ബോളിവുഡ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹുജയും രണ്ടു കുട്ടികൾക്കൊപ്പം ലണ്ടനിലാണ് താമസം. ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ ഇടങ്ങളിലൊന്നായ നോട്ടിങ് ഹില്ലിലാണ് അവർ താമസിക്കുന്നത്. ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച്, മൂന്ന് വർഷം മുമ്പ് ദമ്പതികൾ നോട്ടിങ് ഹില്ലിൽ 21 മില്യൺ പൗണ്ടിന് (270 കോടി രൂപ) ഒരു പഴയ ബംഗ്ലാവ് വാങ്ങിയിരുന്നു. അന്നുമുതൽ ബംഗ്ലാവവിൽ വലിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

പുതിയ, റിപ്പോർട്ടുകൾ അനുസരിച്ച്, ദമ്പതികൾ ബംഗ്ലാവിന് സമീപത്തുള്ള ഒരു കെട്ടിടത്തിൽ 4 മില്യൺ പൗണ്ടിന് (51.4 കോടി രൂപ) അഞ്ച് ഫ്ലാറ്റുകൾ കൂടി വാങ്ങിയിട്ടുണ്ട്. വീട്ടുജോലിക്കാർക്കുള്ള "servant quarters" ആയി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പറയപ്പെടുന്നു. ഈ നീക്കം കെട്ടിടത്തിലെ താമസക്കാരിൽ ആശങ്കയും പ്രതിഷേധവും ഉയർത്തിയിട്ടുണ്ടത്രേ.

കോടീശ്വരരായ ദമ്പതികൾ ഈ ഫ്ലാറ്റുകൾ വാങ്ങുന്നതിൽ താമസക്കാർക്ക് എതിർപ്പാണ്. സമ്പന്നവിഭാഗം ഫ്ലാറ്റുകളിൽ ഭൂരിഭാഗവും സ്വന്തമാക്കുന്നതോടെ തങ്ങളുടെ സ്വസ്ഥജീവിതത്തിന് തടസ്സമുണ്ടാവുമോയെന്നാണ് ഇവരുടെ ഭയം. സ്റ്റാഫ് ക്വാർട്ടേഴ്സ് ആക്കി ഇതിനെ മാറ്റുന്നതിനോട് അവർ യോജിക്കുന്നില്ല. എതിർപ്പ് തുടർന്നും പ്രകടിപ്പിച്ചാൽ ഫ്ലാറ്റുകൾ "സാമൂഹിക ഭവനത്തിനായി" ഉപയോഗിക്കുമെന്ന് കമ്പനിയുടെ വക്താവ് ഭീഷണിപ്പെടുത്തിയതായി പ്രാദേശികവാസികൾ ആരോപിച്ചു. ഫ്ലാറ്റുകൾ വാങ്ങിയ കമ്പനിയുമായി കപൂർ കുടുംബത്തിന് നേരിട്ട് ബന്ധമില്ലെന്നും, നിക്ഷേപ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് സ്വത്തുക്കൾ വാങ്ങിയതെന്നും ദമ്പതികളുടെ പ്രതിനിധി പറയുന്നു.

അതേസമയം, തങ്ങളുടെ ബംഗ്ലാവ് നവീകരിക്കുന്നതിനായി സോനവും ആനന്ദും ഇതിനകം 4.7 മില്യൺ പൗണ്ട് (60.4 കോടി രൂപ) ചെലവഴിച്ചതായാണ് വിവരം. ദമ്പതികൾക്ക് നോട്ടിങ് ഹില്ലിൽ ഇതിനകം ഒരു ഫ്ലാറ്റും സ്റ്റുഡിയോയും ഉണ്ട്. മുമ്പൊരു ആർക്കിടെക്ചറൽ ഡൈജസ്റ്റ് വീഡിയോയിൽ ഇവിടം ഉൾപ്പെട്ടിരുന്നു. ലണ്ടനിലെ സ്വത്തുക്കൾക്ക് പുറമെ, ഡൽഹിയിലും മുംബൈയിലും അവർക്ക് വീടുകളുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi