നടന്‍ ബാലയെ രൂക്ഷമായി വിമര്‍ശിച്ച് മകള്‍ നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയാവുകയാണ്. തന്നെയും അമ്മയും ഗായികയുമായ അമൃത സുരേഷിനെയും കുടുംബത്തെയും ഒന്നടങ്കം വിഷമത്തിലാക്കുന്ന പ്രവൃത്തികളാണ് ബാല ചെയ്തുകൊണ്ടിരിക്കുന്നതെന്നും നിവൃത്തിയില്ലാതെയാണ് ഇങ്ങനെയൊരു തുറന്നുപറച്ചിലെന്നും മകള്‍ പറയുന്നു. 

'എന്നെയും എന്റെ മുഴുവന്‍ കുടുംബത്തെയും ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെപ്പറ്റിയാണ്‌ സംസാരിക്കാന്‍ പോകുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

'ഇതിനെപ്പറ്റി സംസാരിക്കാന്‍ ശരിക്കും താത്പര്യമില്ല. എനിക്ക് മടുത്തു. എന്റെ അമ്മയും മുഴുവന്‍ കുടുംബവും വിഷമമായി കാണുന്നത് എനിക്ക് പറ്റുന്നില്ല. എന്നെയും ഇത് ബാധിക്കുന്നുണ്ട്. യൂട്യൂബില്‍ എന്നെപ്പറ്റിയുള്ള കാര്യങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ പലരും എന്നോട് ചോദിക്കുന്നു, അത് ശരിയാണോ ഇത് ശരിയാണോ എന്നൊക്കെ. എനിക്കതിന്റെ മറുപടി പറയാന്‍ കിട്ടുന്നില്ല. ഞാനും എന്റെ അമ്മയും മോശമാണെന്നാണ് എല്ലാവരുടെയും വിചാരം. എന്നെ മിസ്സ് ചെയ്യുന്നു, ഭയങ്കര ഇഷ്ടമാണ്, എനിക്കൊരുപാട് ഗിഫ്റ്റ് അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞ് അച്ഛന്‍ ഒരുപാട് ഇന്റര്‍വ്യൂകളും വീഡിയോകളുമൊക്കെ ചെയ്തിട്ടുണ്ട്. അതിലൊന്നുപോലും ശരിയല്ല. എന്റെ അച്ഛനെ ഇഷ്ടപ്പെടാന്‍ എനിക്കൊരു കാരണം പോലുമില്ല. 

എന്നെയും അമ്മയെയുമെല്ലാം ശാരീരികമായി ഉപദ്രവിച്ചിട്ടുള്ളയാളാണ് അച്ഛന്‍. ഞാന്‍ വളരെ കുഞ്ഞായിരുന്നു, മദ്യപിച്ച് വീട്ടില്‍ വന്ന് അമ്മയെ മര്‍ദിക്കും. ഒരു കാരണവുമില്ലാതെ. എനിക്ക് അത് കാണുമ്പോള്‍ വിഷമമാവും. കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍ എന്റെ മുഖത്തേക്ക് ഒരു ഗ്ലാസ് ബോട്ടില്‍ എറിഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ടോര്‍ച്ചര്‍ ചെയ്തിട്ടുണ്ട്. അമ്മ കൈവെച്ച് ബ്ലോക്ക് ചെയ്തതുകൊണ്ടാണ് എനിക്ക് ഒന്നും പറ്റാതിരുന്നത്. ഒരു പ്രാവശ്യം കോടതിയില്‍ നിന്ന് അക്ഷരാര്‍ഥത്തില്‍ എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയി. ഒരു റൂമിലിട്ട് ഭക്ഷണമൊന്നും തരാതിരുന്നു.' ബാല പറയുന്നത് മുഴുവനും കള്ളമാണെന്നും കുട്ടി പറയുന്നു.