ഫറാ ഖാനും മനീഷ് മൽഹോത്രയും തമ്മിൽ ദീർഘകാലമായുള്ള സൗഹൃദമാണ്. എത്രയോ സിനിമകളിൽ ഫറാ ഖാൻ കൊറിയോഗ്രാഫറായും മനീഷ് കോസ്റ്റിയൂം ഡിസൈനറായും പ്രവർത്തിച്ചു. എങ്കിലും ആ സൗഹൃദം എന്നും ഒരുപോലെയല്ല. തർക്കങ്ങളും വാദപ്രതിവാദങ്ങളും നീണ്ടുനിൽക്കുന്ന പിണക്കവുമെല്ലാമുള്ള ബന്ധമാണത്. അതിനെല്ലാമൊടുവിൽ പഴയതിനേക്കാൾ ഇഴയടുപ്പത്തോടെ അവരുടെ സൗഹൃദം മുന്നോട്ടുപോവുന്നു. നർമവും പരസ്പരബഹുമാനവുമാണ് തങ്ങളുടെ ബന്ധത്തിന്റെ കാതൽ എന്ന് പലപ്പോഴും ഫറ തുറന്നുപറഞ്ഞിട്ടുണ്ട്.

To advertise here,

തങ്ങൾക്കിടയിലെ പിണക്കങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഫറയും മനീഷും. ഫറയുടെ പുതിയ യൂട്യൂബ് വീഡിയോയിലാണിതിനെക്കുറിച്ച് പറയുന്നത്. മനീഷിന്റെ വീട്ടിൽവെച്ചായിരുന്നു ഷൂട്ടിങ്.

തന്നെക്കുറിച്ച് എന്തെങ്കിലും പറയാൻ ഫറ മനീഷിനോട് ആവശ്യപ്പെടുന്നു. അതിന് ഉത്തരമായി മനീഷ് പറയുന്നതിങ്ങനെ, ''ഫറ എന്ന കൊറിയോഗ്രാഫറും സംവിധായികയും രണ്ടും രണ്ടാണ്. ഫറ എന്ന കൊറിയോഗ്രാഫർക്ക് ഏത് കോസ്റ്റിയൂം കൊടുത്താലും തൃപ്തിയുണ്ടാവില്ല. 'ഇതെന്താണ്? ഇതൊരു കോസ്റ്റിയൂമാണോ?' എന്നാണ് എപ്പോഴും ചോദിക്കുക. ഒരിക്കൽ 'ഫിർ ഭി ദിൽ ഹെ ഹിന്ദുസ്ഥാനി' എന്ന സിനിമയിലെ ഒരു പാട്ടിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. അതിൽ ജൂഹി ചൗളയും ആമിർ ഖാനുമാണ് അഭിനയിക്കുന്നത്. ജൂഹിക്ക് ധരിക്കാനായി ഞാൻ ഒരു ഗ്രേ കുർത്തയുമായെത്തി. അതുകണ്ടയുടനെ ഫറ ചോദിച്ചു, 'ഈ കുർത്ത അനങ്ങുന്നതേയില്ലല്ലോ?' എനിക്ക് ദേഷ്യം വന്നു. ഞാനുടനെ പറഞ്ഞു, 'നിങ്ങൾ എപ്പോഴും വെറുതെ കമന്റ് പറയുകയാണല്ലോ'? ഇതും പറഞ്ഞ് ഞാൻ സെറ്റിൽനിന്ന് ഇറങ്ങിപ്പോയി''.

എന്നാൽ ഫറ എന്ന സംവിധായിക വളരെ നല്ലതാണെന്നും മനീഷ് പറയുന്നു. സംവിധാനം ചെയ്യുമ്പോൾ അവർ വ്യത്യസ്തയായ വ്യക്തിയായി മാറുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ''നമ്മൾ എന്തുപറഞ്ഞാലും അതിനെല്ലാം ഓകെ പറയും. നിർദേശങ്ങൾ കൊടുത്താലും അതിനും അനുകൂലമായി പ്രതികരിക്കും''.

തന്നോടുള്ള ദേഷ്യത്താൽ ഫോൺ പോലും എടുക്കാതിരുന്ന മനീഷിനെയും ഫറ ഓർക്കുന്നു. ''അത് 'ഫെവിക്കോൾ സെ' എന്ന പാട്ടിന്റെ ഷൂട്ടിനിടയിലാണ്. മനീഷിന് നല്ല ദേഷ്യം വന്നു. അങ്ങനെ രണ്ടുദിവസം എന്റെ ഫോൺ എടുത്തതേയില്ല''. 'ദബംങ് 2'-ൽ കരീന കപൂർ ഐറ്റംഡാൻസറായെത്തുന്ന പാട്ടാണ് 'ഫെവിക്കോൾ സെ'.

മേ ഹൂ നാ, ഓം ശാന്തി ഓം, തീസ് മാർ ഖാൻ, ഹാപ്പി ന്യൂ ഇയർ എന്നീ സിനിമകളാണ് ഫറ സംവിധാനം ചെയ്തിട്ടുള്ളത്. ദിൽ സെ, ദിൽ ചാഹതാ ഹെ, കഭി ഖുഷി കഭി ഗം, ജോഷ്, മൺസൂൺ വെഡിങ്, കൽ ഹോ ന ഹോ, കോയി മിൽ ഗയാ തുടങ്ങിയവയാണ് അവർ കൊറിയഗ്രഫി ചെയ്ത ചിത്രങ്ങൾ. 'കോയി മിൽ ഗയാ' എന്ന സിനിമയിലെ കൊറിയോഗ്രഫിക്ക് മികച്ച കൊറിയോഗ്രാഫർക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi