ക്രിസ്മസ് ദ്വീപ്, ഇന്ത്യൻമഹാസമുദ്രത്തിലുള്ളൊരു ചെറിയ ദ്വീപാണിത്. 1643-ലെ ഒരു ക്രിസ്മസ് ദിനത്തിലാണിത് കണ്ടുപിടിച്ചതെന്നും അങ്ങനെയാണതിന് ക്രിസ്മസ് ദ്വീപ് എന്ന് പേരുവന്നതെന്നുമാണ് രേഖകൾ പറയുന്നത്. 2021-ലെ കണക്കുകൾ പ്രകാരം 1600-ഓളം പേരാണ് ഇവിടെ ജീവിക്കുന്നത്.

അവിടെയും കീലിങ് ദ്വീപിലും മാത്രം കാണപ്പെടുന്ന ഒരുതരം കര ഞണ്ടുണ്ട്, ചുവപ്പ് നിറമാണതിന്. റെഡ് ക്രാബ് എന്നാണതിനെ വിളിക്കുന്നതും. ഒരുകാലത്ത് ക്രിസ്മസ് ദ്വീപിൽ മാത്രം 4 കോടിയിലേറെ റെഡ് ക്രാബ് ഉണ്ടായിരുന്നുവത്രേ.

ആൺ ഞണ്ടുകൾക്കാണ് വലുപ്പക്കൂടുതൽ. കടുംചുവപ്പാണ് ഇവയുടെ നിറം. എന്നാൽ, ചില സമയങ്ങളിലിത് ഓറഞ്ചും അപൂർവമായി പർപ്പിൾ നിറവുമാകാം. ഈർപ്പമില്ലാതെ അവയ്ക്ക് ജീവിക്കാൻ പറ്റില്ല. സൂര്യപ്രകാശവും പറ്റില്ല. അതുകൊണ്ട് വേനൽക്കാലത്ത് കുഴി കുഴിച്ച് അതിൽതന്നെ കഴിയും. അതിനുമുകളിൽ ഇലകൾ നിരത്തി മൂടുകയും ചെയ്യും. വെയിൽ ഉള്ളിലേക്ക് കടക്കാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്.

ചില ഞണ്ടുകൾ വർഷം മുഴുവൻ ചിലപ്പോൾ ഒരേ കുഴിയിൽ തന്നെ കഴിയും. 12 വർഷമാണ് അവയുടെ ആയുസ്സ്. ഇലകളും പഴങ്ങളും പൂക്കളുമൊക്കെയാണ് പ്രധാനഭക്ഷണം. അതിനൊപ്പം ആഫ്രിക്കൻ കര ഒച്ചുകൾ, ചത്ത മൃഗങ്ങൾ എന്നിവയെയും മനുഷ്യമാലിന്യങ്ങളും ഭക്ഷിക്കും. ചത്ത ചുവന്ന ഞണ്ടുകളെയും ചിലത് ഭക്ഷണമാക്കും.

ഒരുകാലത്ത് ദ്വീപിൽ മുഴുവൻ സ്വസ്ഥമായി വിഹരിച്ച, ചുവന്ന ഞണ്ടുകളുടെ എണ്ണം പിന്നീട് കുറയുകയായിരുന്നു. സമീപപ്രദേശങ്ങളിൽനിന്നുള്ള മഞ്ഞ ഉറുമ്പുകളുടെ വരവാണ് അതിനുപിന്നിലുള്ള പ്രധാനകാരണം. ആകസ്മികമായിട്ടാണ് ഉറുമ്പുകൾ ഇവിടെത്തിയത്. അവ കൂട്ടമായി ഞണ്ടുകളെ ആക്രമിക്കുകയും ചെയ്തു. ഉറുമ്പുകളുടെ ആക്രമണത്തിൽ ഒന്നര കോടിയോളം ഞണ്ടുകളാണ് കൊല്ലപ്പെട്ടത്.

വാർഷിക ദേശാടനം
കടൽത്തീരത്താണ് ചുവന്ന ഞണ്ടുകൾ ഇണചേരുന്നതും മുട്ടയിടുന്നതും. എല്ലാ വർഷവും അതിനായി കൂട്ടത്തോടെ കടൽത്തീരത്തേക്ക് യാത്രയാവും. ആൺ ഞണ്ടുകളാണ് ആ ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നത്. വഴിയിൽവെച്ച് പെൺഞണ്ടുകളും ചേരും. ആ യാത്ര ക്രിസ്മസ് ദ്വീപുകാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും ഒരു പ്രധാനസംഭവമാണ്. റോഡുകൾ മുറിച്ചുകടന്നും പാറക്കൂട്ടങ്ങളിലൂടെയും വെള്ളത്തിലൂടെയുമൊക്കെയാണ് ചുവന്ന ഞണ്ടുകൾ പോകുന്നത്. ലക്ഷക്കണക്കിന് ഞണ്ടുകളുണ്ടാവും ഇക്കൂട്ടത്തിൽ. അപ്പോൾ ആ പ്രദേശം മുഴുവൻ ചുവപ്പുനിറമാവും.

ഒക്ടോബർ-നവംബർ മാസങ്ങളിലാണ് മിക്കവാറും ഇവരുടെ ദേശാടനം നടക്കുന്നത്. ചിലപ്പോഴത് ഡിസംബർ മാസത്തിലുമാവാം. ആദ്യത്തെ മഴ പെയ്യുന്നതിനു തൊട്ടുമുമ്പ്, എന്നതാണ് കണക്ക്. മഴ നേരത്തെ പെയ്യുമെന്ന് തോന്നിയാൽ, അവ വളരെ പെട്ടെന്ന് കടൽത്തീരത്തേക്ക് പോവും. മഴ വൈകിയാൽ, യാത്രയ്ക്ക് കുറച്ചധികം സമയമെടുത്തേക്കും. ഭക്ഷണം കഴിച്ചും കുറേ സ്ഥലങ്ങളിൽ വിശ്രമിക്കുകയും ചെയ്യും. മഴ എപ്പോൾ പെയ്യുമെന്ന കാര്യത്തിൽ ഞണ്ടുകൾക്ക് കൃത്യമായ ധാരണയുണ്ടാവും.

വലിയ ആൺഞണ്ടുകളാണ് ആദ്യം കടൽത്തീരത്തെത്തുന്നത്. പിന്നാലെ എണ്ണത്തിൽ അധികമുള്ള പെൺ ഞണ്ടുകളും. കടൽത്തീരത്ത് കുഴികൾ കുഴിക്കുന്നത് ആൺ ഞണ്ടുകളാണ്. ചിലപ്പോഴൊക്കെ കുഴികളുടെ പേരിൽ ഇവ പരസ്പരം പോരടിക്കുന്നതും കാണാം. അതിനുശേഷം കുഴിയിലോ അതിനു സമീപത്തോ ആയി ഇണചേരും. ഇനി ആൺ ഞണ്ടുകളുടെ മടക്കയാത്രയാണ്. പെൺ ഞണ്ടുകൾ മാളങ്ങളിൽ തന്നെ തുടരും. ഇണചേർന്ന് മൂന്നുദിവസത്തിനുള്ളിൽ മുട്ടകളുണ്ടാവും. ഒരു ഞണ്ടിന് ഒരുലക്ഷം മുട്ടകൾ വരെ ഇടാൻ പറ്റുമെന്നാണ് പറയപ്പെടുന്നത്. മുട്ടകൾ വികസിക്കുന്നതുവരെ പെൺ ഞണ്ട് മാളത്തിൽ തന്നെയാവും. മുട്ടകൾ അവയുടെ ശരീരത്തോട് ചേർന്നുള്ള സഞ്ചിയിൽ തന്നെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഒടുവിൽ രണ്ടാഴ്ചയ്ക്കുശേഷം ഉയർന്ന വേലിയേറ്റസമയത്ത്, മുട്ടകളെല്ലാം കടലിലേക്ക് വിടും.

വെള്ളവുമായുള്ള സമ്പർക്കത്തിൽ തന്നെ ചുവന്ന ഞണ്ടുകളുടെ ലാർവ വിരിയും. ചില ലാർവകൾ മീനുകൾക്ക് തീറ്റയായി മാറുകയും ചെയ്യും. ഈ സമയത്തുമാത്രമെത്തുന്ന തിമിംഗല സ്രാവുകളും ഇവയെ ഭക്ഷണമാക്കും. രക്ഷപ്പെടുന്നവ ഒരുമാസത്തിനുള്ളിൽ നിരവധി ഘട്ടങ്ങളിലൂടെ കടന്ന്, കുഞ്ഞുഞണ്ടായി മാറുന്നു. അതുകഴിഞ്ഞ് ഇവയുടെ ദേശാടനം തുടങ്ങും. ഒമ്പതുദിവസം കൊണ്ടാണ് ദ്വീപിലെത്തുക. ആദ്യത്തെ മൂന്നുവർഷം പാറക്കെട്ടുകളിലും മറ്റും ഒളിച്ചിരിക്കും. നാലുവയസ്സുമുതലാണ് ഇവയ്ക്ക് പ്രായപൂർത്തിയാകുന്നത്. അതോടെ ആ ഞണ്ടുകളും കടൽത്തീരത്തേക്കുള്ള യാത്രയിൽ പങ്കുചേരും.

വിനോദസഞ്ചാരികൾക്ക് പ്രിയം
റെഡ് ക്രാബ് മൈഗ്രേഷൻ കാണാൻ മാത്രമായി ഇവിടെത്തുന്ന വിനോദസഞ്ചാരികളുണ്ട്. ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികളും ആ സമയത്ത് ക്രിസ്മസ് ദ്വീപിലെത്തും. ഈ ദേശാടനത്തിന് മാസങ്ങൾ മുമ്പേ, അവയുടെ സുഗമമായ യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ അധികാരികൾ നടത്തും. തിരക്കുള്ള വീഥികളിൽ ചെറിയ അണ്ടർപാസുകൾ സ്ഥാപിച്ച് അതിലൂടെ ഞണ്ടുകൾക്ക് കടന്നുപോവാനുള്ള വഴിയൊരുക്കും. വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി, അലുമിനിയം കൊണ്ടുള്ള ബാരിയറുകളും സ്ഥാപിക്കാറുണ്ട്. ഞണ്ടുകൾക്ക് പോവാനായി മാത്രം അഞ്ചുമീറ്റർ ഉയരത്തിലുള്ള ചെറിയ മേൽപ്പാലങ്ങളും ഇവിടെ കാണാം. ഞണ്ടുകൾ വഴിയിലേക്കിറങ്ങുന്നതോടെ, മുന്നറിയിപ്പ് പോലുമില്ലാതെ ചിലപ്പോൾ റോഡുകൾ അടച്ചിടും. ഇത്രയൊക്കെ നടപടികൾ എടുത്തിട്ടും കുറേ ഞണ്ടുകൾ വാഹനങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരഞ്ഞുപോകും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi