അയൽപക്കത്തെ വീടുകളിൽ കയറി സ്ഥിരമായി അടിവസ്ത്രങ്ങൾ മോഷ്ടിച്ച്, പരിസരവാസികളെ കുഴപ്പത്തിലാക്കുന്ന ഒരു പൂച്ചയുടെ കഥയാണിത്. ആണുങ്ങളുടെ അടിവസ്ത്രങ്ങളോടാണ് ഈ പൂച്ചയ്ക്ക് പ്രിയം. ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലുള്ള മൈരംഗി ബേ തീരപ്രദേശത്ത് താമസിക്കുന്ന കുടുംബത്തിന്റെ വളർത്തുപൂച്ചയാണിത്. പേര് ലിയോ, 15 മാസം പ്രായമുണ്ട്. പ്രത്യേക മോഷണ സ്വഭാവം കാരണം 'ലിയോനാർഡോ ഡാ പിഞ്ചി' എന്ന വിളിപ്പേരും പൂച്ചയ്ക്ക് ലഭിച്ചിട്ടുണ്ട്.

To advertise here,

ലിയോ മോഷ്ടിച്ചുകൊണ്ടുവന്നവയിൽ സിൽക്ക് ബോക്സർ ഷോർട്ട്സുകളും പുരുഷന്മാർ ധരിക്കുന്ന കട്ടിയുള്ള സോക്സുകളും ഉൾപ്പെടുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 181 ഡോളർ വിലവരുന്ന ഒരു കശ്മീരി സ്വെറ്ററും അഞ്ചടി നീളമുള്ള ഒരു പാവപ്പാമ്പിനെയും ഈ പൂച്ച മോഷ്ടിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

ഒരു വർഷംമുമ്പ്, ആദ്യമായി പുറത്തുവിട്ടു തുടങ്ങിയപ്പോൾ മുതലാണ് ലിയോയുടെ മോഷണശീലവും തുടങ്ങുന്നത്. മോഷ്ടിച്ചുകൊണ്ടുവരുന്ന വസ്ത്രങ്ങളുടെ യഥാർഥ ഉടമകളെ കണ്ടെത്താൻ ലിയോയുടെ ഉടമയായ ഹെലൻ നോർത്ത്, അയൽപക്കക്കാരുമായി ചേർന്ന് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്, പ്രാദേശിക ഫേസ്ബുക്ക് പേജും ഇതിനായി ഉപയോഗിക്കാറുണ്ട്.

അടിവസ്ത്രം മോഷ്ടിച്ചുകൊണ്ടുപോയാൽ ആർക്കായാലും കലിപ്പുതോന്നും, പക്ഷേ, ഇത്രയധികം മോഷണം നടന്നിട്ടും, ലിയോയോട് ദേഷ്യപ്പെടുന്നതിനു പകരം പ്രദേശവാസികൾക്ക് കൗതുകമാണെന്ന് ഹെലൻ പറയുന്നു. ഞങ്ങളുടെ എല്ലാ അയൽക്കാരും അവൻ അത്ഭുതമാണെന്നാണ് കരുതുന്നത്, ചിലർക്ക് അവരുടെ സാധനങ്ങളൊന്നും ലിയോ മോഷ്ടിക്കാത്തതിൽ ചെറിയ വിഷമമുണ്ടെന്നും ഹെലൻ പറയുന്നു.

ലിയോയുടെ മോഷണസ്വഭാവം അവസാനിപ്പിക്കാനും ഹെലൻ ഒന്നു ശ്രമിച്ചുനോക്കിയിരുന്നു. ലിയോയ്ക്ക് മോഷ്ടിക്കാനായി വീട്ടിൽ വസ്ത്രങ്ങൾ വെച്ചുകൊടുത്ത് അവനെ വീടിനകത്ത് നിർത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലിച്ചില്ല. എടുക്കാൻ പാടില്ലാത്ത സാധനങ്ങൾ മാത്രമേ അവൻ ആഗ്രഹിക്കുന്നുള്ളൂവെന്നും അവർ പറയുന്നു.

അതേസമയം, ലിയോയ്ക്ക് ഒരു സുഹൃത്തിനെ വാങ്ങണമെന്നും, അത് അവൻ്റെ മോഷണ സ്വഭാവം കുറയ്ക്കുമെന്നും ചിലർ സോഷ്യൽ മീഡിയയിൽ നിർദേശിക്കുന്നുണ്ട്. പക്ഷേ, മറ്റു പൂച്ചകളേയും ഇക്കാര്യങ്ങൾ ചെയ്യാൻ ലിയോ പഠിപ്പിച്ചേക്കുമെന്നാണ് ഉടമയുടെ ഭയം. അതിനൊപ്പംതന്നെ, ചെറുപ്രായത്തിലെ കുട്ടിക്കളികളാവാം ഇതെന്നും ലിയോ വളരുമ്പോൾ മോഷണസ്വഭാവം മാറ്റുമെന്നുമുള്ള പ്രതീക്ഷയിലാണവർ. പൂച്ച ജീവിതകാലം മുഴുവൻ മോഷണം തുടർന്നാൽ പൊല്ലാപ്പും തലവേദനയുമാകുമെന്നും ഹെലൻ തുറന്നുപറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi