കരിമ്പൂച്ച കുറുകെച്ചാടിയാൽ ദുശ്ശകുനമാണെന്ന് കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്. പക്ഷേ, ബ്രിട്ടിഷുകാർക്ക് അങ്ങനെയല്ല കാര്യങ്ങൾ. കരിമ്പൂച്ച കുറുകെച്ചാടിയാൽ അവർ സന്തോഷിക്കും, കാരണം അത് നല്ല ലക്ഷണവും ഭാഗ്യവുമാണെന്നവർ വിശ്വസിക്കുന്നു. അലഞ്ഞുതിരിയുന്ന കരിമ്പൂച്ചകൾ വാതിൽക്കൽ വന്നാലും അവർക്ക് സന്തോഷം തന്നെ. ജപ്പാൻ, ഈജിപ്ത് എന്നിവിടങ്ങളടക്കം, പല സംസ്കാരങ്ങളും കരിമ്പൂച്ചകൾ സമൃദ്ധിയുടെയും ഭാഗ്യത്തിൻ്റെയും അടയാളമാണെന്ന് കരുതുന്നു.

To advertise here,

അതേസമയം, കറുത്ത പൂച്ചകളെ പാശ്ചാത്യ സംസ്കാരത്തിൽ തന്നെ ചിലയിടങ്ങളിൽ ദുർമന്ത്രവാദവുമായി ബന്ധപ്പെടുത്താറുണ്ട്, ദുശ്ശകുനമായും ചിലപ്പോഴൊക്കെ കണക്കാക്കും. അത്തരം അന്തവിശ്വാസങ്ങൾ പൂച്ചകൾക്ക് ഭീഷണിയാവാതിരിക്കാൻ കാറ്റലോണിയയിലെ സ്പാനിഷ് നഗരമായ ടെറാസ്സ അടുത്തിടെ ഒരു നടപടിയെടുത്തിരുന്നു. ഹാലോവീൻ സമയത്ത് കറുത്ത പൂച്ചകളെ ദത്തെടുക്കുന്നത് താൽക്കാലികമായങ്ങ് നിരോധിച്ചു. ഹാലോവീൻ സമയത്ത് കരിമ്പൂച്ചകളെ വെച്ച് ദുർമന്ത്രവാദമെന്തെങ്കിലും നടക്കുമോയെന്ന ഭയമായിരുന്നു കാരണം. ഹാലോവീൻ കാലത്ത് പൂച്ചകളെ ഉപദ്രവിക്കുന്നതിൽ നിന്നും അവയെ അലങ്കാര വസ്തുക്കളായി ഉപയോഗിക്കുന്നതിൽ നിന്നുമെല്ലാം ആളുകളെ തടയുകയായിരുന്നു ലക്ഷ്യം. അത്തരം ആചാരങ്ങൾ പൂച്ചകളുടെ ജീവനുതന്നെ ഭീഷണിയാവാൻ സാധ്യതയുണ്ട്.

ഒക്ടോബർ ആറുതൊട്ട് നവംബർ പത്തുവരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഹാലോവീൻ കാലമാകുമ്പോൾ കരിമ്പൂച്ചകളെ താൽക്കാലികമായി സംരക്ഷിക്കുന്നതിനും ദത്തെടുക്കുന്നതിനുമെല്ലാം ആളുകൾ കൂടുതൽ ശ്രമം നടത്താറുണ്ട്. ഇത്തരം എല്ലാ അഭ്യർഥനകളും നിരസിക്കുമെന്ന് പ്രാദേശിക മൃഗസംരക്ഷണ വകുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഹാലോവീൻ അടുത്തുവരുമ്പോൾ കറുത്ത പൂച്ചകളെ ദത്തെടുക്കാനുള്ള അപേക്ഷകൾ സാധാരണയായി വർധിക്കാറുണ്ടെന്ന് ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചതാണ്.

നഗരമേഖലകളിൽ കറുത്ത പൂച്ചകളോട് ക്രൂരത കാണിച്ചതായി അധികമൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഗ്രാമീണമേഖലയിൽ ചിലയിടങ്ങളിലെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രാദേശിക കണക്കനുസരിച്ച്, ടെറാസ്സയിൽ 9,800-ൽ അധികം പൂച്ചകളുണ്ട്. നഗരത്തിലെ ദത്തെടുക്കൽ കേന്ദ്രത്തിൽ ഏകദേശം 100 പൂച്ചകളാണുള്ളത്, അവയിൽ 12 എണ്ണം കറുത്തവയും. ഒരുപക്ഷേ, എല്ലാ ഹാലോവീൻ കാലത്തും ഇത്തരം നടപടികളുമായി അധികൃതർ മുന്നോട്ടു പോയേക്കാം. ഹാലോവീന് ശേഷം നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi