ബ്രിട്ടനില്‍ പ്രസവാവധി കഴിഞ്ഞശേഷം വീണ്ടും ഗര്‍ഭിണിയായ വനിതയെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. 2022-ലാണ് സംഭവം. പോണ്ടിപ്രിഡിലെ ഫസ്റ്റ് ഗ്രേഡ് പ്രോജക്റ്റ്‌സ് എന്ന കമ്പനിയിലെ അഡ്മിന്‍ അസിസ്റ്റന്റായ നികിത ട്വിറ്റ്‌ച്ചെന്‍ എന്ന വനിതയ്ക്കാണ് ദുരനുഭവമുണ്ടായത്. വീണ്ടും ഗര്‍ഭിണിയായതിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്നു കാട്ടി അവര്‍ നിയമനടപടിയിലേക്ക് നീങ്ങിയിരുന്നു. ഇപ്പോള്‍ കമ്പനി നഷ്ടപരിഹാരം കൊടുക്കണമെന്ന് വിധിച്ചിരിക്കുകയാണ് ട്രൈബ്യൂണല്‍.

സംഭവമിങ്ങനെ, 2022 ഫെബ്രുവരിയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതു സംബന്ധിച്ച് സംസാരിക്കാന്‍ എം.ഡി. ജെര്‍മി മോര്‍ഗനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ തിരികെയെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച എം.ഡിയോട് രണ്ടാമതും ഗര്‍ഭിണിയായ വിവരം അവര്‍ വെളിപ്പെടുത്തി. ഇതുകേട്ടതോടെ പെട്ടെന്ന് അദ്ദേഹത്തിന്റെ സംസാരരീതി മാറിയെന്നും കുറച്ചുദിവസങ്ങള്‍ക്കുശേഷം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നെന്നും യുവതി പറയുന്നു. അദ്ദേഹത്തിന്റെ സംസാരരീതിയില്‍ നിന്നാണ് തന്റെ ജോലി പോവാനുള്ള കാരണം ഗര്‍ഭിണിയായതാണെന്ന് അവര്‍ മനസ്സിലാക്കിയത്. 

2022 മാര്‍ച്ചിലാണ് പ്രസവാവധി കഴിയുന്നത്. തിരികെ ജോലിക്കെത്തുന്നതു സംബന്ധിച്ച് കമ്പനിയില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയില്ല, അങ്ങനെ ഏപ്രിലില്‍ മെയില്‍ ചെയ്ത് വിവരമന്വേഷിച്ചു, തുടര്‍ച്ചയായി പ്രതികരണം ചോദിച്ചെങ്കിലും കമ്പനി മറുപടി തന്നില്ല. പിന്നീട് ബോസ് വിളിച്ച്, കമ്പനി നഷ്ടത്തിലാണെന്നുപറഞ്ഞു, മാത്രമല്ല, പുതിയ സോഫ്റ്റ് വെയർ ഇന്‍സ്റ്റാള്‍ ചെയ്തെന്നും നികിത ചെയ്തിരുന്ന ജോലി ഇനി കമ്പനിയിലില്ലെന്നും.  

ഇപ്പോൾ യുവതിക്ക് അനുകൂലമായി ട്രൈബ്യൂണല്‍ വിധി വന്നിരിക്കുകയാണ്. 28,000 (ഏകദേശം 30.64 ലക്ഷം രൂപ) പൗണ്ട് കമ്പനി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ഫെബ്രുവരിയില്‍ യുവതിയെ കാണുമ്പോള്‍ മേലുദ്യോഗസ്ഥന്‍ പുതിയ സോഫ്റ്റ് വെയറിന്റെ കാര്യമോ, സാമ്പത്തികപ്രതിസന്ധിയോ ഒന്നും പറഞ്ഞിരുന്നില്ല. 

പുതിയ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തതിന്റെയും സാമ്പത്തികബുദ്ധിമുട്ടിന്റെയും തെളിവ് ഹാജരാക്കാത്തതിന് ജഡ്ജി ആദ്യം വിമര്‍ശിക്കുകയും ചെയ്തു. ഗര്‍ഭിണിയായതുതന്നെയാണ് പുറത്താക്കാന്‍ കാരണമെന്ന് വിലയിരുത്തിയ ജഡ്ജി അത് വിവേചനമാണെന്നും സ്ത്രീക്ക് മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി.