ദീപാവലി ദിനത്തിൽ ആരാധകർക്ക് സർപ്രെെസ് നൽകികൊണ്ട് മകൾ ദുവയുടെ ചിത്രം, പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. മകൾ ജനിച്ച് ഒരു വർഷത്തിനിപ്പുറം ഇതാദ്യമായാണ് താരദമ്പതികൾ മകളുടെ മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ആരാധകർ പലപ്പോഴും ദുവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോ എന്നാവശ്യപ്പെട്ടിരുന്നെങ്കിലും അതിനുവേണ്ടി ദീപാവലി ദിവസമാണ് ഇരുവരും തിരഞ്ഞെടുത്തത്.

To advertise here,

എഐയിൽ നിർമിച്ച ചിത്രങ്ങൾ ദുവയുടേതെന്ന പേരിൽ പ്രചരിക്കാറുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങൾ കണ്ടപ്പോഴും എഐ ചിത്രമാണെന്നാണ് പലരും ആദ്യം കരുതിയത്.

എന്തായാലും അമ്മയുടെ കൈകളിലിരുന്ന് പുഞ്ചിരി തൂവുന്ന കുഞ്ഞു ദുവയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി. ചുവന്ന സൽവാർ അണിഞ്ഞ, ദുവയ്ക്കൊപ്പം അതീവ സന്തുഷ്ടരായി നിൽക്കുന്ന രൺവീറിനെയും ദീപികയെയും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 2 മില്യൺ ലൈക്കുകളാണ് പോസ്റ്റിനു ലഭിച്ചത്. ഇതുവരെ 6.3 മില്യൺ ലൈക്കുകൾ ലഭിച്ചു.

ദീപികയും മകൾ ദുവയും ട്വിന്നിങ് ട്രെൻഡ് പിൻതുടരുകയാണ് ചിത്രങ്ങളിൽ. ഗോൾഡൻ എംബ്രോയ്ഡറി വർക്കുള്ള കടും ചുവപ്പ് അനാർക്കലി സ്യൂട്ടും ദുപ്പട്ടയുമാണ് ദീപികയുടെ വേഷം. അമ്മയുടെ ഡ്രസ്സിന് മാച്ചിങ്ങാണ് കുഞ്ഞു ദുവയുടെ വേഷവും. ദീപികയും രൺവീറും മാത്രമല്ല, ഇരുപതിനായിരത്തിലേറെ ഇൻസ്റ്റഗ്രാം പേജുകളാണ് ദുവയുടെ ചിത്രങ്ങൾ റീപോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലെങ്ങും കുഞ്ഞു ദുവയുടെ മുഖമാണിപ്പോൾ നിറയുന്നത്.

ദുവയുടെ ജനനത്തിനു ശേഷം അപൂർവ്വമായി മാത്രമേ ദീപിക പദുകോണിനെ പൊതുപരിപാടികളിൽ കാണാറുള്ളൂ.

നിരവധി ബോളിവുഡ് സിനിമാതാരങ്ങളും മലയാളത്തിലെ പ്രമുഖ താരങ്ങളും അടക്കമുള്ളവർ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. ‘ദ ന്യൂ പാർലെ ജി ഗേൾ’, ‘മിനി ദീപിക’, ‘സോ ക്യൂട്ട്’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

2018 ലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. 2024 സെപ്റ്റംബർ എട്ടിനാണ് ഇരുവർക്കും മകൾ ജനിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi