
ഓണ്‍ലൈന്‍ വിപണിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സീസണ് ആണ് അടുത്ത ദിവസങ്ങളില്‍ വരാന്‍ പോകുന്നത്. ബിഗ് ബില്ല്യണ്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയവ വരുംദിവസങ്ങളില്‍ ആരംഭിക്കുകയാണ്. ഈ ഓഫര്സമയത്ത് സാധനങ്ങളുടെ വിലക്കുറവ് കണ്ട് അന്തംവിടാതെ അവ വാങ്ങുന്നതിനു മുന്നോടിയായി ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം :
1. എല്ലാം ഓഫര്‍ അല്ല
ഓഫര്‍ സമയത്ത് പല ഷോപ്പിംഗ് സൈറ്റുകളും ചെയ്യുന്ന കാര്യമാണ്, ഓഫര്‍ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ സാധനത്തിന്റെ വില, യഥാര്‍ഥ സെല്ലിങ് പ്രൈസില്‍ നിന്നും കൂട്ടി എം.ആര്.പി വില സെല്ലിങ് പ്രൈസ് ആയിട്ട് കാണിക്കുന്നത്. ശേഷം ഓഫര്‍ ദിവസം ഈ എം.ആര്.പി മാറ്റി മുന്‍പത്തെ സെല്ലിങ് പ്രൈസിലേക്ക് വില താഴ്ത്തി കാണിക്കുകയും ചെയ്യുന്നു. ഫലത്തില്‍ സാധനം വാങ്ങാനെത്തുന്നയാള്‍ അത് ഡിസ്കൗണ്ട് പ്രൈസ് / ഓഫര്‍ ആണെന്ന് കരുതി വാങ്ങുകയും ചെയ്യുന്നു.
Also Read
ഉദാഹരണത്തിന് 25,000 രൂപ എം.ആര്.പി ഉള്ള ഒരു ഫോണ്‍ 20,000 രൂപയ്ക്കാണ് വിറ്റിരുന്നത് എന്ന് കരുതുക. ഓഫര്‍ തുടങ്ങുന്നതിനു ദിവസങ്ങള്‍ മുന്നേ അവര്‍ 20,000 എന്നത് 25,000 ആക്കി ഉയര്‍ത്തും. എന്നിട്ട് ഓഫര്‍ ദിവസത്തില്‍ അത് വീണ്ടും 20,000 രൂപ സെല്ലിങ് പ്രൈസ് ആയി കാണിക്കും. സാധനത്തിന്റെ പ്രൈസ് ഹിസ്റ്ററിയെ പറ്റി വലിയ ധാരണയില്ലാത്ത കസ്റ്റമര്‍ക്ക് 5000 രൂപ ഡിസ്കൗണ്ട് ആണെന്ന് തെറ്റിധാരണ ഉണ്ടാവുന്നു. യഥാര്‍ഥത്തില്‍ അവിടെ ഒരു രൂപ പോലും ഡിസ്കൗണ്ട് കിട്ടുന്നില്ല.
ഇത്തരത്തില്‍ പറ്റിക്കപ്പെടാതെ ഇരിക്കാന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ ലിങ്ക് കോപ്പി ചെയ്ത ശേഷം ഏതെങ്കിലും ഒരു പ്രൈസ് ട്രാക്കിങ് വെബ്സൈറ്റ് ഉപയോഗിച്ച് പ്രൈസ് ഹിസ്റ്ററി പരിശോധിക്കുക. (ഗൂഗിളില്‍ കമ്പനിയുടെ പേരിനൊപ്പം പ്രൈസ് ഹിസ്റ്ററി ട്രാക്കിംഗ് എന്ന് സെര്‍ച്ച് ചെയ്താല്‍ ഇത്തരം അനവധി വെബ്സൈറ്റുകള്‍ ലഭിക്കും.)
2. ഓപ്പണ്‍ ബോക്സ് ഡെലിവറി
നമ്മള് പലപ്പോഴും കേള്‍ക്കാറുള്ള വാര്‍ത്തയാണ് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് സോപ്പ് പെട്ടി ലഭിച്ചു, ഇഷ്ടിക ലഭിച്ചു എന്നൊക്കെ. അങ്ങനെ വരാതിരിക്കാന്‍ ചില മുന്‍കരുതല്‍ എടുക്കാം :
- സാധനം ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പേ അത് ഏത് കമ്പനിയായാലും അവരുടെ ബാഡ്ജ് ഉണ്ടെന്ന് ഉറപ്പാക്കുക.
- പല ഷോപ്പിംഗ് സൈറ്റുകളും ഇന്ന് ഓപ്പണ്‍ ബോക്സ് ഡെലിവറി (ഡെലിവറി ചെയ്യുന്നയാള്‍ ബോക്സ് തുറന്ന് വേരിഫൈ ചെയ്തശേഷം കൈമാറുന്നത് ) സേവനം നല്‍കുന്നുണ്ട്. എന്നിരുന്നാലും ചില പ്രൊഡക്ടുകളില്‍ ഇത് ലഭ്യമല്ല. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ബോക്സ് തുറക്കുന്നത് മുതലുള്ള വീഡിയോ സിംഗിള്‍ ഫയല്‍ ആയി റെക്കോര്‍ഡ് ചെയ്യുക. അത് പിന്നീട് നിങ്ങള്‍ക്ക് നിയമപരമായി മുന്നോട്ട് പോകാനും പെെസ തിരികെ ലഭിക്കാനും സഹായിക്കും.
3. യൂസര്‍ റിവ്യൂ / സ്റ്റാര്‍ റേറ്റിംഗ്
വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ യൂസര്‍ റിവ്യൂ, സ്റ്റാര്‍ റേറ്റിങ് എന്നിവ പരിശോധിക്കുക. അതേ സാധനം മുന്‍പ് വാങ്ങിയ വ്യക്തികളുടെ അഭിപ്രായം അതിലൂടെ അറിയാന്‍ സാധിക്കും
4. ബാങ്ക് ഓഫര്‍ & ക്രെഡിറ്റ് കാര്‍ഡ് ഓഫര്‍
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തിയാല്‍ വളരെ വലിയ ഡിസ്കൗണ്ട് ഇത്തരം ഓഫര്‍ വേളയില്‍ ലഭിക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിനു എത് ബാങ്ക് കാര്‍ഡാണോ ഡിസ്കൗണ്ട് നല്‍കുന്നത്, അതാതു കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഇത് കൂടുതല്‍ ലാഭം കിട്ടാൻ സഹായകമാകും.
5.സമയം നോക്കി വാങ്ങാം
പല പ്രമുഖ ബ്രാന്‍ഡുകളുടെയും ഓഫര്‍ മിക്കവാറും രാത്രി 12 മണിക്കോ അതിനുശേഷമോ ഒക്കെയാവും ലോഞ്ച് ആവുക. വളരെ കുറച്ച് സ്റ്റോക്കായിരിക്കും ഉണ്ടാവുക. നിശ്ചിത സമയത്തിനുള്ളില്‍ അവ തീരുകയും ചെയ്യും. അതിനാല്‍ അത്തരം ഓഫറുകള്‍ വരുന്ന സമയത്തുതന്നെ വാങ്ങാന്‍ ശ്രമിക്കുക.
Content Highlights: five tips for online shopping customers
Published: 25 Sept 2024, 02:46 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented