വീട്ടിലേക്കൊരു വളര്‍ത്തുമൃഗം കൂട്ടുകൂടാനെത്തുമ്പോള്‍ വര്‍ഷങ്ങള്‍ നീളുന്ന ഒരു മനോഹര ബന്ധത്തിന്റെ തുടക്കമായി. ഉടമയുടെ ജീവിതം മനോഹരമാക്കാന്‍ തനിക്ക് യോജിച്ച വളര്‍ത്തുമൃഗത്തെ തന്നെ തിരഞ്ഞെടുക്കേണ്ടിവരും.
തിരഞ്ഞെടുപ്പ്
നായ, പൂച്ച, പക്ഷി… തുടങ്ങി പെറ്റ് വിപണിയിലെ താരങ്ങള്‍ നിരവധിയാണ്. അറിവും മുന്‍പരിചയവുമില്ലെങ്കില്‍ നമുക്ക് അനുയോജ്യനായ ഇണയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. ഏറെ ഗവേഷണവും ഗൃഹപാഠവും ഇതിനാവശ്യമെന്ന് ചുരുക്കം. ഉടമയുടെ ആവശ്യമെന്തെന്ന് ആദ്യം അറിയണം. ഓരോരുത്തരും ഒരു പെറ്റിനെ സ്വന്തമാക്കാന്‍ ഒരു കാരണമുണ്ടാകും. വീട്ടിലെ കുട്ടികള്‍ക്ക് കളിക്കൂട്ടുകാരനായി പക്ഷിമൃഗങ്ങളെ വാങ്ങുന്നവരുമുണ്ട്. ചിലര്‍ക്ക് ഉറ്റ സുഹൃത്തായി മാറ്റുവാനാണ് ഉദ്ദേശം. എന്നാല്‍ സൗന്ദര്യമാസ്വദിക്കാന്‍ ഇവയെ സ്വന്തമാക്കുന്നവരുമുണ്ട്. ഓമന മൃഗങ്ങളുടെ പരിശീലനവും പ്രദര്‍ശനവും ഹോബിയും വരുമാനമാര്‍ഗ്ഗമാക്കുന്നവരും കുറവല്ല. ഓരോ മൃഗത്തിന്റെയും പക്ഷിയുടേയും ശാരീരിക, സ്വഭാവ സവിശേഷതകള്‍, പ്രത്യേക ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുകയാണ് പ്രധാനം. ഉടമയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും അവലോകനം നടത്തണം. കുടുംബത്തില്‍ ഒറ്റയ്ക്കാണോ അതോ മറ്റ് മുതിര്‍ന്നവരും കുട്ടികളും ഉണ്ടോയെന്ന് അന്വേഷിക്കാനും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടോയെന്നും ആത്മപരിശോധന നടത്തണം. ടി.വി യുടെ മുന്‍പില്‍ ചടഞ്ഞുകൂടുന്നവര്‍ക്ക് അവര്‍ക്ക് ചേരുന്ന കൂട്ടുകാരെ കിട്ടും. കുടുംബത്തിലെ ഒരംഗമായി മാറുന്ന പെറ്റിന്റെ വില നിര്‍ണ്ണയിക്കാനാവില്ലെങ്കിലും അവര്‍ക്കായി ചെലവഴിക്കാന്‍ കഴിയുന്ന തുകയെക്കുറിച്ച് കണക്ക് വേണം. വാടക വീട്ടില്‍ കഴിയുന്നവരും സ്ഥിരം യാത്ര പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. യാത്രയില്‍ ഒപ്പം കൂട്ടാനുള്ള ഉദ്ദേശ്യം, എത്ര കാലത്തേക്കാണ് വളര്‍ത്താനുള്ള താല്‍പര്യം എന്നിവയും പരിഗണിക്കണം.
പട്ടിയോ പൂച്ചയോ
ചെറുപ്പം മുതല്‍ വീടുകളില്‍ പട്ടിയോ പൂച്ചയോ ഉളളവര്‍ക്ക് തനിക്ക് യോജിച്ചത് ഏതെന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ ആദ്യമായി ഒരു പെറ്റിനെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലായേക്കാം. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഏറെ ഘടകങ്ങളെ അശ്രയിച്ചിരിക്കുന്നു. പട്ടിയ്ക്കും, പൂച്ചയ്ക്കും പ്രത്യേക ആവശ്യങ്ങളും, സ്വഭാവ വിശേഷങ്ങളുമുണ്ട്. അതോടൊപ്പം ഉടമയുടെ ജീവിതരീതിയും, വ്യക്തിപരമയ ഇഷ്ടങ്ങളും പരിഗണിക്കണം. ഊര്‍ജ്ജസ്വലരായി വീടിനു പുറത്ത് സജീവമാകുന്നവര്‍ നായകളെ പരിഗണിക്കാറുണ്ട്. ശുദ്ധവായുവും, നടപ്പും, വ്യായാമവുമൊക്കെ നായക്കള്‍ക്ക് ഏറെ ഇഷ്ടമാണ്. പൂന്തോട്ടവും വിശാലമായ കൃഷിയിടവും, മൈതാനവും പാര്‍ക്കുകളും ഒക്കെ ലഭ്യമായവര്‍ക്ക് നായതന്നെ നല്ലത്. നിരന്തര യത്രകളില്‍ ഒപ്പം കൂട്ടാനും നായ കൊള്ളാം. മികച്ച പരിശീലനവും, ശ്രദ്ധയും നല്‍കിയാല്‍ ജീവിതം മുഴുവന്‍ കരുതലേറെയുള്ള വിശ്വസ്തനും, കളിക്കൂട്ടുകാരനും സംരക്ഷകനുമാകാന്‍ നായകള്‍ക്ക് കഴിയും പരിമിത സ്ഥല സൗകര്യങ്ങളുള്ള തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് പൂച്ചകളാകും ചേര്‍ച്ചയുള്ളവര്‍. ഉടമയെ ഏറെ ആശ്രയിക്കാതെ ശാന്തനായി ഒറ്റയാനായി അല്‍പ്പം ഉറക്കവും കറങ്ങിയടിക്കലുമായി സ്വയം പര്യാപ്തനാകാന്‍ പൂച്ചയ്ക്ക് കഴിയുന്നു. നടത്തമോ, വ്യയാമമോ നിര്‍ബന്ധമില്ലാതെ പുറത്തല്‍പമൊന്നു പോകാന്‍ കഴിഞ്ഞാല്‍ ദിവസം മുഴുവന്‍ സ്വയം രമിക്കാന്‍ ഇവര്‍ക്ക് കഴിയും. അല്‍പ്പം കളിയും, ശ്രദ്ധയും, രോമം മിനുക്കലൊക്കെ നല്‍കിയാല്‍ ഇവര്‍ തൃപ്തര്‍. കൃത്യമായി ഭക്ഷണവും വിസര്‍ജനത്തിന് ലിറ്റര്‍ ബോക്സും, പാദങ്ങള്‍ ഉരുമാന്‍ പോസ്റ്റുകളും നല്‍കിയാല്‍ ഇവര്‍ സംതൃപ്തര്‍. ഇരുജീവികളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വീട്ടില്‍ രണ്ടിനേയും വളര്‍ത്താം. അല്‍പ്പം ശ്രദ്ധ അധികം വേണമെന്നു മാത്രം. കൃത്യമായ സാഹചര്യമുണ്ടെങ്കില്‍ ഇവര്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. ഒരു കുഞ്ഞിപ്പൂച്ചയേയും, നായക്കുട്ടിയേയും ചെറുപ്പത്തില്‍ത്തന്നെ വീട്ടിലെത്തിച്ചാല്‍ അവര്‍ വേര്‍പിരിയാത്ത സുഹൃത്തുക്കളായിരിക്കും.
നിങ്ങള്‍ക്കിണങ്ങിയ നായ
വേട്ട നായ്ക്കള്‍ (Hound), നായാട്ടുകാര്‍ (Gundogs), ടെറിയറുകള്‍ (Terriers), കാവല്‍ക്കാര്‍ (Working dogs), ആവശ്യത്തിനുള്ളവര്‍ (Utility group), കളിക്കൂട്ടുകാര്‍ (Toy dogs) തുടങ്ങി വിവിധ വിഭാഗങ്ങളിലായി നാനൂറോളം നായ ജനുസ്സുകള്‍ ലോകത്തുണ്ട്. ഇവയില്‍ നൂറിലധികം ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയോരോന്നിനും പ്രത്യേക സ്വഭാവ സവിശേഷതകളും, ആവശ്യങ്ങളുമുണ്ട്. നമ്മുടെ ആവശ്യത്തിന് അനുയോജ്യമായ ഒരു ഇനത്തെ തെരഞ്ഞെടുക്കാന്‍ ഇവയെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. ചിത്രങ്ങള്‍, വീഡിയോ, ശ്വാനപ്രദര്‍ശനങ്ങള്‍, കെന്നലുകള്‍ ഇവയിലൂടെ കൂടുതല്‍ അറിവുകള്‍ നേടാം. തിരഞ്ഞെടുക്കപ്പെടുന്ന ഇനത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ നല്‍കാനുള്ള കഴിവും പരിശോധിക്കണം. സാമ്പത്തിക ഭദ്രത പ്രധാന കാര്യംതന്നെയാണ്.
ഇത്രയും ജനുസ്സുകളില്‍ നിന്ന് ഒരെണ്ണത്തിനെ സ്വന്തമാക്കാന്‍ പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. സാധാരണ ജനുസ്സാണോ സങ്കരയിനമാണോ എന്നത് തീരുമാനിക്കണം. നായയെ വളര്‍ത്തുന്നതിന്റെ കൃത്യമായ ഉദ്ദേശം കണക്കാക്കണം. ഒരു കാവല്‍നായ, സംരക്ഷകന്‍ എന്ന നിലയിലാണോ അതോ ഓമനിക്കാനാണോ വാങ്ങുന്നതെന്ന് തീരുമാനിക്കണം. പ്രജനനമോ, ശ്വാനപ്രദര്‍ശനമോ ലക്ഷ്യമാണോയെന്നതും പ്രധാനമാണ്. വീട്ടിലെ മറ്റ് അംഗങ്ങളുടെ താല്‍പര്യം പരിഗണിക്കണം. നായ ജനുസ്സുകളെ തിരഞ്ഞെടുക്കാനായി പരിഗണിക്കേണ്ട ഘടകങ്ങള്‍ താഴെ പറയുന്നു. നായയുടെ വലിപ്പം, രോമത്തിന്റെ സ്വഭാവം, ഉടമയുമായുള്ള ബന്ധത്തിലെ പ്രതീക്ഷ, താമസസ്ഥലത്തിന്റെ സ്വഭാവം (വീട്, ഫ്ളാറ്റ്), നഗരത്തിലാണോ ഗ്രാമത്തിലാണോ താമസം, പരിശീലന സൗകര്യം, നായവളര്‍ത്തലിലെ മുന്‍പരിചയം, അലര്‍ജി, മറ്റു മൃഗങ്ങളുടെ സാന്നിധ്യം, ജനപ്രിയത, ലഭ്യത തുടങ്ങിയവയാണ്. പല ജനുസ്സുകള്‍ക്കും കൃത്യമായ വ്യായാമം ആവശ്യമാണ്. ഇതിനായി സമയം ചെലവഴിക്കാന്‍ കഴിയുമോയെന്ന് ചിന്തിക്കണം. ശ്രദ്ധിക്കാനാളില്ലാതെ, ഒരു സ്ഥലത്ത് മുഴുവന്‍ സമയവും കെട്ടിയിടപ്പെടാന്‍ വിധിക്കപ്പെടരുത്. ഉടമയുടെ ജീവിതശൈലിക്കിണങ്ങിയ വിധം ഊര്‍ജ്ജസ്വലതയുള്ള നായകളാണ് അനുയോജ്യം. ആണ്‍ നായയോ, പെണ്ണോ എന്നുള്ളതും, നായക്കുട്ടിയോ, വലിപ്പമുള്ളതോ എന്നതും സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കണം. വീട്ടിലെ കുട്ടികളുടെ പ്രായവും, മനോഭാവവും പരിഗണിക്കണം.
പൂച്ച നല്ല പൂച്ച
യജമാന സ്നേഹത്തേക്കാളുപരി വീടിനോടുള്ള സ്നേഹമാണ് പൂച്ചയുടെ പ്രത്യേകത. ഇനിയും മെരുങ്ങാത്ത വന്യഭാവങ്ങള്‍ ഇവയ്ക്കുണ്ട്. നാല്‍പ്പത്തിയഞ്ചോളം ജനുസ്സുകള്‍ ലോകത്തിലുണ്ടെങ്കിലും പേര്‍ഷ്യന്‍, സയാമീസ്, സങ്കരയിനങ്ങള്‍ തുടങ്ങി ചുരുക്കം ജനുസ്സുകളാണ് കേരളത്തില്‍ ലഭ്യം. ഉടമയുടെ താമസ സ്ഥലം (ഫ്ളാറ്റ്/ വീട്, ഗ്രാമം/നഗരം), സ്ഥല ലഭ്യത, ഉടമയുടെ പ്രായം, കുട്ടികളുടെ ശരീര പ്രകൃതം, രോമാവരണം, ഊര്‍ജ്ജസ്വലത, സ്വഭാവം, മാന്യത, സ്നഹപ്രകടനം, സ്വയം പര്യാപ്തത എന്നിവയാണ് പരിഗണിക്കേണ്ടത്. ഫ്ളാറ്റുകളില്‍ വളര്‍ത്താന്‍ യോജിച്ച പേര്‍ഷ്യന്‍ പൂച്ചകള്‍ സ്നേഹപ്രകൃതിയുള്ളവരും, കമ്പിളിരോമക്കെട്ടുകളുള്ളവരുമാണ്. അതിനാല്‍ രോമസംരക്ഷണം പ്രധാനം.
പക്ഷികളെ തേടി
മുന്‍പരിചയം, പക്ഷിയുടെ വലിപ്പം, കുട്ടികളുടെ സുരക്ഷ, താമസ സ്ഥലം, സ്ഥല ലഭ്യത, സമയലഭ്യത, അലര്‍ജി, ശബ്ദശല്യം, സഹവാസത്തിന്റെ പ്രത്യേകതകള്‍ തുടങ്ങിയ നിരവധി പരിഗണനകള്‍ വേണം. ഉടമകള്‍ക്ക് സ്വഭാവ പരിശോധന അല്ലെങ്കില്‍ വ്യക്തിത്വ പരിശോധന നടത്തി അവര്‍ക്ക് പറ്റിയ ഇനങ്ങളെ കണ്ടെത്തുന്ന രീതിയുമുണ്ട്. ഉടമയുടെ സൗഹൃദ സ്വഭാവം, നര്‍മ്മബോധം, സംഗീതാസ്വാദനം, ഇഷ്ടവിഷയങ്ങള്‍ ഇവയൊക്കെ ഇഷ്ടമുള്ള പക്ഷികളെ തിരഞ്ഞെടുക്കാന്‍ സഹായിക്കും.
ഇഷ്ടപ്പെട്ട നായ, പൂച്ച, പക്ഷി ഇവയെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന നിരവധി ചോദ്യാവലികള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. Dog breed selector/Cat breed selector/ Pet bird selector എന്നിങ്ങനെ തിരഞ്ഞാല്‍ ചോദ്യാവലി ലഭിക്കും. ഇവ ഒരു വഴികാട്ടിയായി ഉപയോഗിക്കാമെങ്കിലും അവസാന വാക്കല്ലായെന്നതും ഓര്‍ക്കണം. കൃത്യമായ പഠനങ്ങളും നിരീക്ഷണങ്ങളും വഴിയേ നല്ലൊരു ചങ്ങാതി വീട്ടിലെത്തുകയുള്ളൂ. ഇക്കാര്യത്തില്‍ ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടുന്നതാവും ഉചിതം.
(ലേഖകന്‍, വയനാട് വെറ്ററിനറി സര്‍വകലാശാലയിലെപ്രൊഫസറാണ്.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: how to choose the perfect pet for your lifestyle and home
Published: 21 Jul 2025, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented