ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമിച്ച പുതിയ ചിത്രമാണ് 'ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്'. വീർ ദാസ്, മോന സിങ്, ഷരിബ് ഹാഷ്മി, മിഥില പാർക്കർ, ഇമ്രാൻ ഖാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ആമിർ ഖാൻ അതിഥിവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇതിനുപിന്നാലെ 'ഹാപ്പി പട്ടേലി'ന്റെ സ്‌പെഷൽ സ്‌ക്രീനിങ്ങിനായി ഒട്ടുമിക്ക താരങ്ങളുമെത്തിയിരുന്നു. ആമിർ തന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റിനൊപ്പമാണ് വന്നത്. പിന്നാലെ സുനിൽ ഗ്രോവറുമെത്തി. ചിത്രങ്ങൾക്ക് പോസ് ചെയ്യാനായി മുന്നോട്ടുവന്ന ആമിറിനെയും സുനിലിനെയും പാപ്പരാസികളും കളിയാക്കി. ആമിറിനെ 'സുനിൽ സാർ' എന്നും സുനിലിനെ 'ആമിർ സാർ' എന്നും വിളിച്ചാണ് അവർ വരവേറ്റത്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ആമിർ ഇതിനോട് പ്രതികരിച്ചത്. കൂടെയുണ്ടായിരുന്ന ഗൗരിയും ഇതുകണ്ട് ചിരിച്ചു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ആമിർ ഖാനെ അനുകരിച്ച് സ്റ്റാൻഡപ്പ് കൊമേഡിയനും നടനുമായ സുനിൽ ഗ്രോവർ രംഗത്തെത്തിയിരുന്നു. അത് വൈറലാവുകയും ചെയ്തു. അതാണ് പാപ്പരാസികൾ ഇവിടെ ഓർത്തെടുത്തത്. ആമിറിന്റെ ശൈലി മാത്രമല്ല സുനിൽ അനുകരിച്ചത്. അദ്ദേഹത്തിന്റെ വേഷവിധാനങ്ങളും അനുകരിച്ചു. ആമിറിന്റെ വേഷത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ സുനിൽ എത്തിയതും, അപ്പോൾ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ യഥാർഥ ആമിറിനെ പിടിച്ച് പുറത്താക്കാൻ ശ്രമിച്ചതുമൊക്കെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചു. സുനിലിന്റെ അനുകരണത്തെ ആമിർ അഭിനന്ദിക്കുകയും ചെയ്തു. സുനിലിനെ ചൂണ്ടിക്കാട്ടി ഇതാണ് 'യഥാർഥ ആമിർ' എന്നാണ് അന്ന് ആമിർ പറഞ്ഞത്.

ജനുവരി 16-നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആമിറിന്റെ സഹോദരീപുത്രനായ ഇമ്രാൻ ഖാൻ വർഷങ്ങൾക്കുശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi