'ശ്രുതി' എന്ന സിനിമയ്ക്ക് യഥാര്‍ഥത്തില്‍ പാട്ടെഴുതേണ്ടിയിരുന്നത് സംവിധായകന്‍ മോഹന്റെ സുഹൃത്തായ എം.ഡി. രാജേന്ദ്രനാണ്. ഈണമൊരുക്കേണ്ടത് ജോണ്‍സണും. എന്തോ കാരണത്താല്‍ എം.ഡി.ആറിന് കമ്പോസിങ് സമയത്ത് ചെന്നൈയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഇനിയുള്ള മാര്‍ഗം അന്നത്തെ തിരക്കേറിയ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിനെ അഭയം പ്രാപിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ പൂവച്ചലും സ്ഥലത്തില്ല. ആകെ കുഴങ്ങി സംവിധായകനും സംഗീതസംവിധായകനും നിര്‍മാതാവും. അടുത്ത ദിവസം റെക്കോഡ് ചെയ്യേണ്ട പാട്ടുകളാണ്. ഈ പതിനൊന്നാം മണിക്കൂറില്‍ ഇനിയാരെ കിട്ടും പാട്ടെഴുതാന്‍?

മുറിയുടെ ഒരു കോണില്‍ എല്ലാം കൗതുകത്തോടെ കണ്ടും

കേട്ടുമിരുന്ന 'രോഷാകുലനായ' ചെറുപ്പക്കാരനിലേക്ക് ജോണ്‍സന്റെ കണ്ണുകള്‍ നീണ്ടുചെല്ലുന്നു.''ബാലാ, നിനക്കെഴുതിക്കൂടെ?'' ജോണ്‍സന്റെ ചോദ്യം. അവിശ്വസനീയതയോടെ മാഷിന്റെ മുഖത്തേക്ക് തുറിച്ചുനോക്കിയിരുന്നു യുവകവി. അത്യാവശ്യം കവിതയെഴുതുമെങ്കിലും സിനിമാപ്പാട്ടെഴുത്ത് സങ്കല്പങ്ങളില്‍ പോലുമില്ല. മാത്രമല്ല ഈണത്തിനനുസരിച്ചു വരികളെഴുതുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കൂടി വയ്യ താനും.

placeholder
ജോണ്‍സണ്‍ മാസ്റ്റര്‍

''പാട്ടെഴുതാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ആദ്യം മുതലേ ശ്രമിച്ചത്.''ചുള്ളിക്കാടിന്റെ ഓര്‍മ. ജോണ്‍സണ്‍ ശരിക്കും മാഷായി മാറി അപ്പോള്‍. കൈയിലെ ചൂരല്‍ വീശി, എഴുതിയില്ലെങ്കില്‍ നിന്നെക്കൊണ്ട് എഴുതിക്കും എന്ന് പറയുന്ന ആ പഴയ സ്‌കൂള്‍ മാഷ്. ''ഒരു ഘട്ടത്തില്‍ ഒളിച്ചോടാന്‍ വരെ ശ്രമിച്ചതാണ് ഞാന്‍. കൈയോടെ പിടികൂടി ഒരു മുറിയിലിട്ട് പൂട്ടിക്കളഞ്ഞു ജോണ്‍സണ്‍. ഈണത്തിനനുസരിച്ച് എഴുതാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോള്‍ നീ എന്തെങ്കിലും എഴുതിവെച്ചാല്‍ മതി, ബാക്കി ഞാന്‍ നോക്കിക്കോളാം എന്നായി അദ്ദേഹം. നിര്‍മാതാവ് കൂടി ആ യുദ്ധത്തില്‍ പങ്കുചേര്‍ന്നതോടെ മുങ്ങിക്കളയാന്‍ പറ്റാതായി എനിക്ക്.''

ഗത്യന്തരമില്ലാതെ ജോണ്‍സന്റെ ഹാര്‍മോണിയത്തിന് മുന്നില്‍ പേനയും കടലാസുമായി ഹാജരാകുന്നു കവി. ഡമ്മി വരികളോടെ ആദ്യ ഈണം സംഗീതസംവിധായകന്‍ പാടിക്കേള്‍പ്പിച്ചപ്പോഴേ വിയര്‍ത്തു തുടങ്ങിയെന്ന് ചുള്ളിക്കാട്. ''ഗാനസന്ദര്‍ഭം ഉള്‍ക്കൊണ്ടും കഥാപാത്രത്തിന്റെ മനസ്സറിഞ്ഞും അതേ സമയം ഈണത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ടും പാട്ടെഴുതുക ഒരു വെല്ലുവിളി തന്നെയായിരുന്നു. ഗാനരചന ഒരു അത്ഭുതകലയാണെന്നു തിരിച്ചറിഞ്ഞത് അന്നാണ്. ട്യൂണിന് അനുസരിച്ചു നന്നായി പാട്ടെഴുതുന്ന എല്ലാവരെയും മനസാ നമിച്ചു ഞാന്‍. എത്ര അദ്ധ്വാനിച്ചാലും എനിക്ക് അവരില്‍ ഒരാളാകാന്‍ കഴിയില്ലെന്ന സത്യം ആ ഇരിപ്പില്‍ ഞാന്‍ മനസ്സിലാക്കി.''

നിമിഷമാം ചഷകമേ

''എന്നിട്ടും 'ശ്രുതി'ക്ക് വേണ്ടി രണ്ട് പാട്ടുകള്‍ എഴുതിത്തീര്‍ത്തുവെന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുന്ന കാര്യം.'' അല്പം താളക്കൊഴുപ്പാര്‍ന്ന പാട്ടാണ് ആദ്യം എഴുതേണ്ടത്. മുകേഷ് ഗിറ്റാര്‍ വായിച്ചു പാടുന്ന ഒരു ഡിന്നര്‍ സോങ്. ജോണ്‍സണ്‍ മാഷ് പാടിക്കേള്‍പ്പിച്ച ഈണത്തിനൊത്ത് നവാഗത ഗാനരചയിതാവ് എഴുതി: 'നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദമോ ജീവിതം.' മാഷ് സന്തുഷ്ടന്‍.

അടുത്ത ഗാനം അല്പം കൂടി സീരിയസ് ആയിരുന്നു; സിനിമയില്‍ ഗീത വീണ വായിച്ചു പാടുന്ന ശാസ്ത്രീയസംഗീത സ്പര്‍ശമുള്ള പാട്ട്. ഇത്തവണ പാട്ടില്‍ അല്പം ഗൗരവം കൂടി കലര്‍ത്തി ചുള്ളിക്കാട്; കുറച്ചു സംസ്‌കൃതവും: 'ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും ഗിരിരാജ നന്ദിനി, ഗജമന്ദഗാമിനി..' പതിവ് സിനിമാപ്പാട്ടുകളിലൊന്നും കേള്‍ക്കാത്ത വാക്കുകളാണ് അധികവും. എങ്കിലും ആരും പരാതിയൊന്നും പറഞ്ഞില്ല.

ഗാനങ്ങള്‍ രണ്ടും യേശുദാസിന്റെയും ചിത്രയുടെയും സ്വരത്തില്‍ പിറ്റേന്ന് ജെമിനി സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്യപ്പെടുന്നു. മലയാള സിനിമക്ക് പുതിയൊരു ഗാനരചയിതാവിനെ വീണുകിട്ടിയ ദിവസം. ''അതേ സിനിമയില്‍ ഒരു നാടന്‍ പാട്ട് കൂടിയുണ്ടായിരുന്നു. നെടുമുടി വേണു എവിടെ നിന്നോ തപ്പിയെടുത്തതാണ്: 'ചീകി തിരുകിയ പീലിത്തിരുമുടി എങ്ങനഴിഞ്ഞതെടീ...' എന്നോ മറ്റോ തുടങ്ങുന്ന ആ പാട്ടും സിനിമയില്‍ വന്നത് എന്റെ പേരില്‍. അതിന്റെ പഴിയും ഞാന്‍ കേള്‍ക്കേണ്ടി വന്നു എന്നതാണ് കഥയുടെ രത്‌നച്ചുരുക്കം.'' ചുള്ളിക്കാട് ചിരിക്കുന്നു.

നെടുമുടിയുടേതാണ് 'ശ്രുതി'യുടെ കഥ. തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതണമെന്നായിരുന്നു നിശ്ചയമെങ്കിലും അഭിനയത്തിരക്കിലാണ് അന്ന് വേണു. പ്രിയദര്‍ശന്‍ ചിത്രമായ 'താളവട്ട'ത്തിന്റെ ഷൂട്ടിങ്ങിന് ഉടന്‍ ഊട്ടിയില്‍ എത്തിച്ചേരണം. 'ശ്രുതി'യുടെ റിലീസ് തീയതിയാണെങ്കില്‍ അടുത്തുവരികയാണ് താനും.ഗത്യന്തരമില്ലാതെ വേണു നാട്ടില്‍ നിന്ന് സുഹൃത്തായ ചുള്ളിക്കാടിനെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തുന്നു. ''കഥയുടെ വണ്‍ലൈന്‍ നമുക്കിരുന്ന് റെഡിയാക്കാം. അതുകഴിഞ്ഞാല്‍ ഞാന്‍ സ്ഥലം വിടും. തിരക്കഥയും സംഭാഷണവും എഴുതാന്‍ ബാലന്‍ മോഹനെ സഹായിക്കണം.'' അതാണ് ആവശ്യം.

സ്‌നേഹപൂര്‍വമുള്ള ആ നിര്‍ബന്ധത്തിന് വഴങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു ചുള്ളിക്കാടിന്. പാട്ടെഴുത്ത് എന്നൊരു ഭീഷണി കൂടി അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടെന്ന് ആരോര്‍ത്തു അപ്പോള്‍? ആ സാഹസം കൂടി കഷ്ടിച്ചു നിര്‍വഹിച്ചു തീര്‍ത്ത ശേഷം ഇനിയൊരിക്കലും സിനിമാപ്പാട്ടെഴുത്തിനില്ല എന്ന് തീരുമാനിച്ചുറച്ചാണ് ചെന്നൈ വിട്ടതെന്ന് കവി. ആ പ്രതിജ്ഞ അധികം വൈകാതെ ലംഘിക്കേണ്ടി വന്നു ചുള്ളിക്കാടിന.് ഇത്തവണ ആരാധനാപാത്രമായ ഭാസ്‌കരന്‍ മാഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി. ''അതും യാദൃച്ഛികമായി സംഭവിച്ചതാണ്. പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത 'പ്രദക്ഷിണ'ത്തില്‍ അഭിനേതാവായി ഞാനും ഉണ്ടായിരുന്നു.

പാട്ടുകള്‍ ഒരുക്കുന്നത് ഭാസ്‌കരന്‍ മാഷും രവീന്ദ്രനും. അവസാനനിമിഷമാണ് ഒരു ഗാനസന്ദര്‍ഭം കൂടി സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ തീരുമാനിച്ചത്. രണ്ടു പാട്ടുകള്‍ എഴുതിത്തീര്‍ത്ത് മാഷ് സ്ഥലം വിട്ടിരുന്നു അപ്പോഴേക്കും. മൂന്നാമത്തെ പാട്ടുകൂടി മാഷെ കൊണ്ട് എഴുതിക്കാമെന്നു വെച്ചാല്‍ നടക്കില്ല. അദ്ദേഹം ഗള്‍ഫ് പര്യടനത്തിലാണ്. രവീന്ദ്രന്‍ വിളിച്ചുചോദിച്ചപ്പോള്‍ ബാലന്‍ അവിടെയുണ്ടല്ലോ അവന്‍ എഴുതട്ടെ എന്നായിരുന്നു മാഷിന്റെ മറുപടി. പതിവുപോലെ എങ്ങനെയും ഒഴിഞ്ഞുമാറാനായിരുന്നു എന്റെ ശ്രമം. ഒടുവില്‍ മാഷ് തന്നെ നേരിട്ട് വിളിച്ച് എഴുതാന്‍ പറഞ്ഞപ്പോള്‍ വഴങ്ങാതെ വയ്യെന്നായി. അങ്ങനെ എഴുതിപ്പോയതാണ് ചിത്ര പാടിയ 'കാണാമറയത്ത് കൈതപ്പൂ വിരിയും പോലെ' എന്ന പാട്ട്. രവീന്ദ്രന്റെ ഈണത്തിനനുസരിച്ച് കുറിച്ച വരികള്‍.''

പിന്നീട് 'എബ്രഹാം ലിങ്കണ്‍', 'പൂമരം' എന്നീ സിനിമകള്‍ക്ക് വേണ്ടിയും പാട്ടെഴുതി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു 'ലിങ്കണി'ലെ സാഹസം. ''ആ പടത്തില്‍ കലാഭവന്‍ മണിയും റിമി ടോമിയും പാടുന്ന ഒരു നാടന്‍ പാട്ടുണ്ട്. 'കേഴമാന്‍ കണ്ണാളേ...' മണി തന്നെ എവിടെ നിന്നോ സംഘടിപ്പിച്ച പാട്ടാണ്. നിര്‍ഭാഗ്യവശാല്‍ ആ വരികളുടെ പിതൃത്വവും ചാര്‍ത്തിക്കിട്ടിയത് എനിക്ക്.'' എന്തായാലും ഇനി ആ മേഖലയിലേക്കില്ല എന്ന് കവി.

നമിക്കുന്നു പാട്ടെഴുത്തുകാരെ

''സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്നത് എളുപ്പമുള്ള ഏര്‍പ്പാടാണ് എന്നതായിരുന്നു എത്രയോ കാലം എന്റെ ധാരണ.'' ചുള്ളിക്കാടിന്റെ വാക്കുകള്‍. ''പാട്ടെഴുതാനിരുന്നപ്പോഴാണ് കവിതയെഴുത്തിനേക്കാള്‍ പതിന്മടങ്ങ് ദുഷ്‌കരമാണതെന്ന് മനസ്സിലായത്. കവിത നമ്മുടെ ആത്മാവിഷ്‌കാരമാണ്. ഇഷ്ടം പോലെ സ്വാതന്ത്ര്യമുണ്ടവിടെ. തോന്നിയ പോലെ എഴുതിയാലും ആരും ചോദിക്കാനില്ല. പക്ഷേ പാട്ടില്‍ ഉള്ളത് നമ്മുടെ അനുഭവമണ്ഡലമേ അല്ല. നമ്മുടേതല്ലാത്ത ഭാഷ, ഭാവന ഒക്കെയാണ് അവിടെ ആവശ്യം. ഒരു തരം പരകായപ്രവേശം. ഈ സങ്കീര്‍ണ്ണവശം അറിയാത്തവരേ ഗാനരചയിതാക്കളെ വിലകുറച്ചു കാണൂ. എനിക്കതറിയുന്നതുകൊണ്ട് നല്ല പാട്ടെഴുത്തുകാരെ കണ്ടാല്‍ ഇന്നും അറിയാതെ എണീറ്റുനിന്ന് വണങ്ങിപ്പോകും.''

ഏറെ പ്രിയപ്പെട്ട ഭാസ്‌കരന്‍ മാഷിന്റെ ഒരു ലളിതഗാനം ഓര്‍മയില്‍ നിന്ന് മൂളുന്നു ചുള്ളിക്കാട്: 'മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി, അപ്പോള്‍ മധുമാസചന്ദ്രന്‍ വന്നു മടങ്ങിപ്പോയി...' ''എത്ര ലളിതമായ ഭാവന. കേള്‍ക്കുമ്പോള്‍ തോന്നും ആര്‍ക്കും എഴുതാന്‍ കഴിയും ഇങ്ങനെയൊക്കെ എന്ന്. തെറ്റിദ്ധാരണയാണത്. ആ കോണ്‍സെപ്റ്റ് തന്നെ അപാരമല്ലേ? ഭാസ്‌കരന്‍ മാഷിനേ അത് സാധിക്കൂ. 'ഇരുട്ടിന്റെ ആത്മാവി'ലെ 'ഇരുകണ്ണീര്‍ തുള്ളികള്‍ ഒരു സുന്ദരിയുടെ കരിമിഴികളില്‍ വെച്ച് കണ്ടുമുട്ടീ' എന്ന പാട്ട് മറ്റൊരു ഉദാഹരണം. കഥാപാത്രത്തിന്റെ ഉള്ളില്‍ കടന്നുചെന്ന് സിനിമയിലെ സന്ദര്‍ഭത്തിന് ഇണങ്ങും വിധം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും ലളിതമായി, കാവ്യാത്മകമായി എഴുതാന്‍ കവിത്വം മാത്രം പോരാ. അത് വേറൊരു കലയാണ്. അത്ഭുതകല എന്ന് തന്നെ വിളിക്കണം അതിനെ.'' ചുള്ളിക്കാട്.

ഭാസ്‌കരന്‍ മാഷിന്റെ ഗാനരചനാപാടവത്തിന് ഒരിക്കല്‍ നേരിട്ട് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ചുള്ളിക്കാട്. 'ഡെയ്‌സി' എന്ന പടം. സുഹൃത്തായ സംവിധായകന്‍ പ്രതാപ് പോത്തന്റെ ക്ഷണം സ്വീകരിച്ച് സംഭാഷണ രചനയില്‍ സഹായിക്കാന്‍ ചെന്നതാണ് കവി. പാട്ടുകള്‍ ഒരുക്കുന്നത് ഭാസ്‌കരന്‍- ശ്യാം ടീം. ''ശ്യാമിന്റെ ട്യൂണ്‍ മനസ്സിലേക്ക് ആവാഹിച്ച് ഭാസ്‌കരന്‍ മാഷ് പാട്ടെഴുതാന്‍ ഇരിക്കുമ്പോള്‍ തൊട്ടരികെ കാഴ്ചക്കാരനായി ഞാനുമുണ്ട്. വെറും പത്തു മിനിറ്റിലാണ് മാഷ് ആദ്യത്തെ പാട്ടെഴുതിയത് 'ഓര്‍മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം...' എങ്ങനെ നമിക്കാതിരിക്കും അദ്ദേഹത്തെ?''

placeholder
ബാലചന്ദ്രന്‍ ചുള്ളിക്കാട്

പാട്ടെഴുത്ത് ഈണത്തിനൊത്താകുന്നതില്‍ തെറ്റൊന്നും കാണുന്നില്ല ചുള്ളിക്കാട്. ''അങ്ങനെയും നല്ല ഗാനങ്ങള്‍ പിറന്നിട്ടുണ്ട് നമ്മുടെ സിനിമയില്‍. ഉദാത്തമായ ഗാനങ്ങള്‍. നിര്‍ഭാഗ്യവശാല്‍ പാട്ടില്‍ കാവ്യഭംഗി പോയിട്ട് അര്‍ഥഭംഗി പോലും വേണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ പല സംഗീത സംവിധായകരും. ഈണത്തിനകത്ത് കുറെ വാക്കുകള്‍ തിരുകിവെക്കുന്നതിനപ്പുറത്ത് വേറൊരു സര്‍ഗാത്മകതയും ആവശ്യപ്പെടുന്നില്ല അവരുടെ സൃഷ്ടികള്‍. അതുകൊണ്ടുതന്നെ പുതിയ പല പാട്ടുകളും കേള്‍ക്കുമ്പോള്‍ സഹതാപം തോന്നും.''

എങ്ങനെ തോന്നാതിരിക്കും?

എഴുതിക്കിട്ടിയ ഒ .എന്‍. വി രചന ആദ്യവായനയില്‍ തന്നെ ഹാര്‍മോണിയത്തില്‍ മനോഹരമായ ഈണമാക്കി മാറ്റിയ ദക്ഷിണാമൂര്‍ത്തി സ്വാമിയെപ്പോലുള്ള സംഗീതമാന്ത്രികര്‍. അവരെ കണ്ടു വിസ്മയിച്ചു നിന്ന ഒരാള്‍ക്ക് അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സംവിധായകന്‍ ഭദ്രനോടൊപ്പം പാട്ടുകളുമായി ദക്ഷിണാമൂര്‍ത്തിയെ കാണാന്‍ ചെന്നതായിരുന്നു 'ഇടനാഴിയില്‍ ഒരു കാലൊച്ച'യുടെ സംഭാഷണ രചയിതാവ് കൂടിയായ ചുള്ളിക്കാട്. ഒ.എന്‍.വിയുടെ വരികള്‍ സ്വാമി വായിച്ചത് തന്നെ നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഈണത്തില്‍: 'വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ, അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ച കേട്ടു....'ഗാനസാഹിത്യത്തിന് പുല്ലുവില പോലും കല്‍പ്പിക്കാത്ത ചില പുതിയ സംഗീത സ്രഷ്ടാക്കളുമായി ഇടപഴകേണ്ടി വരുമ്പോള്‍ സ്വാമിയെ ഓര്‍ക്കും ചുള്ളിക്കാട്. മനസ്സുകൊണ്ട് അദ്ദേഹത്തെ താണുവണങ്ങും.