തന്റെ അച്ഛന്‍ ഒരു സംഘിയല്ലെന്ന് നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ. ചെന്നൈയിൽ ലാല്‍ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംവിധായിക കൂടിയായ ഐശ്വര്യ തന്റെ പിതാവിനെ 'സംഘി' എന്ന് സോഷ്യല്‍ മീഡിയയില്‍ മുദ്രകുത്തുന്നതിനെക്കുറിച്ച് സംസാരിച്ചത്.

To advertise here,

'ഞാന്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാറാണ് പതിവ്. പക്ഷേ എന്റെ ടീം പലപ്പോഴും സംഭവിക്കുന്ന കാര്യങ്ങൾ എന്നോട് പറയുകയും ചില പോസ്റ്റുകള്‍ കാണിച്ചുതരികയും ചെയ്യും. അതു കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും. ഞങ്ങളും മനുഷ്യരാണ്. അടുത്ത കാലത്തായി പലരും അച്ഛനെ സംഘിയെന്ന് വിളിക്കാറുണ്ട്. അതിന്റെ അര്‍ഥമെന്താണെന്ന് എനിക്കറിയില്ല. സംഘിയുടെ അര്‍ഥമെന്താണെന്ന് ഞാന്‍ ഒരാളോട് ചോദിച്ചു, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘി എന്ന് വിളിക്കുന്നതെന്ന് അവര്‍ പറഞ്ഞു'

'രജനീകാന്ത് ഒരു സംഘിയല്ലെന്ന് ഞാന്‍ ഇവിടെ വ്യക്തമാക്കാനാഗ്രഹിക്കുന്നു, ഒരു സംഘിയായിരുന്നെങ്കില്‍ അദ്ദേഹം 'ലാല്‍ സലാം' പോലൊരു സിനിമ ചെയ്യുമായിരുന്നില്ല.'-ഐശ്വര്യ പറഞ്ഞു. വേദിയില്‍ ഐശ്വര്യ തന്നെക്കുറിച്ചും സിനിമയെക്കുറിച്ചും  പറഞ്ഞപ്പോള്‍ രജനീകാന്ത് കണ്ണീരണിഞ്ഞിരുന്നു. 'ലാല്‍ സലാം' ഫെബ്രുവരി 9-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.