ഇക്കഴിഞ്ഞ ദിവസമാണ് അവതാരകരായ ഭാർതി സിങ്ങും ഹർഷ് ലിംബാച്ചിയയും രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. മൂന്നുവയസ്സുള്ള ലക്ഷാണ് ഇവരുടെ ആദ്യത്തെ കുഞ്ഞ്.

To advertise here,

ആദ്യ തവണ താൻ ഗർഭിണിയായത് മാസങ്ങളോളം അറിഞ്ഞിരുന്നില്ലെന്ന് തുറന്നുപറയുകയാണ് ഭാർതി ഇപ്പോൾ. ''രണ്ടര മാസത്തോളം ഞാനതറിഞ്ഞതേയില്ല. എന്റെത് തടിയുള്ള ശരീരമല്ലേ. അങ്ങനെയുളളവർക്ക് പെട്ടെന്ന് അറിയാൻ പറ്റില്ല. ഞാൻ നന്നായി ഭക്ഷണം കഴിച്ചിരുന്നു, ഷൂട്ടിങ്ങിന് കൃത്യമായി പോയി, അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് പരിപാടികൾ ചെയ്തു, ഡാൻസ് റിയാലിറ്റി ഷോ അവതരിപ്പിക്കുമ്പോൾ മത്സരാർഥികൾക്കൊപ്പം നൃത്തം ചെയ്തു. പരിപാടി നടക്കുമ്പോൾ തന്നെ ഒരു ശ്രദ്ധയുമില്ലാതെ ഓടിനടക്കുമായിരുന്നു. ഒടുവിൽ ശരീരഭാരം വല്ലാതെ കൂടിയപ്പോഴാണ് ശ്രദ്ധിച്ചത്. അങ്ങനെയാണ് ചെക്ക് ചെയ്യുന്നതും. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടു. കുഞ്ഞിനുവേണ്ടി ആ സമയത്ത് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നില്ല. അതുകൊണ്ടാണ് പെട്ടെന്ന് ഞെട്ടിയതും''.

അതുകഴിഞ്ഞ് നാലുമാസത്തോളം ആ വിവരം മറച്ചുവെച്ചതിനെക്കുറിച്ചും ഹർഷും ഭാർതിയും പറഞ്ഞിട്ടുണ്ട്. ''കുറച്ചുപ്രശ്നങ്ങളുള്ളതുകൊണ്ട് ഗർഭിണിയാണെന്നുള്ള കാര്യം ആരോടും പറയേണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അങ്ങനെ നാലുമാസത്തോളം എന്റെയും ഹർഷിന്റെയും മാതാപിതാക്കളിൽനിന്ന് പോലും മറച്ചുവെച്ചു. അന്ന് ഡാൻസ് ദിവാനെ എന്ന പരിപാടി അവതരിപ്പിക്കുകയായിരുന്നു. അവിടെ സഹായം ചോദിക്കാൻ പറ്റിയ സ്ത്രീകളുമില്ല. അതുകൊണ്ട് ആകെ ബുദ്ധിമുട്ടായിരുന്നു. ഛർദിക്കാൻ തോന്നുമ്പോൾ മൈക്ക് ഓഫ് ചെയ്ത് ഞാൻ വാനിറ്റി വാനിലേക്ക് ഓടും. തടിയുള്ളതുകൊണ്ട് വയറിന് വലുപ്പം വെച്ചിട്ടും ആർക്കും മനസ്സിലായില്ല.''.

ഗർഭകാലത്തും ഭാർതി ഓടിനടന്ന് പരിപാടികൾ അവതരിപ്പിച്ചു. കുറച്ചുകാലത്തേക്ക് ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ എല്ലാവരും പറഞ്ഞിട്ടും അതിന് ഭാർതി തയ്യാറായില്ല. ''എന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചായിരുന്നു എല്ലാവരും മാറിനിൽക്കാൻ പറഞ്ഞത്. പക്ഷേ ജോലി ചെയ്യുമെന്ന് ഞാനുറപ്പിച്ചിരുന്നു'', ഭാർതി ഓർക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അവതാരകരിലൊരാളാണ് ഭാർതി. അവരുടെ സ്വതസിദ്ധമായ ശൈലിക്ക് ആരാധകരേറെയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi