നടനും നിർമാതാവും സംവിധായകനുമായ കരൺ ജോഹർ. അദ്ദേഹം സംവിധാനത്തിലേക്ക് കടക്കുന്നത് 'കുച്ച് കുച്ച് ഹോതാ ഹെ' എന്ന സിനിമയിലൂടെയാണ്. ഷാരൂഖ് ഖാൻ, കജോൾ, സൽമാൻ ഖാൻ, റാണി മുഖർജി എന്നിവരാണ് സിനിമയിൽ അഭിനയിച്ചത്. ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ മറക്കാനാവാത്തൊരു അനുഭവം പങ്കുവെക്കുകയാണ് കരൺ ഇപ്പോൾ.

''ആ സിനിമയിലാണ് സൽമാനുമൊത്ത് ഞാനാദ്യമായി ജോലി ചെയ്യുന്നത്. സൽമാൻ അന്ന് വലിയ താരമാണ്. അതുകൊണ്ട് അദ്ദേഹത്തോട് എന്തെങ്കിലും പറഞ്ഞുസമ്മതിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു. അന്ന് ഞാൻ തകർന്നുപോയി. സെറ്റിലെ ആദ്യദിവസം ഷൂട്ടിങ് നടക്കുകയാണ്. വിവാഹത്തോടനുബന്ധിച്ചുള്ള പാട്ടുസീനാണ് ഷൂട്ട് ചെയ്യേണ്ടത്. സൽമാനാണ് വരൻ. അദ്ദേഹം അങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതും. ഞാൻ സൽമാന്റെ വാനിറ്റി വാനിലേക്ക് കയറിച്ചെന്നു. അദ്ദേഹം ഒരു ടീ-ഷർട്ടും ജീൻസും ധരിച്ചിരിക്കുകയായിരുന്നു. അതുകണ്ട് ഞാൻ സൽമാനോട് ചോദിച്ചു, 'ഇതൊരു വലിയ സെറ്റാണെന്ന് അറിയാമോ?' അതിനു സൽമാൻ നൽകിയ മറുപടിയിങ്ങനെ, 'അതെ, പക്ഷേ ഒരു വരൻ ജീൻസും ടീ-ഷർട്ടും ധരിച്ചുവന്നാൽ അത് പുതിയ സ്റ്റൈലായി മാറും'. അദ്ദേഹം ആകെ ആവേശത്തിലായിരുന്നു. വരൻ ജീൻസും ടീ-ഷർട്ടും ധരിച്ചുവന്നാൽ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ച് എനിക്കാകെ ടെൻഷനായി. ഞാൻ ആ വാനിൽ തന്നെ ഇരുന്ന് കരയാൻ തുടങ്ങി'', കരൺ ഓർക്കുന്നു. അതോടെ സൽമാൻ മാറിയെന്നും കരൺ പറയുന്നു.

''ഞാൻ കരയുന്നത് കണ്ടപ്പോഴേക്കും സൽമാൻ പരിഭ്രാന്തനായി. അദ്ദേഹം ഉടനെ തന്നെ പറഞ്ഞു, 'വേണ്ട, വേണ്ട, ഞാൻ സ്യൂട്ട് ധരിച്ചോളാം'. ഉടനെ വസ്ത്രം മാറുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ ആ ഗാനരംഗം ചിത്രീകരിച്ചത്''. 'മാന്യവർ ശാദി ഷോ'യിൽ സംസാരിക്കവയൊണ് കരൺ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

1998-ൽ റിലീസായ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറി 'കുച്ച് കുച്ച് ഹോതാ ഹെ'. 10 കോടിക്ക് നിർമിച്ച സിനിമ 100 കോടിയിലേറെ ബോക്‌സോഫീസിൽനിന്ന് കളക്ട് ചെയ്തു. ആ വർഷത്തെ മികച്ച ജനകീയചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും കരസ്ഥമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi