ജനുവരി 31-നാണ് തെലുഗുനടൻ രാംചരണിനും ഭാര്യയും അപ്പോളോ ചാരിറ്റിയുടെ വൈസ് ചെയർമാനുമായ ഉപാസന കാമിനേനിക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്. നേരത്തെ കുഞ്ഞുങ്ങൾ ജനിച്ചതിന്റെ സന്തോഷം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ രാംചരൺ പങ്കുവെച്ചിരുന്നു, ''ഞങ്ങൾക്ക് ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ജനിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമായി. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി'', എന്നാണ് അദ്ദേഹം കുറിച്ചത്.

To advertise here,

അതിനിടെ കുഞ്ഞുങ്ങളെ കാണാനായി ആസ്പത്രിയിലെത്തിയ രാംചരണിനെയും മൂത്തമകൾ ക്ലിൻ കാരയെയും ഒരുകൂട്ടം ആരാധകർ വളഞ്ഞതും തിക്കിലും തിരക്കിലും രാംചരൺ മുന്നോട്ടുപോകുന്നതുമായ വീഡിയോകൾ വൈറലായിരുന്നു. പലരും ആരാധകരുടെ ഇത്തരം പ്രതികരണങ്ങളെ കടുത്തഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാനസംഭവത്തിൽ കുടുംബം സ്വീകരിച്ച ആത്മീയപരവും ജ്യോതിഷപരവുമായ ആസൂത്രണങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഉപാസന. കുഞ്ഞുങ്ങളുടെ ജനനത്തിനുശേഷം പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഉപാസന ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ വരവിനുമുമ്പുള്ള തയ്യാറെടുപ്പുകളിലൂടെയാണ് വീഡിയോ നീങ്ങുന്നത്. ഉപാസനയെ ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സുമാർ എന്നിവർ തമ്മിലുള്ള ഏകോപനവും ജ്യോതിഷി സംസാരിക്കുന്നതുമെല്ലാം അതിലുണ്ട്.

കുഞ്ഞുങ്ങളുടെ ജനനസമയം തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ജ്യോതിഷിയായ മഹേഷ് ബാങ്ങാണ്. ജ്യോതിഷ ചാർട്ടുകൾ സൂക്ഷ്മമായി വിശകലനം നടത്തിയാണ് താൻ ശുഭദിവസവും സമയവും തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു. ''ജനുവരി 31, രാത്രി 11:30 മുതൽ...നല്ലൊരു തിയതിയും സമയവും ഞാൻ കണ്ടെത്തി,'' സമയം എങ്ങനെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തുവെന്ന് വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. 2023-ൽ ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു. ക്ലിൻ കാരാ എന്നാണ് കുഞ്ഞിന്റെ പേര്. 2025 ഒക്ടോബറിലാണ് തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ പോവുകയാണെന്ന് ഇവർ തുറന്നുപറഞ്ഞത്. ആദ്യത്തെ കുട്ടിയെ എന്നും മാധ്യമശ്രദ്ധയിൽനിന്ന് അകറ്റിനിർത്താനാണ് ഉപാസനയും രാംചരണും ശ്രദ്ധിക്കാറുള്ളത്. അതിനെക്കുറിച്ച് ഒരിക്കൽ അവർ പറഞ്ഞതിങ്ങനെ, ''മാതാപിതാക്കളെന്ന നിലയിൽ ചില സംഭവങ്ങൾ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. എങ്കിലും വിമാനത്താവളം പോലുള്ള പൊതുസ്ഥലങ്ങളിൽ അവളുടെ മുഖംമറയ്ക്കുന്നത് വലിയൊരു ജോലിയാണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi