വേദിയിൽ രാഗത്തിരമാലകൾ ഉതിർത്തും സദസ്സിൽ സംഗീതവർഷം ചൊരിഞ്ഞും ഒരു ഭജൻ സംഘം. മലയാളിയുടെ ആസ്വാദനഭൂമികയിൽ മാന്ത്രികയാത്ര തുടരുകയാണ് നന്ദഗോവിന്ദം

വൃന്ദാവന നികുഞ്ജങ്ങളില്ലാതെ
നീ ചന്ദനം പോൽ മാറിലണിയുന്നൂ
നിന്റെ മന്ദസ്മിതത്തിൽ ഞാൻ
കുളിരുന്നു
പറയരുതേ... രാധയറിയരുതേ…
ഇതു ഗുരുവായൂരപ്പാ രഹസ്യം
ഈ ഈരടികൾ ഒഴുകിയെത്തുക ഹൃദയത്തിലേക്കാണ്. ഹൃദയത്തിൽ പ്രണയവും ഭക്തിയും ആത്മീയതയും നിറയ്ക്കുന്ന രാഗധാര. വേദിയിൽ നന്ദഗോവിന്ദം ഭജൻസ് പാടുമ്പോൾ സദസ്സ് സാന്ദ്രലയത്തിലാഴും. അവർ പാട്ടിലലിഞ്ഞ് അതേറ്റുപാടും.
ഭജൻ സംഗീതശാഖയിൽ നന്ദഗോവിന്ദം ഭജൻസ് സാന്നിധ്യമറിയിച്ചിട്ട് കാൽ നൂറ്റാണ്ട് കടക്കുന്നു. പക്ഷേ, നമ്മുടെ ജനകീയ സംഗീത വേദികളിലേക്ക് ആ ഗായകസംഘം താരമൂല്യമുള്ള ്രബാൻഡായി വളർന്നത് ഈയടുത്താണ്. മുന്തിരിച്ചാറിനെ വീഞ്ഞാക്കി മാറ്റുന്ന കാലത്തിന്റെ മാന്ത്രികത അവരുടെ സംഗീതത്തിലും സാധ്യമായി. വേഗതയുടെ പുതുകാലത്ത് കാലത്തിനൊത്ത പുതുമകൾ പരീക്ഷിച്ച്, മാറ്റങ്ങളെ സ്വീകരിച്ച്, ഗൃഹാതുരത്വത്തിന്റെ സൗന്ദര്യം നുകർന്ന് അവർ കൂടുതൽ ആസ്വാദകരിലേക്കെത്തുകയാണ്.
കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളിൽ അവർ പാട്ടിന്റെ പാലാഴിതീർത്തു. ക്ഷേത്രങ്ങളിൽവെച്ചു നടത്തുന്ന 'സാന്ദ്രാനന്ദലയം', പൊതുവിടങ്ങളിലുള്ള 'നന്ദഗോവിന്ദം ഭജൻ കണക്ട്' തുടങ്ങിയ ഭജൻ പരിപാടികളിലൂടെ നന്ദഗോവിന്ദം സംഗീതയാത്ര തുടരുകയാണ്.
ഭജനയിലെ കാൽനൂറ്റാണ്ട്
2000-ൽ കോട്ടയം നട്ടാശ്ശേരിയിലാണ് നന്ദഗോവിന്ദം ഭജൻസിന് തുടക്കമാകുന്നത്. 25 വർഷം പിന്നിടുമ്പോൾ നന്ദഗോവിന്ദത്തിലെ പ്രധാന ഗായകരിൽ ഒരാളായ നവീൻ മോഹൻ ആ സംഗീതയാത്രയുടെ തുടക്കകാലം ഓർത്തു. ''ഞങ്ങളുടെ വഴികാട്ടിയും ഗുരുവുമായിരുന്നു നട്ടാശ്ശേരി ഇളങ്ങൂർ ഇ.ആർ. രാജേന്ദ്ര പണിക്കർ. ഒരു ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന് കാഴ്ച നഷ്ടമായി. ആ അവസ്ഥയിൽ മാനസിക ഉല്ലാസവും സന്തോഷവും ലഭിക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പംകൂടി അദ്ദേഹം ഒരു ഭജനാസംഘത്തിന് രൂപംകൊടുത്തു. ആ ഭജൻസംഘം പിന്നീട് നന്ദഗോവിന്ദം ഭജൻസായി മാറി.'' പ്രതിഫലമായിരുന്നില്ല, സംഗീതത്തോടുള്ള അഭിനിവേശമായിരുന്നു ആ ഭജൻ സംഘത്തിന്റെ ഊർജം.
''നാട്ടിലെ അമ്പലങ്ങളിൽ സപ്താഹങ്ങളുടെയും ഉത്സവങ്ങളുടെയുമൊക്കെ ഭാഗമായാണ് തുടക്കത്തിൽ ഭജൻ അവതരിപ്പിച്ചിരുന്നത്. ആറും ഏഴും ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമുകളായിരുന്നു ഒക്കെയും. എങ്കിലും സാമ്പത്തികഗുണമൊന്നും ഉണ്ടായിരുന്നില്ല. പല പ്രോഗ്രാമുകൾക്കും കുറഞ്ഞ പ്രതിഫലമായിരിക്കും. ചിലപ്പോൾ അത് കിട്ടുകയുമില്ല. പക്ഷേ, സംഗീതത്തോടുള്ള ഇഷ്ടം ഞങ്ങളെ മുന്നോട്ടുനടത്തി .''നവീൻ പറയുന്നു.
സംഗീതം, സൗഹൃദം
സംഗീതാസ്വാദകർക്കിടയിൽ നന്ദഗോവിന്ദത്തിന് ലഭിക്കുന്ന ഈ സ്വീകാര്യത വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണെന്ന് ഗ്രൂപ്പിലെ ഗായകരിൽ ഒരാളായ ശ്രീലാൽ വേണു. ''ഘട്ടംഘട്ടമായായിരുന്നു നന്ദഗോവിന്ദത്തിന്റെ വളർച്ച. ഉയർച്ചയും താഴ്ചയുമൊക്കെ കണ്ടു. ആദ്യമൊക്കെ ബന്ധുക്കളും പരിചയക്കാരുമൊക്കെയായിയിരുന്നു കാണികൾ. പിന്നീട് നാട്ടുകാർ ഞങ്ങളെ കേൾക്കാൻ തുടങ്ങി. പോകെപ്പോകെ ആ കൂട്ടം വലുതായി. ഒരുപാടു കഷ്ടപ്പാടുകളെ അഭിമുഖീകരിക്കേണ്ടിവന്നു. പക്ഷേ, ഞങ്ങൾ പരിശ്രമം ഒഴിവാക്കിയില്ല. വളർച്ചയിൽ അഭിമാനവും സന്തോഷവുമുണ്ട്. എങ്കിലും ഞങ്ങൾ അതിൽ മതിമറന്ന് ജീവിക്കില്ല.''
ഇവർക്കിടയിൽ നിലനിൽക്കുന്ന ഗാഢമായ സൗഹൃദത്തിന്റെ കാരണവും സംഗീതമാണെന്ന് നവീൻ പറയുന്നു. ''പല സ്ഥലങ്ങളിലേക്കും ഒന്നിച്ചു യാത്ര ചെയ്ത്, ഒരുമിച്ചുപാടി, ഒരുമിച്ച് ഉറങ്ങിയവരാണ് ഞങ്ങൾ. അനുഭവങ്ങളാണ് സൗഹൃദത്തെ വിളക്കിച്ചേർത്തതെന്നും പറയാം. ഒരിക്കൽ കോഴിക്കോട് ഒരു പരിപാടി വന്നു. പക്ഷേ, അവിടേക്ക് പോകാനുള്ള ട്രെയിൻ കിട്ടിയില്ല. സമയത്ത് എത്തിച്ചേരണമല്ലോ. പിന്നെ വണ്ടിവിളിച്ചാണ് പോയത്. ആ പ്രോഗ്രാമിന് പ്രതിഫലം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഏതു നഷ്ടത്തേക്കാളും വലുതായിരുന്നു ഒന്നിച്ച് പാടുമ്പോഴുള്ള ആനന്ദം.''
പ്രേക്ഷകർ മാറി
''കുറച്ചുവർഷം മുൻപുവരെ ചുരുക്കം ആളുകൾ മാത്രമായിരുന്നു ഭജനകളുടെ സ്ഥിരം ആസ്വാദകർ. ഇന്ന് നന്ദഗോവിന്ദത്തിന്റെ ഭജൻ കേൾക്കാൻ മതം നോക്കാതെ ആളുകൾ എത്താറുണ്ട്. നന്ദഗോവിന്ദം യൂട്യൂബ് ചാനലിന്റെ ഫോളോവേഴ്സ് 18 വയസ്സുമുതൽ അറുപത്തിയഞ്ച് വയസ്സുവരെയുള്ളവരാണ്. എല്ലാ തലമുറയിൽ ഉൾപ്പെട്ടവരും ഭജൻ ഇഷ്ടപ്പെടുന്നു.'' വേദിയിൽ ആവിഷ്‌കരിക്കുന്ന വ്യത്യസ്തതയാകും അതിന് കാരണമെന്നും നവീൻ പറയുന്നു.
''സാമ്പ്രദായിക ഭജനകൾ മാത്രമല്ല, സിനിമാ ഗാനങ്ങളും ഉൾപ്പെടുത്താറുണ്ട്. അപ്പോൾ എല്ലാ കാലഘട്ടത്തിലുള്ളവർക്കും ആസ്വദിക്കാനാവും. അധികം കേൾവിക്കാർ ഇല്ലാതിരുന്ന ഒരു സംഗീതശാഖയെ ഇത്ര ജനകീയമാക്കിയതിൽ ഞങ്ങൾക്കും പങ്കുണ്ടെന്ന് പലരും പറയാറുണ്ട്. ഭജനയെ പുനരുജ്ജീവിപ്പിക്കാനായി.''
ജനകീയം ഈ ഭജൻസ്
കാണികളുടെ മനസ്സറിഞ്ഞ് അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ പാടിയാണ് നന്ദഗോവിന്ദം ഭജൻസ് ആസ്വാദകരുടെ ഇഷ്ടം നേടിയെടുത്തതെന്ന് ശ്രീലാൽ പറയുന്നു. ''ഓരോ വേദിയിലും പരമാവധി മികവ് പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. വലിയ സംഗതികളുള്ള കടുകട്ടി പാട്ടുകൾ പാടിയാൽ ആളുകൾക്ക് ഏറ്റുപാടാൻ കഴിയണമെന്നില്ല. എന്നാൽ 'നീല നീല നീല മലയിൽ' പോലുള്ള ലളിതമായ, എല്ലാവർക്കും പാടാൻ കഴിയുന്നവ അവതരിപ്പിക്കുകയാണെങ്കിൽ പ്രേക്ഷകർക്കും കൂടെപ്പാടാം.''
മാറ്റം അനിവാര്യം
ഭജനകളിൽ സിനിമാഗാനങ്ങൾ ഇടം പിടിച്ചുതുടങ്ങിയതിനെപ്പറ്റിയാണ് ഗായകനായ മനുമോഹൻ സംസാരിച്ചത്. ''സാമ്പ്രദായിക ഭജനകൾ ഇഷ്ടപ്പെടുന്നവരായിരുന്നു ആദ്യകാലത്തെ ആസ്വാദകർ. സപ്താഹവേദികളിലും മറ്റും കാണികളുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടാകും. അവരെ രസംപിടിപ്പിക്കുന്ന പാട്ടുകളും വേണമല്ലോ എന്ന തോന്നലിലാണ് 'മനോഹരീ രാധേ' പോലുള്ള സിനിമാഗാനങ്ങൾ ഉൾപ്പെടുത്തിയത്. 13 വർഷം മുമ്പാണ് അങ്ങനെയൊരു രീതിക്ക് തുടക്കമിട്ടത്. കോവിഡ് അടച്ചുപൂട്ടൽക്കാലത്തും ഫേസ്ബുക്ക് ലൈവിലൂടെ പരിപാടികൾ അവതരിപ്പിച്ചിരുന്നു. അപ്പോൾ ആളുകൾ 'വടക്കുംനാഥാ' പോലുള്ള ഡിവോഷണൽ സിനിമാഗാനങ്ങൾ പാടാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് സമാനമായ മറ്റുപാട്ടുകൾ കൂടെ ഉൾപ്പെടുത്തുന്നത്.''
പാട്ടിലെ ഒഴുക്ക്
''രണ്ട് സംഗീത ശാഖകൾ ഒന്നിച്ചു ചേർക്കുകയാണ്. കേൾക്കുന്നവർക്ക് കല്ലുകടി തോന്നരുത്. ഒഴുക്ക് വേണം.'' ഭജനകളിൽ ഉൾപ്പെടുത്തുന്ന സിനിമാഗാനങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചായി നവീൻ. ''വ്യത്യസ്ത രാഗങ്ങളിലുള്ള പല പാട്ടുകളും ഭജനയിൽ ഉൾപ്പെടുത്താറുണ്ട്. ഒരു രാഗത്തിന്റെ തുടർച്ചയായി അടുത്ത രാഗം വരുമ്പോൾ അവ തമ്മിൽ വലിയ വ്യത്യാസം തോന്നരുത്. രണ്ടും രണ്ടായാൽ അലോസരമായി തോന്നും. സിനിമയിലൊക്കെ അപ്രതീക്ഷിതമായി, ചില ട്വിസ്റ്റുകൾ ഉണ്ടാവുന്നത് നമുക്ക് ഇഷ്ടമാണല്ലോ. അതുപോലെ ഭജനകൾക്കിടയിൽ പ്രതീക്ഷിക്കാത്ത പാട്ടുകൾ ഉൾപ്പെടുത്തുമ്പോൾ അത് കാണികളിൽ ആകാംഷയുണ്ടാക്കും. പുതുമ തോന്നിപ്പിക്കും. സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഭജനയുടെ ശൈലി നൽകുന്നതിനായി അവയുടെ ആത്മാവ് നഷ്ടപ്പെടാത്ത വിധം ചെറിയ മാറ്റങ്ങളും വരുത്തും. ഇങ്ങനെ പാട്ടുകൾ മിക്‌സ് ചെയ്യുന്നതിൽ നന്ദഗോവിന്ദത്തിലെ എല്ലാവർക്കും ഒരുപോലെ പങ്കുണ്ട്.
'രാധതൻ പ്രേമത്തോടാണോ കൃഷ്ണാ' എന്ന പാട്ട് പ്രാക്ടീസ് ചെയ്യുമ്പോഴാണ് അതേ രാഗമാണ് '96' എന്ന സിനിമയിലേ 'കാതലേ കാതലേ' എന്ന പാട്ടിനുമെന്ന് അറിയുന്നത്. അതോടെ ആ രണ്ട് പാട്ടും മിക്‌സ് ചെയ്യാമെന്ന് തോന്നി. 'പറയരുതേ രാധ അറിയരുതേ, ഇത് ഗുരുവായൂരപ്പാ രഹസ്യം' എന്ന പാട്ട് അവസാനിപ്പിക്കുമ്പോൾ വയലിനിൽ 'കാതലേ കാതലേ' വായിക്കാം എന്ന് തീരുമാനിച്ചു. അത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു.''
പുതു പരീക്ഷണങ്ങൾ
വാദ്യോപകരണങ്ങളിലും നന്ദഗോവിന്ദം ഭജൻസ് വ്യത്യസ്തത കൊണ്ടുവന്നു. ''തുടക്കത്തിൽ മൃദംഗം, ഡോൽകി, ഹാർമോണിയം എന്നിവയായിരുന്നു വാദ്യങ്ങൾ. ഇലക്ട്രോണിക് വാദ്യങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. പിന്നീട് ഒരു ഭജനയ്ക്ക് കീബോർഡ് ഉൾപ്പെടുത്തി. പക്ഷെ, ഹാർമോണിയത്തിന്റെ ഈണത്തിലാണ് അന്നത് വായിച്ചത്. കാരണം പരമ്പരാഗതമായ ശീലങ്ങളെ മറികടക്കുക ഞങ്ങൾക്കും ബുദ്ധിമുട്ടായിരുന്നു. പിന്നീട് പ്രാക്ടീസ് ചെയ്യുമ്പോൾ കീബോർഡിൽ ഓരോ ഈണങ്ങൾ പരീക്ഷിച്ചുനോക്കി. അത് ഭജനയിൽ മിക്സ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നി.'' ഘട്ടം ഘട്ടമായി ഓരോ വാദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് നവീൻ.
''വേമ്പിൻകുളങ്ങര ക്ഷേത്രം ഞങ്ങളുടെ പ്രധാനപരീക്ഷണശാലയായിരുന്നു. പുതിയതെല്ലാം പരീക്ഷിക്കുക അവിടെയാണ്. 2013-ൽ ഞങ്ങൾ ഡ്രംസ് ഉപയോഗിച്ച് ഭജന ചെയ്തു. നാട്ടുകാർ പ്രോത്സാഹിപ്പിച്ചു. അതോടെ കീബോർഡും ഡ്രംകിറ്റും ഗിത്താറും വെച്ച് ഭജന അവതരിപ്പിച്ചു. അതിന്റെ വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്.'' മനുമോഹൻ രസമുള്ള ഓർമ്മകളുടെ പൊടിതട്ടിയെടുത്തു.
സോഷ്യലി ഹിറ്റ്
നന്ദഗോവിന്ദത്തിന്റെ വളർച്ചയിൽ സാമൂഹ്യമാധ്യമങ്ങളും പിന്തുണയായിട്ടുണ്ടെന്ന് നവീൻ പറയുന്നു. ''വലിയൊരു ലോകത്തിന് മുന്നിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ സോഷ്യൽമീഡിയ സഹായിച്ചു. കോവിഡ് സമയത്ത് ആളുകൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കൂടുതലായിരുന്നു. അക്കാലത്ത് ഞങ്ങളും ഫേസ്ബുക്ക് ലൈവിലൂടെ പാട്ടുകളുമായി ഒത്തുചേർന്നു.''
ഏകത്വാ അഥവാ One Us
കേരളത്തിൽ അങ്ങോളമിങ്ങോളം സംഗീതാസ്വാദകരിലേക്ക് നേരിട്ടെത്തുന്ന പ്രൊജക്ടാണ് 'നന്ദഗോവിന്ദം ഭജൻ കണക്ട്'. പ്രേക്ഷകരെയും കൂടെ പാടിച്ചും നൃത്തംചെയ്യിച്ചും ആത്മീയാനന്ദം പകരുകയാണ് ഭജൻ കണക്ടിലൂടെ. ''ഭജൻ കണക്ടിന്റെ തീം ഏകത്വ ആണ്. അഥവാ ഛില ഡ.െ ഞങ്ങൾ ഒറ്റയ്ക്ക് പാടുന്നതും പ്രേക്ഷകർ കൂടെ പാടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.'' എല്ലാവരും ഒന്നിച്ചുപാടുമ്പോഴുള്ള ഐക്യം പാട്ടിനെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് മനു മോഹൻ.
ബൊഹീമിയൻ ഭജൻസ്
ഭജനയ്ക്ക് തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലും പ്രത്യേകതയുണ്ട്. അവയെല്ലാം ഹിറ്റാണ്. ''ഭജൻ കണക്ടിന്റെ പരിപാടികളെല്ലാം വേറിട്ടുനിൽക്കണമെന്ന് ആദ്യമേ കരുതിയിരുന്നു. പാട്ടിൽമാത്രമല്ല, കാഴ്ചയിലും ഭംഗിയായിരിക്കണം. അതിനാൽ ജയ്പൂർ സ്‌റ്റൈലിലുള്ള, ബോഹീമിയൻ ലുക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുത്തു.'' നവീൻ പറയുന്നു.
സ്‌നേഹസാഗരം
കാണികളുടെ പ്രതികരണത്തിൽ നിന്ന് ലഭിക്കുന്ന സന്തോഷം വളരെ വലുതാണെന്ന് നവീൻ. ''കഴിഞ്ഞ നവംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചുനടന്ന ഭജനയുടെ ധാരാളം വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരുന്നു. അതിലൊരു വീഡിയോയ്ക്ക് താഴെ വന്ന കമന്റ് ഞാൻ ശ്രദ്ധിച്ചു. ജീവിതത്തിൽ ഇന്നേവരെ ഗുരുവായൂരിൽ ഇത്രവലിയ തിരക്ക് കണ്ടിട്ടില്ലെന്നായിരുന്നു ആ വീഡിയോക്ക് താഴെ വന്ന ഒരു കമന്റ്. 25 വർഷങ്ങളായി ഗുരുവായൂരിൽ കട നടത്തുന്ന ഒരാളുടെ കമന്റായിരുന്നു അത്.
പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ ഈ തിരക്കൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. വീഡിയോ കണ്ടപ്പോഴാണത് മനസ്സിലായത്. ആ തിരക്കിൽ ഭജന കേൾക്കാനാവാതെ ഒരുപാടുപേർക്ക് മടങ്ങിപ്പോകേണ്ടിയുംവന്നു. എന്നാൽ അത് സൗണ്ട് സിസ്റ്റത്തിന്റെ പ്രശ്‌നം കാരണമായിരുന്നില്ല. ഗുരുവായൂരിൽ ഒരു നിശ്ചിത ശബ്ദത്തിൽ മാത്രമെ പാട്ടുവെക്കാവൂ എന്ന് സുപ്രീം കോടതി വിധിയുണ്ട്. ഇനി എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന വിധം ഒരു പരിപാടി ചെയ്യണം എന്ന് ആഗ്രഹമുണ്ട്.''
ഗ്ലോബൽ യാൻ
കേരളത്തിലും യു.എ.ഇയിലുമായാണ് നന്ദഗോവിന്ദം സംഗീതപരിപാടികൾ അവതരിപ്പിക്കുന്നത്. വൈകാതെ കൂടുതൽ സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ''ഭജൻ കണക്ട് ഈ വർഷം മെയ് മാസത്തോടെ അവസാനിക്കും. അവസാന പ്രോഗ്രാം ഞങ്ങളുടെ സ്വന്തം നാട്ടിൽ, കോട്ടയത്ത്, വിപുലമായ രീതിയിൽ നടത്താനാണ് തീരുമാനം. കൂടാതെ, ഓസ്ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും പരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. പല രാജ്യങ്ങളിൽ ഭജന അവതരിപ്പിക്കുന്ന 'നന്ദഗോവിന്ദം ഭജൻസ് ഗ്ലോബൽ യാൻ' എന്ന പ്രൊജക്ടും താമസിയാതെ നടപ്പിലാക്കും. അതോടൊപ്പം ഇന്ത്യയിലെ പ്രധാന ഇടങ്ങളിലെല്ലാം ഭജന അവതരിപ്പിക്കണമെന്നുണ്ട്.'' നന്ദഗോവിന്ദം അതിനുള്ള ഒരുക്കത്തിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Nandagovindam Bhajans` journey through devotional music. Experience their blend of tradition & innovation. Feel the spiritual resonance
Published: 26 Jan 2026, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented