ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നതാണ് കേസ്. 2022 ഒക്ടോബര്‍ 14-നാണ് സംഭവം നടന്നത്. 11 ദിവസങ്ങള്‍ക്കുശേഷം ആസ്പത്രിയില്‍വെച്ച് ഷാരോണ്‍ മരിക്കുകയും ചെയ്തു.
കേരളത്തില്‍ അവസാനമായി തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെയാണ്. മോഷണത്തിനിടയില്‍ 14 പേരെ തലയ്ക്കടിച്ച് കൊന്നതിനാണ് ഈ ശിക്ഷ ലഭിച്ചത്. ഓരോ വീടുകളിലും കടന്നുചെന്ന് ആളുകളുടെ തലയ്ക്കടിച്ചശേഷം ആഭരണങ്ങളും പണവും കവരുന്നതായിരുന്നു ചന്ദ്രന്റെ രീതി. ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുന്നതുകൊണ്ടാണ് റിപ്പര്‍ എന്ന പേര് വന്നതും. ഹൈവേ, റെയില്‍വേപ്പാത എന്നിവയോട് ചേര്‍ന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളിലാണ് ചന്ദ്രന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. പുരുഷന്‍മാരില്ലാത്ത വീടുകളാണ് അധികവും ചന്ദ്രന്‍ തിരഞ്ഞെടുത്തത്.
14-ാം വയസ്സുമുതല്‍ തന്നെ ചന്ദ്രന്‍ മോഷണങ്ങള്‍ തുടങ്ങിയിരുന്നു. സ്വന്തം നാടായ നീലേശ്വരം വിട്ട് കര്‍ണാടകയിലേക്ക് പോയ ഇയാള്‍, ചെറിയ മോഷണങ്ങളിലൂടെയാണ് കുറ്റകൃത്യങ്ങളിലേക്ക് കടന്നത്. കൈനിറയെ കാശുമായി ഇടയ്‌ക്കൊക്കെ നാട്ടിലെത്തിയിരുന്ന ചന്ദ്രന് ബിസിനസ് ആണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.
1985 സെപ്റ്റംബര്‍ 10-നാണ് ചന്ദ്രന്‍ ആദ്യത്തെ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആളുകള്‍ പേടിയോടെയായിരുന്നു അന്ന് രാത്രികള്‍ കഴിച്ചുകൂട്ടിയത്. സന്ധ്യ മയങ്ങിയാല്‍ ആളുകള്‍ പുറത്തിറങ്ങാതായി. ഏത് നേരത്തും വീട്ടിലേക്ക് കടന്നുവരുന്ന മരണദൂതനായിരുന്നു അവര്‍ക്ക് റിപ്പര്‍ ചന്ദ്രന്‍. രാത്രികളില്‍ ഉറങ്ങാതെ കാവല്‍നിന്ന നാളുകളായിരുന്നു. രാത്രി ഉറങ്ങാന്‍ മടിച്ചിരുന്ന കുട്ടികളെ റിപ്പര്‍ വരുമെന്ന് പേടിപ്പിച്ച് ഉറക്കിയ കാലമുണ്ടായിരുന്നു.
ഒരുവര്‍ഷത്തിനിടയിലാണ് 14 കൊലപാതകങ്ങളും നടത്തിയത്. അവസാന കൊലപാതകം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ ചന്ദ്രന്‍ പോലീസിന്റെ പിടിയിലായി. കോടതി വധശിക്ഷ വിധിച്ചശേഷം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ചന്ദ്രനെ മാറ്റി. പിന്നീടുള്ള നാലുവര്‍ഷം ഏകാന്തതടവിലായിരുന്നു ചന്ദ്രനെ പാര്‍പ്പിച്ചത്.
വധശിക്ഷയ്ക്ക് എതിരെ ചന്ദ്രന്‍ സുപ്രീംകോടതിയില്‍ പോയെങ്കിലും, ശിക്ഷ ശരിവെച്ചു. പിന്നീട് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതും തള്ളി. 1991 ജൂലായ് 6-നാണ് ചന്ദ്രന്റെ ശിക്ഷ നടപ്പിലാക്കുന്നത്. ആരാച്ചാരുടെ തസ്തിക ഇല്ലാത്തതിനാല്‍ ജില്ലാ ജയില്‍ സൂപ്രണ്ട് തന്നെ ഇതേറ്റെടുക്കുകയായിരുന്നു. കോടതി വധശിക്ഷ കുറ്റവാളികള്‍ സംസ്ഥാനത്തെ ജയിലുകളിലുണ്ട്. അതില്‍ പലരും ശിക്ഷാ ഇളവിനായി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
Content Highlights: greeshma gets death penalty for murdering sharon raj
Published: 20 Jan 2025, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented