നടിയും എംപിയുമായ കങ്കണാ റണൗട്ടിന്റെ മംഗൾസൂത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. അടുത്തിടെ പൊതുഇടത്തിൽ കങ്കണ മംഗൾസൂത്ര അണിഞ്ഞെത്തിയതോടെ അവരുടെ വിവാഹം കഴിഞ്ഞുവെന്ന അനുമാനത്തിലാണ് പലരും.

വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളിൽ, സൽവാർ സ്യൂട്ടിൽ ലളിതമായ ലുക്കിലാണ് കങ്കണ. കഴുത്തിലുണ്ടായിരുന്ന മംഗൾസൂത്ര എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പച്ച വളകൾ, കണ്ണട എന്നിവയും അവർ ധരിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം കെട്ടിടത്തിൽ നിന്ന് കാറിലേക്ക് പോകുമ്പോഴുള്ള നടിയുടെ വീഡിയോയാണ് പുറത്തുവന്നത്. പല ആരാധകരും കങ്കണ രഹസ്യമായി വിവാഹിതയായിരിക്കുമോ എന്ന സംശയമാണ് പ്രകടിപ്പിക്കുന്നത്.

ഫോട്ടോഗ്രാഫർമാരുമായി സംസാരിക്കാനോ ചിത്രങ്ങൾ എടുക്കാനോ നിൽക്കാതെ, പെട്ടെന്ന് തന്നെ കങ്കണ കാറിലേക്ക് കയറി. മംഗൾസൂത്രയണിഞ്ഞെത്തിയാൽ തീർച്ചയായും ക്യാമറയിൽ അത് പകർത്തുമെന്ന് അവർക്കറിയാമായിരുന്നു, അതുകൊണ്ടാണത് പുറത്ത് കാണിച്ചത്. ആരാണെങ്കിലും, അവർ വിവാഹിതയായെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്, എന്തുകൊണ്ട് പാടില്ല, അവർക്ക് 41 വയസ്സുണ്ട്, അവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകട്ടെ, അവസാനം കങ്കണ വിവാഹിതയായി, അവർ ഒരു മഹാരാഷ്ട്രക്കാരനെയാണ് വിവാഹം ചെയ്തത് എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ.

'ക്വീനി'ന്റെ രണ്ടാം ഭാഗമായ 'Queen Forever' സിനിമയുടെ സെറ്റിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ പകർത്തിയതാണ് ഈ വീഡിയോ എന്നും സൂചനയുണ്ട്. ചിത്രീകരണത്തിന്റെ ഭാഗമാണോ ഈ മംഗൾസൂത്ര, അതോ ഒരു ലുക്ക് ടെസ്റ്റ് മാത്രമായിരുന്നോ എന്നു വ്യക്തമല്ല. വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിൽ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

സിനിമാരംഗത്ത് 20 വർഷം പൂർത്തിയാക്കിയ കങ്കണ 18-ാം വയസ്സിൽ 'ഗാങ്സ്റ്റർ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 'എമർജൻസി'യിലാണ് അവർ അവസാനം അഭിനയിച്ചത്. 2024 മുതൽ, കങ്കണ തന്റെ ജന്മനാടായ മാണ്ഡിയിൽ നിന്നുള്ള പാർലമെന്റ് അംഗം കൂടിയാണ്. ഭാരതീയ ജനതാ പാർട്ടി ടിക്കറ്റിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അവർ പാർലമെന്റിലെത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi