എന്നും ആരാധകരോടുള്ള പെരുമാറ്റത്തിന്റെ പേരിൽ പ്രശംസിക്കപ്പെടുന്ന താരമാണ് ഐശ്വര്യ റായ്. ഇപ്പോൾ പാരീസിൽനിന്നുള്ള ഐശ്വര്യയുടെ ഒരു വീഡിയോ വീണ്ടും ആരാധകരുടെ മനംകവരുകയാണ്. 'വെറുതെയല്ല ഐശ്വര്യയെ ക്വീൻ എന്നുവിളിക്കുന്നത്' എന്ന് ഈ വീഡിയോ വൈറലായതോടെ ആരാധകർ പറയുന്നു.

To advertise here,

പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു, ലോറിയൽ പാരീസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ കൂടിയായ താരം. ഒപ്പം മകൾ ആരാധ്യയുമുണ്ട്. ഒരു റെസ്റ്റോറന്റിൽനിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു ഐശ്വര്യയും ആരാധ്യയും. പുറത്ത് അവരെ കാത്ത് കുറച്ച് ആരാധകരും. അവരെ താരത്തിന്റെ അടുത്തേക്ക് കടത്തിവിടാതെ ബോഡിഗാർഡുകളുമുണ്ടായിരുന്നു.

മകളെ കാറിലേക്ക് കയറ്റിയശേഷം, ഐശ്വര്യ ആരാധകരുടെ അടുത്തേക്ക് ചെന്നു. താരത്തെ കണ്ട് വിതുമ്പിക്കരയുന്ന ഒരു ആരാധികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു ആഷ്. ആരാധിക പറയുന്ന കാര്യങ്ങളെല്ലാം ക്ഷമയോടെ കേട്ട ആഷ്, അവരെ ചേർത്തുപിടിച്ച് കണ്ണീർപ്പാടുകൾ തുടച്ചുകൊടുത്തു. ഒടുവിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു.
 

ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമന്റുകളുമായി ആരാധകരെത്തി. 'ഐശ്വര്യ വളരെ വിനയാന്വിതയാണ്', 'ശരിക്കും രാജ്ഞി തന്നെ'...തങ്ങളുടെ പ്രിയപ്പെട്ട താരത്തെ പ്രശംസിച്ചിട്ട് അവർക്ക് മതിയാകുന്നില്ല.

കഴിഞ്ഞവർഷം വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തിലെത്തിയപ്പോഴും ഐശ്വര്യ ആരാധകരോട് ഏറെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞാണ് ആഷ് അവിടുന്ന് പുറത്തേക്ക് പോയതും.

കഴിഞ്ഞവർഷം ഐഫ പുരസ്‌കാരചടങ്ങിലെത്തിയ ഐശ്വര്യയുടെ പെരുമാറ്റവും ആരാധകരെ ആകർഷിച്ചു. ചടങ്ങിന്റെ റെഡ് കാർപ്പറ്റിലെത്തിയ ഐശ്വര്യയെ കണ്ട് അവതാരക വിതുമ്പി. എത്രയോ നാളുകളായി ഐശ്വര്യയെ കാണുക എന്നതായിരുന്നു അവതാരകയുടെ സ്വപ്നം. നേരിട്ടുകണ്ടപ്പോൾ അവർ കരയുകയും ചെയ്തു. അതോടെ ഐശ്വര്യ അവരെ കെട്ടിപ്പിടിച്ച്, സ്‌നേഹത്തോടെ സംസാരിക്കുന്നതും കാണാമായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi