26 വർഷം മുമ്പ് പുറത്തിറങ്ങിയ 'കുച്ച് കുച്ച് ഹോതാ ഹെ' എന്ന സിനിമ. ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു അതിന്. കരൺ ജോഹർ ആദ്യമായി സംവിധായകന്റെ വേഷമണിയുന്നു. മൗറീഷ്യസിലെയും സ്‌കോട്ട്‌ലാൻഡിലെയും മനോഹരമായ ഭൂപ്രകൃതി ഭംഗി കൂട്ടിയ ഫ്രെയിമുകൾ, ആളുകളുടെ പ്ലേലിസ്റ്റിൽ ഇന്നും ഇടംപിടിച്ച പാട്ടുകൾ, ഷാരൂഖ് ഖാൻ-കജോൾ കൂട്ടുകെട്ട്...അതിനൊപ്പം തന്നെ മറ്റൊരു താരത്തിന്റെ ഉദയം കൂടിയായിരുന്നു സിനിമ, റാണി മുഖർജി. സിനിമ പരാജയപ്പെട്ടതിന്റെ പേരിൽ അഭിനയം തന്നെ ഉപേക്ഷിച്ചുപോയ റാണിയെ പിടിച്ചുനിർത്തിയത് 'കുച്ച് കുച്ച് ഹോതാ ഹെ'-യാണ്. റാണിയുടെ ടീനയും കജോളിന്റെ അഞ്ജലിയും ഷാരൂഖിന്റെ രാഹുലും ഇപ്പോഴും പ്രേക്ഷകർ മറന്നിട്ടില്ല.
ഈ മാസമാദ്യം നടന്ന ഐഫ അവാർഡ്‌സിൽ റാണി മുഖർജിയെയും ഷാരൂഖ് ഖാനെയും കണ്ടപ്പോൾ പലരും ട്വിറ്ററിൽ കുറിച്ചു, 'കുച്ച് കുച്ച് ഹോതാ ഹെ ഓർമവരുന്നു'. ആ സിനിമയാണ് റാണി മുഖർജി എന്ന അഭിനേത്രിയുടെ കരിയറിൽ ആളുകളേറ്റവും കൂടുതൽ ഓർത്തിരിക്കുന്നതും. ''അത് വളരെ ചാലഞ്ചിങ് ആയിട്ടുള്ള റോളായിരുന്നു. അതും കരിയറിന്റെ തുടക്കകാലം. ഒരുകുട്ടിയുടെ അമ്മയായി അഭിനയിക്കുന്നു. നല്ല പേടിയുണ്ടായിരുന്നു എനിക്ക്'', റാണി ഓർക്കുന്നു.
സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ റാം മുഖർജിയുടെ മകൾ, റാണി മുഖർജി. കുട്ടിക്കാലം മുതലേ അച്ഛന്റെ സിനിമകൾ കണ്ടുവളർന്ന റാണിയെ സംബന്ധിച്ചിടത്തോളം സിനിമ പുതുമയുള്ള കാഴ്ചയായിരുന്നില്ല. പതിനഞ്ച് വയസ്സുള്ളപ്പോൾ തന്നെ റാണിയെ തേടി വലിയൊരു അവസരമെത്തി. സൽമാൻ ഖാന്റെ പിതാവും അഭിനേതാവും തിരക്കഥാകൃത്തുമായ സലീം ഖാൻ ഒരിക്കൽ റാം മുഖർജിയെ കാണാനെത്തി. പുതിയ സിനിമയിലേക്ക് നായികാവേഷം ചെയ്യാൻ മകൾക്ക് താത്പര്യമുണ്ടോ എന്നറിയാനാണ് അദ്ദേഹം വന്നത്. പക്ഷേ, ചെറുപ്രായത്തിൽ തന്നെ മകൾ സിനിമയിൽ വരുന്നതിനോട് അച്ഛന് താത്പര്യമില്ലായിരുന്നു. അതൊരു മുഴുവൻ സമയ കരിയർ ആക്കുന്നതിനോടും.
18 വയസ്സ് തികഞ്ഞയുടൻ റാണിയെ തേടി വീണ്ടും അവസരമെത്തി. ഇത്തവണ അമ്മയുടെ ആഗ്രഹംകൊണ്ടാണ് ഒരു സിനിമയിൽ അഭിനയിച്ചുനോക്കാമെന്ന് റാണി തീരുമാനിക്കുന്നത്. ''നീയൊന്ന് അഭിനയിച്ചുനോക്കൂ. പറ്റുന്നില്ലെങ്കിൽ പഠനം തുടരാമല്ലോ എന്നാണ് അമ്മ പറഞ്ഞത്. അന്നെനിക്ക് ആ പറഞ്ഞതിന്റെ അർഥം പൂർണമായും മനസ്സിലായിരുന്നില്ല. വീട്ടിലെ അവസ്ഥയാണ് അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതെന്ന് പിന്നീടാണ് ബോധ്യമാവുന്നത്. സാമ്പത്തികമായി അത്ര മെച്ചമായിരുന്നില്ല ഞങ്ങളുടേത്. പക്ഷേ കുട്ടികളായ ഞങ്ങളെ അതറിയിച്ചിരുന്നില്ലെന്ന് മാത്രം''.
'രാജാ കി ആയേഗി ബാരാത്' എന്ന ആ സിനിമയിലെ റാണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ സിനിമ പരാജയപ്പെട്ടതോടെ സിനിമയെന്ന സ്വപ്‌നം മറന്ന് പഠനത്തിലേക്ക് തിരിഞ്ഞു റാണി. അപ്പോഴേക്കും റാണിയുടെ ബന്ധു കൂടിയായ കജോൾ ബോളിവുഡിലെ സൂപ്പർതാരമായി കഴിഞ്ഞിരുന്നു. അതുകണ്ടപ്പോൾ സിനിമാമോഹം വീണ്ടും പൊടിതട്ടിയെടുത്തു. രണ്ടുവർഷത്തിനുശേഷം ആമിർ ഖാന്റെ 'ഗുലാം' എന്ന സിനിമയിൽ അവസരം കിട്ടി. റാണിയുടെ ആദ്യത്തെ കൊമേഴ്‌സ്യൽ ഹിറ്റ്. പുറകെ എക്കാലത്തെയും ഹിറ്റ് സിനിമയായ 'കുച്ച് കുച്ച് ഹോതാ ഹെ'യിലും, പുറകെ 'ഹലോ ബ്രദറി'ൽ സൽമാൻ ഖാന്റെ നായികയായി. അതോടെ ബോളിവുഡിലെ തിരക്കുപിടിച്ച താരമായി അവർ. ചോരി ചോരി ചുപ്‌കെ ചുപ്‌കെ, നായക്, സാഥിയ, വീർ സാറ, ഹം തും, ചോരി ചോരി, ബണ്ടി ഓർ ബബ്ലി...ഇങ്ങനെ എത്രയെത്ര സിനിമകൾ.

തന്റെ കഥാപാത്രത്തിന്റെ വിജയത്തിനുവേണ്ടി എത്ര കഷ്ടപ്പെടാനും അവർ തയ്യാറായിരുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ 'ബ്ലാക്ക്' എന്ന സിനിമയിലേക്കുള്ള അവസരം കിട്ടിയപ്പോൾ ആദ്യം അവർ വേണ്ടെന്നുവെച്ചു. അന്ധയും ബധിരയും മൂകയുമായ ഒരു കഥാപാത്രമായിരുന്നു റാണിക്ക് സിനിമയിൽ. അത് തന്നെക്കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്ന ഭയമായിരുന്നു ആദ്യം. എന്നാൽ, പിന്നീട് സമ്മതംമൂളി. മാത്രമല്ല, ആ കഥാപാത്രത്തിനായി മുംബൈയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിസ്റ്റ്യൂട്ടിൽ ചേർന്നു. ആംഗ്യഭാഷയും മറ്റും പഠിക്കുന്നതിനുവേണ്ടിയായിരുന്നുവത്. ഡയലോഗുകളൊന്നും ഇല്ലാതിരുന്നിട്ടും റാണിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പക്ഷേ ഒരവസരത്തിൽ കരിയർ മുന്നോട്ട് പോവുന്നില്ലെന്ന് റാണിക്ക് തോന്നിത്തുടങ്ങി. അതോടെ കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിക്കാതെ സെലക്ടീവ് ആവാൻ തീരുമാനിച്ചു. നല്ല റോളാണെങ്കിൽ സഹനടിയാവാനും അവർക്ക് മടിയില്ലായിരുന്നു. അങ്ങനെയാണ് കമൽഹാസന്റെ 'ഹേ റാ'മിൽ ചെറിയൊരു റോളിൽ അഭിനയിക്കാൻ അവർ സമ്മതിച്ചത്. എന്നിട്ടും വിജയിക്കുന്നില്ലെന്ന് തോന്നിയപ്പോൾ റാണി തടികുറച്ച്, മേക്കോവർ നടത്തി. അതിനിടയിൽ 'അയ്യാ' എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി. പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് സിനിമ. പക്ഷേ അതും വിജയിച്ചില്ല.

അതിനിടയിൽ ആക്ഷൻസിനിമകളിലും റാണി അഭിനയിച്ചുതകർത്തു. അതുവരെ റൊമാന്റിക് സിനിമകളിൽ മാത്രം അഭിനയിച്ചിരുന്ന റാണിയുടെ മറ്റൊരു മുഖം. അതിൽ പ്രധാനപ്പെട്ടതാണ് 'മർദാനി' എന്ന സിനിമ. ആക്ഷൻസീനുകളിൽ നല്ല പ്രകടനമാണ് റാണി കാഴ്ചവെച്ചത്. ആദിത്യ ചോപ്ര നിർമിച്ച ആ സിനിമയോടെ തത്കാലത്തേക്ക് അവർ അഭിനയത്തോട് വിടപറഞ്ഞു.
വിവാഹജീവിതത്തിലേക്ക്...
2014-ലാണ് നിർമാതാവായ ആദിത്യ ചോപ്രയുമായുള്ള വിവാഹം നടക്കുന്നത്. അതിനും എത്രയോ മുമ്പേ പാപ്പരാസികൾ ചർച്ച ചെയ്തുകൊണ്ടിരുന്നതായിരുന്നു റാണി-ആദിത്യ ബന്ധം. ഇറ്റലിയിൽ വെച്ചൊരു സ്വകാര്യചടങ്ങ് തന്നെയായിരുന്നു ആ വിവാഹവും. തൊട്ടടുത്തവർഷം അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. അതോടെ പൂർണമായും സിനിമയിൽനിന്ന് റാണി മാറിനിന്നു. ''അമ്മയും ഭാര്യയുമായുള്ള ആ വർഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകൾ'', റാണി പിന്നീട് പറഞ്ഞു.
എന്നും തന്റെ സ്വകാര്യജീവിതം സ്വകാര്യമായി തന്നെ വെക്കാനിഷ്ടപ്പെടുന്നയാളാണ് റാണി. അതുകൊണ്ട് പലപ്പോഴും ആളുകളുടെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടിവന്നിട്ടുമുണ്ട്. ഒരിക്കൽ അതിനെക്കുറിച്ച് അവർ തുറന്നുപറഞ്ഞിട്ടുണ്ട്. ''ഇപ്പോഴത്തെ താരങ്ങൾ മീഡിയയോട് കൂടുതൽ അടുപ്പമുളളവരാണ്. പക്ഷേ അത് എന്നെപ്പോലുള്ള താരങ്ങൾക്ക് പ്രശ്‌നമാണ്. കാരണം, ഞാൻ അങ്ങനെ എല്ലാ കാര്യങ്ങളും തുറന്നുസംസാരിക്കാൻ ഇഷ്ടപ്പെടുന്നയാളല്ല. അതുകൊണ്ട് മീഡിയ എന്നെ ഏകാന്തത ഇഷ്ടപ്പെടുന്നയാൾ എന്നൊക്കെ ലേബൽ ചെയ്യാൻ തുടങ്ങി''. ഇതുവരെ തങ്ങളുടെ മകളുടെ ചിത്രങ്ങൾ റാണിയോ ആദിത്യയോ പുറത്തുവിട്ടിട്ടില്ല. അത്രത്തോളം സ്വകാര്യതയ്ക്ക് അവർ പ്രാധാന്യം കൊടുക്കുന്നുണ്ട്.

വിവാഹശേഷം ആദിത്യയുടെ നിർബന്ധം കൊണ്ടു കൂടിയാണ് റാണി സിനിമയിലേക്ക് തിരിച്ചുവരുന്നത്. തിരിച്ചുവരവിൽ മർദാനി 2, ഹിച്ച്കി, ബണ്ടി ഓർ ബബ്ലി 2...നല്ല കഥാപാത്രങ്ങൾ അവരെ തേടിയെത്തി. ഏറ്റവുമൊടുവിൽ റാണി അഭിനയിച്ച 'മിസിസ് ചാറ്റർജി വേഴ്‌സസ് നോർവെ' എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടികളെ വിട്ടുകിട്ടുന്നതിനായി നോർവെ എന്ന രാജ്യവുമായി നിയമപോരാട്ടത്തിലേർപ്പെട്ട സ്ത്രീയുടെ കഥയാണത്. മർദാനി സീരീസിലെ അടുത്ത പടത്തിനായുള്ള തയ്യാറെടുപ്പിലാണ് റാണി.

കജോളിന്റെ അനുജത്തി
റാണി മുഖർജിയുടെ അച്ഛൻ രാം മുഖർജിയുടെ സഹോദരനാണ് കജോളിന്റെ പിതാവ് ഷോമു മുഖർജി. റാണി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത്, കജോൾ താരമായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും ഇരുവർക്കുമിടയിൽ അടുപ്പമുണ്ടായിരുന്നില്ല. വർഷങ്ങൾക്കുശേഷമാണ് അവർ പരസ്പരം മിണ്ടാൻ പോലും തുടങ്ങിയത്. 'കോഫി വിത്ത് കരണി'ൽ കജോളും റാണിയും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ''എന്തായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്‌നമെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ, തീരെ അടുപ്പമോ ബന്ധമോ ഉണ്ടായിരുന്നില്ല. കജോളിന്റെ അച്ഛനുമായി ഞാൻ നല്ല ക്ലോസായിരുന്നു. അദ്ദേഹം മരിച്ചപ്പോഴാണ് കജോളും ഞാനും തമ്മിൽ ശരിക്ക് സംസാരിക്കാൻ തന്നെ തുടങ്ങിയത്. കുടുംബത്തിൽ വിഷമങ്ങളുണ്ടാവുമ്പോഴാണല്ലോ ആളുകൾക്കിടയിൽ അടുപ്പം കൂടുന്നതും. അതുമാത്രമല്ല, 17 വയസ്സുള്ളപ്പോൾ ഉള്ളതുപോലെയാവില്ല നമുക്ക് 40 വയസ്സാവുമ്പോൾ. പക്വത കൂടുമല്ലോ സ്വാഭാവികമായും'', റാണി ആ നാളുകളെക്കുറിച്ച് പറഞ്ഞതിങ്ങനെ.
Content Highlights: lifestory of rani mukerji
Published: 09 Oct 2024, 10:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented