ബോളിവുഡിലെ ഏറെ പ്രശസ്തരായ സംഗീതസംവിധായകരാണ് ജതിന്‍-ലളിത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹെ, മൊഹബ്ബത്തേന്‍, കഭി ഖുഷി കഭി ഗം...ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളായ സിനിമകളിലെ സൂപ്പര്‍ഹിറ്റ് പാട്ടുകളുടെ പിന്നില്‍ ഈ സഹോദരങ്ങളാണ്.
ഇവര്‍ക്ക് മൂന്നു സഹോദരിമാരാണ്. സുലക്ഷണ പണ്ഡിറ്റ്, വിജേയ്ത പണ്ഡിറ്റ്, സന്ധ്യ പണ്ഡിറ്റ് എന്നിങ്ങനെയാണ് പേര്. സുലക്ഷണയും വിജേയ്ത യും ബോളിവുഡില്‍ അഭിനയിച്ചിട്ടുമുണ്ട്.
70-കളിലെയും 80-കളിലെയും പ്രധാനതാരമായിരുന്നു സുലക്ഷണ. ഉല്‍ജ്ജന്‍ എന്ന സിനിമയിലൂടെയാണ് തുടക്കം. പിന്നീട് ജീതേന്ദ്ര, രാജേഷ് ഖന്ന, വിനോദ് ഖന്ന തുടങ്ങിയ താരങ്ങളുടെ നായികയായി. അതിനൊപ്പം പിന്നണിഗായികയായും അവര്‍ പേരെടുത്തു. അക്കാലത്തെ പ്രശസ്തസംഗീതസംവിധായകര്‍ക്കുവേണ്ടിയെല്ലാം അവര്‍ പാടിയിട്ടുണ്ട്.
പ്രശസ്തതാരം സഞ്ജീവ് കപൂറുമായി പ്രണയത്തിലായിരുന്നുവത്രേ സുലക്ഷണ. അദ്ദേഹത്തോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. പക്ഷേ, സഞ്ജീവ് കപൂര്‍ അത് നിരസിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മരിക്കുകയും ചെയ്തു. സഞ്ജീവ് കപൂറിനോടുള്ള പ്രണയം കാരണമാണെന്ന് പറയപ്പെടുന്നു, സുലക്ഷണ പിന്നീട് വിവാഹം കഴിച്ചതേയില്ല. ഇപ്പോള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലാണ് സുലക്ഷണ.
'ലവ് സ്റ്റോറി'യിലൂടെയാണ് വിജേയ്ത സിനിമയിലേക്ക് വരുന്നത്. അത് സൂപ്പര്‍ഹിറ്റായെങ്കിലും പിന്നീട് അവരെത്തേടി പ്രധാനപ്പെട്ട അവസരങ്ങളൊന്നും വന്നില്ല. അങ്ങനെ സിനിമയില്‍നിന്ന് വിട്ടുനിന്നു. വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവന്ന് കുറച്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും അതും വിജയിച്ചില്ല. ഒടുവില്‍ സംഗീതസംവിധായകന്‍ ആദേഷ് ശ്രീവാസ്തവയുമായുള്ള വിവാഹശേഷം അവര്‍ പിന്നണിഗായികയായി.
തങ്ങളുടെ സഹോദരിയായ സന്ധ്യയെക്കുറിച്ച് വിജേയ്ത പറയുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 2012 മുതല്‍ സന്ധ്യയെ കാണാതായിരുന്നു. ''എന്നാല്‍ ഒരുമാസത്തിനുശേഷം സന്ധ്യയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. അതോടെ അവള്‍ മരിച്ചെന്ന് വ്യക്തമായി. കുടുംബത്തിലെല്ലാവര്‍ക്കും ഇതറിയാം. എന്നാല്‍, സുലക്ഷണയോട് ഇതുവരെ പറഞ്ഞിട്ടില്ല. അവരിപ്പോഴും കരുതുന്നത് സന്ധ്യ ജീവിച്ചിരിപ്പുണ്ടെന്നാണ്. സുലക്ഷണയെ കാണുമ്പോഴൊക്കെ ഞാന്‍ പറയും, സന്ധ്യ ഇന്‍ഡോറിലുണ്ട്, എന്നെ വിളിച്ചിരുന്നു എന്നൊക്കെ. സുലക്ഷണ മൊബൈല്‍ ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് സന്ധ്യ വിളിക്കാത്തതെന്നും കള്ളം പറയും''.
സുലക്ഷണ ജീവിതത്തിലൊരുപാട് കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോയതെന്നും സന്ധ്യ മരിച്ചെന്നറിഞ്ഞാല്‍ അതുകൂടി താങ്ങാന്‍ സുലക്ഷണയ്ക്ക് കഴിയില്ലെന്നും വിജേയ്ത പറയുന്നു.
സന്ധ്യ കുടുംബജീവിതത്തില്‍ ഒരുപാട് സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നതെന്നും വിജേയ്ത പറയുന്നു. ''എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴുമറിയില്ല. അവളെ കാണാതായെന്നാണ് ഞങ്ങളാദ്യം അറിഞ്ഞത്. ഞാനും ലളിതും ജതിനും കൂടി ഒരുപാട് സ്ഥലങ്ങളില്‍ അവളെ തിരഞ്ഞു. അതിനുശേഷമാണ് അവളുടെ ശരീരാവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ടെന്ന് അറിഞ്ഞത്''.
ആ മരണം കൊലപാതകമാണെന്ന് അധികം വൈകാതെ വ്യക്തമായി. അതിന്റെ പേരില്‍ സന്ധ്യയുടെ മകന്‍ അറസ്റ്റിലാവുകയും ചെയ്തു. കൊലപാതകം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് അയാളുടെ മേലുണ്ടായിരുന്നത്. എന്നാല്‍, അധികം വൈകാതെ വ്യക്തമായ തെളിവുകളില്ലെന്ന കാരണത്താല്‍ കോടതി അയാളെ വിട്ടയച്ചു.
Content Highlights: actor vijayta pandit breaks silence on sister sandhya's death
Published: 20 Sept 2024, 03:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented