തെക്കുപടിഞ്ഞാറന്‍ എത്യോപ്യയിലെ ഒരു ഗോത്രസമൂഹമാണ് ഹമാറുകള്‍. ഒഹോ നദിക്കരയില്‍ കൃഷി ചെയ്തും കന്നുകാലികളെ വളര്‍ത്തിയുമാണ് ഹമാറുകള്‍ ജീവിക്കുന്നത്. അതിവിശേഷമാണ് ഇവരുടെ ആചാരങ്ങളും ജീവിതരീതികളും. ഈ ജനവിഭാഗത്തിന്റെ ഏറ്റവും പ്രശസ്തമായ ചടങ്ങാണ് ''ബുള്‍ ജമ്പിങ്'' (Bull Jumping Ceremony). അവരുടെ ഭാഷയില്‍ ഈ ചടങ്ങിന് ഉകുലി ബുലാ (Ukuli Bula) എന്നാണ് പേര്.
ഒരു ആണ്‍കുട്ടി പ്രായപൂര്‍ത്തിയായി, പുരുഷനായി മാറുന്നതിന്റെ ആഘോഷമാണ് ചടങ്ങ്. പത്തോ അതിലധികമോ കാളകള്‍ ഉണ്ടായിരിക്കും. ചടങ്ങിന് മുമ്പായി യുവാവ് തലമുടി ഭാഗികമായോ പൂര്‍ണമായോ മുറിച്ചിട്ടുണ്ടാകും. ചുണ്ണാമ്പ്, മണ്ണ്, ചാണകം തുടങ്ങിയവ ശരീരത്തില്‍ പുരട്ടും. നഗ്നനായോ അല്പവസ്ത്രധാരിയായോ വേണം യുവാവ് ചടങ്ങില്‍ പങ്കെടുക്കേണ്ടത്.
കാളയുടെ പുറത്ത് ചാടിക്കയറണം. വീഴാതെ നാല് ചാട്ടം പൂര്‍ത്തിയാക്കണം. കാളകളുടെ പുറം ചിലപ്പോള്‍ എണ്ണയോ ചാണകമോ പുരട്ടി മിനുസപ്പെടുത്തിയിട്ടുണ്ടാകും. പരീക്ഷണം കൂടുതല്‍ പ്രയാസകരമാകാനാണിത്. വീഴാതെ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്ന യുവാവ് മസാ (Maza) എന്ന പദവി നേടും.
അതോടെ അയാള്‍ക്ക് വിവാഹം കഴിക്കാനും കന്നുകാലികളെ സ്വന്തമാക്കാനും അവകാശം ലഭിക്കും. ചടങ്ങിന് മുമ്പ് ഗ്രാമവാസികള്‍ ഒരുമിച്ച് പാട്ട്, നൃത്തം, മദ്യപാനം എന്നിങ്ങനെ വമ്പന്‍ ആഘോഷം ഉണ്ടാകാറുണ്ട്.

ഇതോടൊപ്പം നടക്കുന്ന മറ്റൊരു പ്രധാന ചടങ്ങാണ് സ്ത്രീകള്‍ക്കുള്ള ചാട്ടയടി. തുകല്‍ വസ്ത്രങ്ങളും ചരടുകളും ഇരുമ്പുവളകളും ചുവപ്പോ മഞ്ഞയോ നിറമുള്ള അലങ്കാരങ്ങളും ധരിച്ചാണ് സ്ത്രീകള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്. ബുള്‍ ജമ്പിങ് ചെയ്യാന്‍ പോകുന്ന യുവാവിന്റെ സഹോദരിമാരോ ബന്ധുക്കളോ ആണ് ഈ ചടങ്ങിന്റെ ഭാഗമാകുന്നത്.
ഇവര്‍ മസാകളോട് തങ്ങളെ ചാട്ടകൊണ്ടടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സഹോദരനോടുള്ള സ്‌നേഹവും പിന്തുണയും തെളിയിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ഉണ്ടാകുന്ന മുറിവുകള്‍ ബഹുമതിയുടെയും ധൈര്യത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. ഈ മുറിപ്പാടുകള്‍ അന്തസ്സിന്റെ പ്രതീകങ്ങളായി സ്ത്രീകള്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീകള്‍ക്കേല്‍ക്കുന്ന മുറിവുകള്‍ പുരുഷന്മാരില്‍ നിന്നും സഹായം ആവശ്യപ്പെടാനുള്ള അവകാശമായി കരുതപ്പെടുകയും ചെയ്യുന്നു.
മൂന്ന് ദിവസം നീളുന്ന ഈ ആഘോഷം കാണാന്‍ ഗോത്രവര്‍ഗക്കാര്‍ തടിച്ചുകൂടും. സഞ്ചാരികളും ഗവേഷകരും ഇതോടൊപ്പം കൂടാറുണ്ട്. സുരക്ഷയും മനുഷ്യാവകാശവും മൃഗസംരക്ഷണവുമടക്കം ഉന്നയിച്ച് ഈ ചടങ്ങുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഒരു ജനതയുടെ സാമൂഹ്യ ഐക്യത്തിന്റെ പ്രതീകമായ ഇത്തരം ഒത്തുകൂടലുകളെ ആധുനികത കൊണ്ട് അളക്കരുതെന്ന് കരുതുന്നവരാണ് ഏറെയും.
എത്യോപ്യയിലെ ഏറ്റവും ആള്‍ബലമുള്ള ഗോത്രങ്ങളിലൊന്നാണ് ഹമാറുകള്‍. അറുപതിനായിരത്തിലധികം ഹമാറുകളാണ് ഒഹോ നദിക്കരയിലും താഴ്വരയിലുമായി ജീവിക്കുന്നത്. പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലോ തെരഞ്ഞെടുക്കപ്പെടുന്നതോ ആയ ഒരു നേതാവോ തലവനോ ഇല്ല എന്നതാണ് ഹമാറുകളുടെ മറ്റൊരു പ്രത്യേകത.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore Ethiopia`s Hamar tribe`s `Ukuli Bula` (Bull Jumping) ceremony, a rite of passage for young men, and the accompanying ritualistic whipping of women.
Published: 25 Oct 2025, 01:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented