ബീജിങ്ങിലെ നഗരപ്രദേശങ്ങളിൽനിന്ന് ആളുകളെയും കയറ്റി ഗ്രാമത്തിലേക്ക് പോകുന്ന ബീജിങ് 375 ബസ്...ആളുകൾ സ്ഥിരം ആശ്രയിച്ചിരുന്ന ഒരു ബസാണിത്. രാത്രിയിൽ തിരിക്കുന്ന ഈ ബസാണ് യ്വാൻ-മിങ്-ഹ്വാൻ ബസ് ടെർമിനലിൽനിന്നുള്ള അവസാനത്തെ ബസ്.  

1995 നവംബർ 14-ന് പതിവുപോലെയുള്ള യാത്രയിലായിരുന്നു ബസ്. കനത്ത കോടയുള്ള വഴികളിലൂടെയുള്ള യാത്ര. പരിചിതമായ വഴികൾ ആയതിനാൽ, ഡ്രൈവർ അനായാസം വണ്ടിയോടിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ആളുകളെല്ലാം പല സ്റ്റോപ്പുകളിലായി ഇറങ്ങി. ബസ്സിൽ വനിതയായ ടിക്കറ്റ് കളക്ടറും ഡ്രൈവറും മാത്രമേയുള്ളൂ.  നഗരത്തിന്റെ തിരക്കുകളിൽനിന്ന് അകന്നപ്പോഴേക്കും, വഴിയരികിൽനിന്ന് ഒരു പ്രായമുള്ള പുരുഷനും ഒരു 

ചെറുപ്പക്കാരനും ബസ്സിൽ കയറി. അല്പദൂരം കഴിഞ്ഞപ്പോൾ, വേറെ മൂന്നുപേരും. വിചിത്രമായി വേഷം ധരിച്ച മൂന്നുപേർ. ഏതോ നൂറ്റാണ്ടിൽനിന്ന് ഇറങ്ങിവന്നതുപോലെയുണ്ട് അവരെ കണ്ടാൽ. ബസ്സിൽ കയറി, പല സീറ്റുകളിലായി അവർ ഇരുന്നു.

കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ പ്രായമുള്ളയാൾ ചാടിയെണീറ്റു, തന്റെ പേഴ്‌സ് മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ് ബഹളംവെച്ചു. ചെറുപ്പക്കാരനാണ് മോഷ്ടിച്ചതെന്നും അവർ ആരോപിച്ചു. അവർ തമ്മിൽ വാക്കുതർക്കമായി. അതോടെ, ഡ്രൈവർ രണ്ടുപേരെയും ബസ്സിൽനിന്ന് ഇറക്കിവിട്ടു. വഴിയിലിറങ്ങിയതോടെ വൃദ്ധൻ ദേഷ്യമെല്ലാം മാറ്റിവെച്ച് ചെറുപ്പക്കാരനോട് കാര്യം പറഞ്ഞു. സത്യത്തിൽ അവർ അയാളുടെ ജീവൻ രക്ഷിക്കുകയായിരുന്നുവത്രെ. കാരണം അവസാനം കയറിയ മൂന്നുപേർക്കും എന്തൊക്കെയോ അസ്വാഭാവികതയുണ്ടെന്നും അതുകൊണ്ടാണ് ബസ്സിൽനിന്നിറങ്ങിയതെന്നും അയാൾ പറഞ്ഞു. 

അതോടെ വൃദ്ധനെയും കൂട്ടി ചെറുപ്പക്കാരൻ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് പോയി. കഥയെല്ലാം പറഞ്ഞെങ്കിലും വിശ്വസിക്കാൻ പോലീസുകാർ തയ്യാറായില്ല. പക്ഷേ, തൊട്ടടുത്ത ദിവസം ബസ് കമ്പനി പുറത്തിറക്കിയ കുറിപ്പ് കണ്ട് എല്ലാവരും അമ്പരന്നു, 'റൂട്ട് 375-ലേക്കുള്ള അവസാനബസ് ഇന്നലെ രാത്രി കാണാതായിരിക്കുന്നു. ബസ്സിലുണ്ടായിരുന്ന ഡ്രൈവറും ടിക്കറ്റ് കളക്ടറും അതിനൊപ്പം അപ്രത്യക്ഷമായിരിക്കുന്നു'. ഇതറിഞ്ഞയുടനെ പോലീസ് ബസ്സിൽനിന്ന് രക്ഷപ്പെട്ട രണ്ടുപേരെയും തേടിയെത്തി. അറിയാവുന്ന കാര്യങ്ങൾ അവർ പറഞ്ഞെങ്കിലും, ബസ്സിനെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. 

മൂന്നാം ദിവസം 100 കിലോമീറ്റർ അകലെയുള്ള ഒരു ഡാമിൽനിന്നാണ് ബസ് കണ്ടെത്തിയത്. പോലീസിനെ ഞെട്ടിച്ച കുറേ കാര്യങ്ങൾ അവരാ ബസ്സിനുള്ളിൽ കണ്ടു. പെട്രോൾ ടാങ്കിൽ നിറച്ചിരുന്നത് രക്തമായിരുന്നു. വല്ലാതെ അഴുകിയ മൂന്നു മൃതദേഹങ്ങളും ബസ്സിലുണ്ടായിരുന്നു. 48 മണിക്കൂർ കഴിയുംമുമ്പേ എങ്ങനെ ഇത്ര അഴുകിപ്പോയി എന്നതായിരുന്നു അവരുടെ പ്രധാനചിന്ത. 

എന്തായാലും ബസ് അവിടുന്ന് പുറത്തെത്തിച്ച്, ഡിപ്പോയിലേക്ക് മാറ്റി. പതുക്കെ ആളുകൾ ഇതെല്ലാം മറന്നുതുടങ്ങി. എന്നാൽ, അവിടം കൊണ്ടും കഥ തീർന്നില്ല. ദിവസങ്ങൾ കഴിയുന്തോറും ഈ ബസ്സിനെ ചുറ്റിപ്പറ്റി കുറേ വിചിത്രമായ സംഭവങ്ങളുണ്ടാകാൻ തുടങ്ങിയെന്ന് പ്രദേശവാസികൾ പറയുന്നു. ചില രാത്രികളിൽ ബസ് തനിയെ നഗരം ചുറ്റാൻ പോവുമെന്നതാണ് ഒരു കഥ. വഴിയിൽവെച്ച് ചിലരെ കയറ്റുകയും ചെയ്യുമത്രേ. ബസ് അപകടത്തിൽ മരിച്ചവരുടെ പ്രേതങ്ങളാണ് ഇങ്ങനെ ബസ്സിൽ കയറിപോവുന്നതെന്നാണ് ആളുകൾ പറയുന്നത്. ആളുകളുടെ ഭ്രാന്തൻചിന്തകൾ മാത്രമാണ് ഈ കഥകളെന്ന് ചിലർ തറപ്പിച്ചുപറയുമ്പോഴും, അത് അംഗീകരിക്കാൻ കഥകളുണ്ടാക്കുന്നവർ തയ്യാറാവുന്നില്ല.