പട്‌നയിലെ ഓൺലൈൻ ട്യൂട്ടറാണ് ഖാൻ സാർ. ഫൈസൽ ഖാൻ എന്നാണ് യഥാർഥപേര്. പഠിപ്പിച്ചുതുടങ്ങിയപ്പോൾ അദ്ദേഹം തന്നെയിട്ട പേരാണ്, ഖാൻ സാർ. തന്റേതായ ശൈലിയിലുള്ള പഠനരീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എപ്പോഴും വാർത്തകളിൽ നിറയാറുണ്ട് അദ്ദേഹം. എന്നാൽ ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധനേടുന്നു.

കൈയിൽ ഒരു വലിയകെട്ട് രക്ഷാബന്ധനുമായാണ് വീഡിയോയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇതെല്ലാം തന്റെ വിദ്യാർഥികളാണ് തനിക്ക് കെട്ടിത്തന്നതെന്നും അദ്ദേഹം പറയുന്നു. താനും വിദ്യാർഥികളും തമ്മിലുള്ള ബന്ധമാണിത് കാണിക്കുന്നതെന്നും ഖാൻ പറയുന്നു.

''എല്ലാ വിദ്യാർഥിനികളെയും ഞാൻ സഹോദരിമാരായിട്ടാണ് കണക്കാക്കുന്നത്. അവരുടെ സ്‌നേഹം എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു. ഈ കലിയുഗത്തിലും ഇത്രയും സ്‌നേഹം കിട്ടുകയെന്നത് ഭാഗ്യമാണ്''. രക്ഷാബന്ധന്റെ കെട്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 15,000-ത്തിലേറെ വിദ്യാർഥിനികളാണ് തനിക്ക് രക്ഷാബന്ധൻ കെട്ടിത്തന്നതെന്നും ഖാൻ പറയുന്നു. ''ഇതിനെന്തൊരു ഭാരമാണ്. ഉയർത്താൻപോലും പറ്റുന്നില്ല''. ജാതി-മത വ്യത്യാസമില്ലാതെയാണ് തനിക്ക് അവർ രക്ഷാബന്ധൻ കെട്ടിത്തന്നതെന്നും ഇതിനേക്കാൾ നല്ലൊരു ഉത്സവം വേറെയില്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു.

സാധാരണയായി രക്ഷാബന്ധൻ കെട്ടിക്കഴിഞ്ഞാൽ സഹോദരൻ, സഹോദരിക്ക് സമ്മാനം കൊടുക്കാറുണ്ട്. ഇവിടെ തന്റെ സഹോദരിമാർക്ക് ഖാൻ സമ്മാനവും വാഗ്ദാനം ചെയ്തു. 99 രൂപ വരുന്ന സൗജന്യ ക്രാഷ് കോഴ്‌സാണ് അദ്ദേഹത്തിന്റെ സമ്മാനം.

വലിയ ആഘോഷമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പട്‌നയിലെ ശ്രീ കൃഷ്ണ മെമ്മോറിയൽ ഹാളിൽവെച്ചായിരുന്നു പരിപാടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 156 വിഭവങ്ങളാണ് വിദ്യാർഥികൾക്കായി തയ്യാറാക്കിയത്. 2023-ലും ഇതേപോലെ പരിപാടി സംഘടിപ്പിച്ചിരുന്നു അദ്ദേഹം. അന്ന് 7000 രക്ഷാബന്ധനാണ് അദ്ദേഹത്തിന്റെ കൈയിൽ കെട്ടിക്കൊടുത്തത്. അത് ലോകറെക്കോർഡുമായി.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ഖാന്റെ ജനനം. പഠനകാലത്തുതന്നെ കുട്ടികൾക്കായി ട്യൂഷൻ എടുത്തുതുടങ്ങിയിരുന്നു. ചെറുപ്പത്തിൽ സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം. അതിനായി സൈനിക് സ്‌കൂളിൽ ചേരാൻ തീരുമാനിച്ചു. പക്ഷേ പ്രവേശനം കിട്ടിയില്ല. പോളിടെക്‌നിക്കിൽ ചേരാൻ ശ്രമിച്ചപ്പോൾ, അതും നടന്നില്ല. സുഹൃത്തുക്കൾക്കൊപ്പം ചെറിയ ട്യൂഷൻ സെന്റർ തുടങ്ങി. പക്ഷേ, അവരിൽ പലരും അദ്ദേഹത്തെ വഞ്ചിച്ചു. 50 രൂപ പോലും കൈയിലില്ലാത്ത കാലത്തെക്കുറിച്ച് പിന്നീട് പലപ്പോഴും ഖാൻ പറഞ്ഞിട്ടുണ്ട്. ഒടുവിൽ അലഹബാദ് സർവകലാശാലയിൽനിന്ന് ഡബിൾ മാസ്റ്റേഴ്‌സ് എടുത്തു ഖാൻ. 2019-ലാണ് ഖാൻ റിസർച്ച് സെന്റർ എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ഇന്ന് 20 ലക്ഷമാണത്രെ അദ്ദേഹത്തിന്റെ മാസവരുമാനം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi