസോലിനിയെ വേദനിപ്പിച്ചു. റോമന്‍ തുറമുഖ നഗരമായ ഓസ്റ്റിലയിലെ കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി പസോലിനി. പസോലിനിയുടെ സഹോദരന് ഗിഡോ ലിബറല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഫാസിസത്തിനും കമ്യൂണിസത്തിന്റെ പാളിച്ചകള്‍ക്കുമെതിരെ പോരാടിയ ഗിഡോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആ സംഭവം പസോലിനിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു.

സ്വവര്‍ഗാനുരാഗം
യുദ്ധക്കെടുതികള്‍ക്കിരയായ കുഞ്ഞുങ്ങളെ അമ്മയ്ക്കൊപ്പം ചേര്‍ന്ന് പസോലിനി വിദ്യയഭ്യസിപ്പിച്ചു. ഈ ഘട്ടത്തിലാണ് തന്റെ ലൈംഗികാഭിരുചി അയാള്‍ തിരിച്ചറിയുന്നത്. തന്റെ വിദ്യാര്‍ഥികളില്‍ ഒരാളോട് തോന്നിയ ആകര്‍ഷണമായിരുന്നു അതിന്റെ ലക്ഷണം. സ്വവര്‍ഗാനുരാഗിയാണ് പസോലിനി എന്ന് തിരിച്ചറിഞ്ഞതോടെ മതവും പാര്‍ട്ടിയും പസോലിനിക്ക് എതിരായി. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അയല്‍ക്കാര്‍പോലും അകന്നു. ക്രൂരമായ പരിഹാസങ്ങളെ നേരിടേണ്ടിവന്നു. 1950-ല്‍ അമ്മയ്ക്കൊപ്പം പസോലിനി റോമിലേക്ക് താമസംമാറ്റി. പസോലിനി നാടറിയുന്ന എഴുത്തുകാരനായി വളര്‍ന്നത് ഇക്കാലത്താണ്. കവിതകളും നോവലുകളും പിറന്നു. ഖ്യാതി അയാള്ക്കൊപ്പംകൂടി.
സിനിമകളുടെ പിറവി
ഫ്രെഡറിക്കോ ഫെല്ലിനിയുടെ 'നൈറ്റ്സ് ഓഫ് കരീബിയ' എന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ എഴുതിക്കൊണ്ടാണ് പസോലിനി സിനിമാ രംഗത്തേക്ക് എത്തുന്നത്. കാര്‍ലോ ലിസാനിയുടെ 'ദ ഹഞ്ച്ബാക്ക് ഓഫ് റോം' എന്ന ചിത്രത്തില്‍ പസോലിനി നടനുമായി. പസോലിനിയുടെ ആദ്യ സ്വതന്ത്ര സിനിമ 1961-ല്‍ പുറത്തിറങ്ങിയ 'അക്കറ്റോണ്' ആയിരുന്നു. മതത്തെയും വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന ഉള്ളടക്കത്തിന്റെ പേരില്‍ സിനിമയും പസോലിനിയും ആക്രമണങ്ങളെ നേരിട്ടു. ദ ഗോസ്പെല്‍ അക്കോഡിങ് ടു മാത്യൂ, ഡെക്കാമറോണ്‍, കാന്റര്‍ബറി ടെയില്‍സ്, അറേബ്യന്‍ നൈറ്റ്സ്, ദ ഹോക്ക്സ് ആന്‍ഡ് ദ സ്പാരോസ്... ഇതിഹാസ സിനിമകള്‍ കുറേ പിറന്നു പസോലിനിയുടെ സംവിധാനത്തില്‍.
41ാം വയസ്സില്‍ പസോലിനി തന്റെ ജീവിതത്തിലെ ദീര്‍ഘ പ്രണയത്തെ കണ്ടുമുട്ടി. നിനെറ്റോ ഡവോലി എന്ന പതിനഞ്ചുകാരനെ. പസോലിനിയുടെ സിനിമകളിലെ സ്ഥിരസാന്നിധ്യമായി ആ നടന്. ലോകസിനിമ പസോലിനിയുടെ പേരില്‍ അറിയപ്പെട്ടുതുടങ്ങിയ നാളുകളായിരുന്നു അത്.
മരണദിവസം
സ്റ്റോക്ക് ഹോമില്‍ വിഖ്യാത ചലച്ചിത്രകാരനായ ഇഗ്മര്‍ ബെര്ഗ്മാന് ഉള്‍പ്പെടെയുള്ളവരുമായുള്ള സിനിമാ ചര്‍ച്ചകള്‍ കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്നാളായിരുന്നു പസോലിനിയുടെ ദാരുണാന്ത്യം. മാഫിയാസംഘത്തിന്റെ പ്രതികാരക്കൊലയാണെന്നായിരുന്നു ആദ്യമണിക്കൂറുകളില്‍ പോലീസ്ഭാഷ്യം. പക്ഷേ, അധികം വൈകാതെ ഗിസെപ്പ പെലോസി എന്ന പതിനേഴുകാരന് പോലീസിന്റെ പിടിയിലായി. അവന്റെ വസ്ത്രങ്ങളിലും ശരീരത്തിലും രക്തക്കറകളോ ഒരേറ്റുമുട്ടലില്‍ ഉണ്ടാകാനിടയുള്ള പരിക്കുകളോ കണ്ടിരുന്നില്ല. എന്നിട്ടും ഗിസെപ്പ കുറ്റംസമ്മതിച്ചു. ഇറ്റലിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു തീവണ്ടി സ്റ്റേഷനരികില്‍ നിന്ന് തുടങ്ങി തുറമുഖപട്ടണത്തിലെ വിജനമായ ഫുട്ബോള്‍ മൈതാനത്തില്‍ അവസാനിച്ച നിഗൂഢമായൊരു യാത്രയുടെ കഥയായിരുന്നു ഗിസെപ്പ പോലീസിന് കൊടുത്ത മൊഴി.

തലേ രാത്രി 11.30ന് റെയില്വേസ്റ്റേഷന് പരിസരത്ത് ചങ്ങാതിക്കൊപ്പം നില്‍ക്കുകയായിരുന്ന തനിക്കരികില്‍ ഒരു ആല്‍ഫ റോമിയോ കാര്‍ വന്നുനിന്നതായി ഗിസെപ്പ മൊഴികൊടുത്തു. കാറിനുള്ളില്‍ പസോലിനിയായിരുന്നു. ഗ്ലാസ് താഴ്ത്തി പസോലിനി പയ്യനെ യാത്രയ്ക്ക് ക്ഷണിച്ചു. ഒപ്പം ചെന്നാല്‍ വിലപ്പെട്ടതെന്തോ സമ്മാനിക്കുമെന്ന വാഗ്ദാനം നല്‍കിയതായും പറയപ്പെടുന്നു. പയ്യന് സമ്മതിച്ചു. സെന്റ്പോള്‍സ് ബെസലിക്കയ്ക്കരികിലെ ഒരു റെസ്റ്റോന്റില്‍ നിന്ന് അവരിരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു.
തുടര്‍ന്നുള്ള യാത്രയില്‍ തനിക്ക് തീര്‍ത്തും സ്വീകാര്യമല്ലാത്തതെന്തോ തന്നില്‍ നിന്ന് പസോലിനി ആവശ്യപ്പെട്ടതായും താനത് നിഷേധിച്ചതായും ഗിസെപ്പ പോലീസിനോട് പറഞ്ഞു. ഇന്ഡ്രോസ്കാലോ തുറമുഖത്തിനരികിലെ ഫുട്ബോള്‍ മൈതാനത്തു വച്ച് കാറില്‍ നിന്നറങ്ങിയ തന്നെ പസോലിനി പിന്തുടര്ന്നു. സ്വയരക്ഷയ്ക്കായി കൈയില്‍ കിട്ടിയ കമ്പുകളെടുത്ത് ഞാനയാളെ അടിച്ചു. അയാള്‍ വീണു. അയാളുടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഞാന്‍ കാര്‍ അയാളുടെ ശരീരത്തില്‍ കയറ്റി. ഇങ്ങനെയായിരുന്നു മൊഴി. എന്തായാലും കോടതി ഗിസെപ്പയ്ക്ക് ശിക്ഷ വിധിച്ചു. സഹതടവുകാരോടും അയാള്‍ ഇതേ കഥ ആവര്‍ത്തിച്ചു.
കൊലപാതകിയുടെ തിരുത്ത്
ഒന്പതുവര്ഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഗിസെപ്പയുടെ ഭാഷ്യം മറ്റൊന്നായിരുന്നു. കൊല ചെയ്തത് ഞാനല്ല. ആ രാത്രിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പസോലിനിക്കൊപ്പം യാത്ര ചെയ്തത്. വഴിയരികില്‍ കാര്‍നിര്‍ത്തി താന്‍ മൂത്രമൊഴിക്കാനിറങ്ങി. ആ നേരത്ത് അജ്ഞാതരായ മൂന്നുപേര്‍ കാറിലുണ്ടായിരുന്ന പസോലിനിക്കരികിലേക്ക് ചെന്നു. പസോലിനിയുടെ നിലവിളി താന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ആ ശരീരത്തില്‍ തീപടരുന്നതും ഡേര്‍ട്ടി കമ്യൂണിസ്റ്റെന്നും ക്വീര്‍ എന്നും ആക്രോശിച്ച് അവര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതും കണ്ടു. ഒരു അഭിമുഖത്തില്‍ ഗിസെപ്പ പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗമായ ചില തീവ്ര ഫാസിസ്റ്റ് സെല്ലുകളാണ് മരണത്തിന് പിന്നിലെന്നും ഗിസെപ്പെ ആരോപിച്ചു. അഞ്ചുപേരടങ്ങുന്ന സംഘം പസോലിനിയെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുന്നത് കണ്ടെന്നും മറ്റൊരാള്‍ വെളിപ്പെടുത്തുകയുണ്ടായി. പക്ഷേ, ആ മരണം അപ്പോഴേക്കും അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞിരുന്നു.

ഇരുള്‍കാലം
പസോലിനിയുടെ മരണകാലം ഇറ്റലിയുടെ ചരിത്രത്തിലെ ഇരുള്കാലമാണ്. തീവ്രവാദികള്‍ ബൊളോഗ്ന റെയിൽവേ സ്റ്റേഷന് തീവച്ച് എണ്‍പതോളം മനുഷ്യരെ കൊന്നത് പസോലിനി മരിച്ച് അധികം വൈകാതെയാണ്. മുന്‍പ്രധാനമന്ത്രി ആല്‍ഡോ മൊറോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും അക്കാലത്തുതന്നെ.
കാലങ്ങള്‍ക്കിപ്പുറം ഇറ്റലിയില്‍ ചിലര്‍ക്കെങ്കിലും പസോലിനി രക്തസാക്ഷിയാണ്. ഭരണകൂട ഭീകരതയുടെയും വ്യവസ്ഥിതി മുന്നോട്ടുവെക്കുന്ന സദാചാര കാപട്യത്തിന്റെയും നിത്യ വിമര്‍ശകനായിരുന്നു പസോലിനി. ജീവിച്ചിരുന്ന കാലമത്രയും ഇറ്റലിയില്‍ വിമതമുഖമായിരുന്നു അദ്ദേഹം. അങ്ങനെയൊരാളെ ഇല്ലാതെയാക്കാന്‍ സദാചാരത്തേക്കാള്‍ വലിയ ആയുധം മറ്റെന്താണുള്ളത്. ഫാസിസ്റ്റ് വിരുദ്ധനായി മകനെ വളര്‍ത്തിയെടുത്ത അമ്മ സൂസന്ന ജീവിച്ചിരിക്കെയായിരുന്നു പസോലിനിയുടെ മരണം. മകന്റെ ഇതിഹാസ ചലച്ചിത്രമായ 'ഗോസ്പല്‍ അക്കോഡിങ് ടു മാത്യു'വില്‍ ക്രിസ്തുവിന്റെ അമ്മയായി അവര്‍ വേഷമിട്ടു. മഹാവ്യസനം നിറഞ്ഞ മുഖവുമായി കുരിശിന് ചുവട്ടിലിരിക്കുന്ന മേരിയായിരുന്നു ഒരു രംഗത്തില്‍ അവര്‍. ജീവിതത്തില്‍ മകന്റെ മരണപേടകത്തിനരികിലും ആ വ്യസനം ആവര്‍ത്തിച്ചു. എന്റെ മകനെ എന്തിന് കൊന്നു എന്ന അവരുടെ ചോദ്യവും ആവര്‍ത്തിക്കപ്പെട്ടു.
Content Highlights: life and death of Pier Paolo Pasolini
Published: 10 Nov 2024, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented