വർണച്ചിറകുള്ള, പൂവുകള്‍ തോറും പറന്നുനടക്കുന്ന ചിത്രശലഭങ്ങളെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. പ്രകൃതിയുടെ ഏറ്റവും സുന്ദരമായ സൃഷ്ടികളിലൊന്നാണിവ. പ്യൂപ്പയില്‍ നിന്നും പുഴുവിലേക്കും പിന്നെ ചിറകുള്ള പൂമ്പാറ്റയിലേക്കുമുള്ള അവയുടെ രൂപപരിണാമം തന്നെ അതിമനോഹരമായ ജീവിതദര്‍ശനം തരുന്നതാണ്. ഭൂമിയിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്ന പരാഗണപ്രക്രിയയിലെ മുഖ്യ പങ്കാളി കൂടിയാണ് ചിത്രശലഭങ്ങള്‍.
19000-ലധികം തരം ചിത്രശലഭങ്ങള്‍ ഭൂമിയില്‍ ഉണ്ട്. ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങിയ ജീവിതചക്രമാണ് ഇവയ്ക്ക്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും ചിത്രശലഭങ്ങളുണ്ട്. അനേകം വലിപ്പത്തിലും നിറത്തിലും ആകൃതിയിലും ഇവ കാണപ്പെടുന്നു. ചിറകുകള്‍ വിടര്‍ത്തിയാല്‍ 12 ഇഞ്ചോളം വലിപ്പമുള്ള ക്വീന്‍ അലെക്സാന്‍ഡ്രാസ് ബേര്‍ഡ്‌വിങ് ആണ് ലോകത്തെ ഏറ്റവും വലിയ ചിത്രശലഭം. പപ്പുവ ന്യൂ ഗിനിയയിലാണ് ഇവ കാണപ്പെടുന്നത്. ഹിമാലയന്‍ ഗോള്‍ഡന്‍ ബേര്‍ഡ്‌വിങ് എന്ന ഇനമാണ് ഇന്ത്യയിലെ ഏറ്റവും വലുത്.
ഭൂമിയിലെ 20 ശതമാനം ചിത്രശലഭങ്ങളും കാണപ്പെടുന്നത് ഒരു രാജ്യത്താണ്. 3642 സ്പീഷീസുകളും 2085 ഉപസ്പീഷീസുകളുമാണ് ഇവിടെയുള്ളത്. ഇതില്‍ ഏതാണ്ട് ഇരുനൂറോളം സ്പീഷീസുകള്‍ ഇവിടെ മാത്രം ഉള്ളതാണ്. ലാറ്റിന്‍ അമേരിക്കയിലെ കൊളംബിയയാണ് ഈ രാജ്യം. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നടത്തിയ പഠനത്തിലാണ് കൃത്യമായ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ജൈവവൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് കൊളംബിയ. പസിഫിക് ചോക്കോ മേഖലയിലെ ഈര്‍പ്പമുള്ള കാടുകളും ആന്‍ഡീസ് മലനിരകളോട് ചേര്‍ന്നുള്ള വാനപ്രദേശങ്ങളും ലാനോസിലെ പുല്‍മേടുകളും ആമസോണ്‍ മഴക്കാടുകളും കൊളംബിയയെ ചിത്രശലഭങ്ങളുടെ രാജ്യമാക്കുന്നു. മൂന്ന് സമാന്തര മലനിരകളായി പിരിയുന്ന ആന്‍ഡീസ് ധാരാളം ഒറ്റപ്പെട്ട വനപ്രദേശങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ലോകത്ത് അപൂര്‍മായ 200 സ്പീഷീസുകള്‍ കൊളംബിയയില്‍ ഉണ്ടാകാന്‍ കാരണം അവിടുത്തെ സവിശേഷമായ ഭൂമി തന്നെ.
വനനശീകരണവും നഗരവത്കരണവും കൊണ്ട് ആവാസവ്യവസ്ഥ നഷ്ടമാകുന്നതാണ് ലോകത്തെ ചിത്രശലഭങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഇവയുടെ ജീവിതചക്രം താളം തെറ്റിക്കുന്നു. മലിനീകരണവും കീടനാശിനികളുടെ ഉപയോഗവും മറ്റ് വെല്ലുവിളികളാണ്. യൂറോപ്പില്‍ നടത്തിയ പഠനങ്ങളില്‍ 1990-കള്‍ക്ക് ശേഷം ലോകത്ത് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം കുറവുണ്ടായെന്ന് കാണിക്കുന്നു. 1950-കള്‍ക്ക് ശേഷം അമേരിക്കയില്‍ മാത്രം 5 സ്പീഷീസുകള്‍ക്ക് വംശനാശം വന്നിട്ടുണ്ട്.
Content Highlights: twenty percent of butterflies in the world are located in columbia
Published: 02 Jun 2025, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented