സൽമാൻ ഖാൻ അവതരിപ്പിച്ച ഹിന്ദി ബിഗ് ബോസ് ഷോയുടെ 19-ാം സീസൺ അവസാനിച്ചത് 2025 ഡിസംബർ 7-നാണ്. ഗംഭീരമായ ഫൈനലിൽ നടൻ ഗൗരവ് ഖന്നയാണ് കിരീടം ചൂടിയത്. ഷോയിലെ വിജയിക്ക് 50 ലക്ഷം രൂപയും ഒരു കാറുമായിരുന്നു സമ്മാനം. എന്നാൽ, വാഗ്ദാനം ചെയ്ത കാർ ഷോ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗരവ് ഇപ്പോൾ. സ്വന്തം യൂട്യൂബ് ചാനലിൽ സഹ മത്സരാർഥിയായ പ്രണിത് മോറിനൊപ്പമുള്ള പുതിയ വ്ലോഗിലാണ് ഗൗരവിന്റെ വെളിപ്പെടുത്തൽ.

വ്ലോഗിൽ അദ്ദേഹം പ്രണിത്തിനൊപ്പം സമയം പങ്കിടുകയും ബിഗ് ബോസിലെ തങ്ങളുടെ യാത്രയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ, പ്രണിത് കാറിനെപ്പറ്റി പരാമർശിച്ചപ്പോൾ "അത് എനിക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ല" എന്നായിരുന്നു ഗൗരവിന്റെ മറുപടി. വീഡിയോയ്ക്ക് താഴെ ഒരു ആരാധകൻ്റെ അഭിപ്രായം ഗൗരവ് ലൈക്ക് ചെയ്യുകയും ചെയ്തു. "എന്തുകൊണ്ടാണ് ഈ വ്ലോഗ് ഒരു ഓർമ്മപ്പെടുത്തലായി തോന്നുന്നത്. കാർ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എത്രയും പെട്ടെന്ന് അത് നൽകണമെന്നും ബിഗ് ബോസ് അധികൃതരെ ഓർമ്മിപ്പിക്കാനാണോ?" എന്നായിരുന്നു ആ കമന്റ്.

ഷോയ്ക്ക് ശേഷം കാര്യങ്ങൾ നടപടി ക്രമങ്ങൾക്കും പേപ്പർവർക്കുകൾക്കുമായി സമയമെടുക്കുമെന്ന് തനിക്കറിയാമെന്നും, എന്നാൽ ആരാധകരും ഫോളോവേഴ്സും കാറിനെപ്പറ്റി നിരന്തരം ചോദിക്കുന്നതിനാലാണ് ഈ ഓർമ്മപ്പെടുത്തലെന്നുമാണ് ഗൗരവിന്റെ പക്ഷം. സംഘാടകരും ബിഗ് ബോസിന്റെ അണിയറയിലുള്ളവരും അവരുടെ പ്രതിബദ്ധത നിറവേറ്റുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഗൗരവ് പറയുന്നു.

അതേസമയം, മത്സരങ്ങൾക്കുശേഷം സമ്മാനങ്ങൾ നൽകാതെ വൈകിപ്പിക്കുന്നതിനെപ്പറ്റി ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചതുടങ്ങിക്കഴിഞ്ഞു. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നികുതി, ഡെലിവറി ഷെഡ്യൂളിങ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുകൊണ്ട് മുമ്പത്തെ സീസണുകളിലും സമ്മാനങ്ങൾ വൈകിയിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi