ലൂസിയാനയിലെ നോട്ടോവേ റിസോർട്ട് പ്ലാന്റേഷനിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. രണ്ടാം നിലയിലാണ് ആദ്യം തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. അവിടുന്ന് മറ്റ് നിലകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും, ഈ തീപിടുത്തം വലിയ ചർച്ചയായി. അതിനു പിന്നിലൊരു കാരണമുണ്ട്. 

To advertise here,

ഈ തീപിടുത്തത്തിനെല്ലാം പുറകിൽ ഒരു പാവയാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അനബെൽ എന്ന കൊച്ചുപാവ. 1970-കളിലാണ് എല്ലാത്തിന്റെയും തുടക്കം. ഈ പാവയെ ഒരു ദുരാത്മാവ് ബാധിച്ചിട്ടുണ്ടെന്ന് പാരാനോർമൽ അന്വേഷകരായ എഡ് വാറനും ലോറെയ്ൻ വാറനും പറഞ്ഞതുമുതൽ തുടങ്ങുന്നു അനബെല്ലിന്റെ കുപ്രസിദ്ധിയും. 

1970-കളിൽ കണക്ടികട്ടിലെ ഒരു നഴ്‌സിങ് വിദ്യാർഥിക്ക് പിറന്നാൾസമ്മാനമായി ലഭിച്ചതാണ് അനബെല്ലിനെ. അധികം വൈകാതെ ആ പാവയിൽനിന്ന് വിചിത്രമായ ചില അനുഭവങ്ങളുണ്ടായിത്തുടങ്ങി. തനിയെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുക, ചില കുറിപ്പുകൾ അവിടെയുമിവിടെയും ഇടുക...എന്നിങ്ങനെ പലതും. എല്ലാ കുറിപ്പുകളിലുമുണ്ടായിരുന്നത്, 'Help me' എന്നുമാത്രം. എന്തിനേറെ പറയുന്നു, പലരെയും അനബെൽ ആക്രമിച്ചുവെന്ന് വരെ ആരോപണങ്ങളുണ്ടായി. ഏഴാമത്തെ വയസ്സിൽ അതേ സ്ഥലത്തുതന്നെ മരിച്ചനിലയിൽ കണ്ടെത്തിയ അനബെല്ലിന്റെ ആത്മാവാണ് പാവയിലുള്ളതെന്ന് ആളുകൾ പറഞ്ഞു പരത്തി.

അങ്ങനെയാണ് എഡ്ഡും ലോറെയ്‌നും ഇതിനെക്കുറിച്ച് അറിയുന്നത്. പാവയെ കാണാനെത്തിയ അവർ, കുറേനാളുകൾക്കുശേഷം നടത്തിയ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. പാവയെ നിയന്ത്രിക്കുന്നത് അതിന്റെയുള്ളിലുള്ള ദുരാത്മാവാണ്. ഉടനെ പാവയെ നഴ്‌സിങ് വിദ്യാർഥിയുടെ കൈയിൽനിന്ന് വാങ്ങി, ഒരു ഗ്ലാസ് കൂടിനുള്ളിലേക്ക് മാറ്റി തങ്ങൾക്കൊപ്പം കൊണ്ടുപോയി. 

ആ യാത്രയിലും പല വിചിത്രസംഭവങ്ങളുമുണ്ടായതായി പിന്നീട് എഡ്ഡും ലോറെയ്‌നും പറഞ്ഞു. കാറിന് വഴിതെറ്റി, പെട്ടെന്ന് വഴിയിൽ നിന്നുപോവുകയും ചെയ്തു. 'അനബെൽ, നീ വെറുമൊരു തുണിക്കഷണം കൊണ്ടുള്ള പാവ മാത്രമാണ്' എന്ന് പറഞ്ഞതിന്റെ പേരിൽ ഒരാൾക്ക് അപകടം വരെയുണ്ടായതായി അവർ അവകാശപ്പെട്ടു. എന്തായാലും ഒടുവിൽ പാവയെ 'വാറൻസ്' മ്യൂസിയത്തിൽവെച്ചു. അതിനെ അവിടുന്ന് ഒരിക്കലും എങ്ങോട്ടും മാറ്റരുതെന്ന് വാറൻ സഹോദരൻമാർ പറഞ്ഞിരുന്നുവത്രേ. 

എന്നാൽ, മ്യൂസിയത്തിൽനിന്ന് പാവയെ നഷ്ടപ്പെട്ടുവെന്നും, അതിന്റെ തിരോധാനത്തിന് തീപിടുത്തവുമായി ബന്ധമുണ്ടെന്നും കഥകൾ പ്രചരിക്കാൻ തുടങ്ങി. തീപിടുത്തത്തിനുപിന്നാലെ ഓർലിയൻസ് പാരിഷ് പ്രിസണിൽനിന്ന് 11 കുറ്റവാളികൾ ജയിൽ ചാടി രക്ഷപ്പെടുകയും ചെയ്തു. പുറകെ മ്യൂസിയം അധികാരികൾ ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. ''അനബെല്ലിനെ നഷ്ടപ്പെട്ടിട്ടില്ല. അവൾ ഇവിടെ തന്നെയുണ്ട്''. 

ഒട്ടേറെ സിനിമകൾ അനബെല്ലുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിട്ടുണ്ട്. 'ചൈൽഡ്‌സ് പ്ലേ' (1988), 'ഡോളി ഡിയറസ്റ്റ്' (1991) തുടങ്ങിയവയാണ് ആദ്യമിറങ്ങിയത്. 2013-ൽ റിലീസായ 'ദ കോൺഞ്ച്വുറിങ്' എഡ്ഡിന്റെയും ലോറെയ്‌ന്റെയും കഥയിലൂടെയാണ് നീങ്ങുന്നത്. അതിൽ അനബെൽ പാവയും ഒരു കഥാപാത്രമാവുന്നുണ്ട്. 2014 ഒക്ടോബറിൽ 'അനബെൽ' എന്ന പേരിൽ മറ്റൊരു സിനിമയും പുറത്തിറങ്ങി. 2017-ൽ ഈ സീരീസിലെ അടുത്ത സിനിമയായ 'അനബെൽ: ക്രിയേഷൻ' പുറത്തിറങ്ങി. സീരീസിൽ ഏറ്റവും അവസാനമായി ഇറങ്ങിയത് 'അനബെൽ കംസ് ഹോം' (2019) ആണ്.