
അമിതാഭ് ബച്ചൻ, ഇൻസ്റ്റഗ്രാം വീഡിയോയിൽ നിന്ന് /pti, instagram
താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പല വീഡിയോകളും വൈറലാവാറുണ്ട്. അമിതാഭ് ബച്ചൻ കഴിഞ്ഞദിവസം പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയും അതുപോലെ തന്നെ ആരാധകപ്രശംസനേടുകയാണ്. എക്‌സ്, ടംബ്ലർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ സ്ഥിരമായി സജീവമായിരുന്ന ബിഗ് ബി ഇൻസ്റ്റഗ്രാമിൽ സജീവസാന്നിധ്യമല്ലായിരുന്നു. ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ പഠിച്ചുവരികയാണ് എന്നാണ് അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
ഒരു തുടക്കക്കാരൻ എന്ന നിലയിലുള്ള തന്റെ ബുദ്ധിമുട്ടുകൾ കാണിക്കുന്ന കാൻഡിഡ് വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 82-കാരനായ അദ്ദേഹം ആപ്പിന്റെ ഇന്റർഫേസ് ഉപയോഗിക്കാൻ ശ്രമിക്കുന്നത് കാണാം. ഇൻസ്റ്റാഗ്രാമിൽ തന്റേതായ ശൈലി കണ്ടെത്താൻ ശ്രമിക്കുന്ന വീഡിയോ ആരാധകരിൽ കൗതുകമുണ്ടാക്കി. അദ്ദേഹത്തിനൊരു 'കൂൾ ഗ്രാൻഡ്പാ' ഭാവമുണ്ടെന്നാണ് അവർ പറയുന്നത്. ഓറഞ്ച് ജാക്കറ്റും അതിന് ചേർന്ന ബന്ദാനയും ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
'അപ്പോൾ, ഇൻസ്റ്റാഗ്രാം എങ്ങനെ ഉപയോഗിക്കണമെന്ന് ഞാൻ പഠിക്കാൻ പോകുകയാണ്, ഇത് ശരിയാകുമെന്ന് കരുതുന്നു.' ഇത്രയും മാത്രം പറഞ്ഞുകൊണ്ട് ബിഗ് ബി വീഡിയോ അവസാനിപ്പിക്കുകയായിരുന്നു. യാതൊരു അടിക്കുറിപ്പുമില്ലാതെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ടംബ്ലറിലെ തന്റെ ദൈനംദിന ചിന്തകൾക്കും കാവ്യാത്മകമായ എഴുത്തുകൾക്കും, എക്‌സിലെ മൂർച്ചയേറിയ ഒറ്റവരികൾക്കും പേരുകേട്ടയാളാണ് ബച്ചൻ. അതുകൊണ്ടു തന്നെ സാന്നിധ്യം ഇൻസ്റ്റഗ്രാമിലേക്ക് വിപുലീകരിക്കുമ്പോഴും അതേ ശൈലി തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. സ്‌ക്രീനിലായാലും സോഷ്യൽ മീഡിയയിലായാലും, പ്രായത്തെ കടത്തിവെട്ടിക്കൊണ്ട് വേഗത്തിൽ മുന്നേറാൻ തന്നെയാണ് ബിഗ് ബിയുടെ ഉദ്ദേശമെന്ന് വ്യക്തം.
'പഠനത്തിന് പ്രായപരിധിയില്ലെന്ന് നിങ്ങൾ കാണിച്ചുതരുന്ന രീതി എനിക്കിഷ്ടപ്പെട്ടു', 'ദൈവമേ ഒരാൾക്ക് എങ്ങനെ ഇത്ര ക്യൂട്ടായിരിക്കാൻ സാധിക്കും' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് പ്രതികരണമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഔദ്യോഗിക രംഗത്തും അമിതാഭ് ബച്ചൻ തിരക്കിലാണ്. രജനികാന്ത്, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങിയവർക്കൊപ്പം 'വേട്ടൈയൻ' എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. നാഗ് അശ്വിന്റെ 'കൽക്കി 2898 എഡി' എന്ന ചിത്രത്തിൽ അശ്വത്ഥാമാവിന്റെ വേഷത്തിലും ബിഗ് ബി കഴിഞ്ഞ വർഷം തകർത്തഭിനയിച്ചിരുന്നു. പ്രഭാസ്, കമൽഹാസൻ, ദീപിക പദുകോൺ എന്നിവരും അഭിനയിച്ച ഈ ചിത്രം ലോകമെമ്പാടുമായി 1042.25 കോടി നേടി. 2025 ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഇതിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം തന്റെ വേഷം ആവർത്തിക്കും. ഡയാന പെന്റി, നിമ്രത് കൗർ എന്നിവർ അഭിനയിക്കുന്ന റിഭു ദാസ്ഗുപ്തയുടെ 'സെക്ഷൻ 84' എന്ന ചിത്രവും അദ്ദേഹത്തിന്റേതായി വരാനുണ്ട്. ഓഗസ്റ്റ് 11-ന് സംപ്രേഷണം ആരംഭിക്കുന്ന 'കോൻ ബനേഗ ക്രോർപതി'യുടെ 17-ാം സീസണിനായുള്ള തയ്യാറെടുപ്പുകളും താരം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: 82-year-old Amitabh Bachchan`s candid video of learning Instagram goes viral. Fans praise his endearing attempt to navigate the app.
Published: 30 Jul 2025, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented