നടനായ വീർ ദാസിന്റെ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്'. ആമിർ ഖാൻ പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചിരിക്കുന്നത്. വീർദാസാണ് സിനിമയിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നത്. മോണാ സിങ്, മിഥില പാർക്കർ, ഇമ്രാൻ ഖാൻ എന്നിവർക്കൊപ്പം ആമിർ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ സിനിമ നിർമിക്കുന്ന കാര്യത്തിനായി ആമിറിനെ എങ്ങനെയാണ് സമീപിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ വീർ ദാസ്. ആമിർ ഖാൻ എന്ന നടനെ സംവിധാനം ചെയ്തതിന്റെ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. 2011-ൽ റിലീസായ 'ഡൽഹി ബെല്ലി' എന്ന ചിത്രവും നിർമിച്ചത് ആമിർ ഖാനാണ്. അതിൽ വീർ ദാസും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതിനുശേഷം താൻ ആമിർ ഖാനെ വിളിച്ചിട്ടേയില്ലെന്നും അദ്ദേഹം ഓർക്കുന്നു. എൻ.ഡി.ടി.വി.യുമായുള്ള അഭിമുഖത്തിലാണ് വീർ ദാസ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

''ഡൽഹി ബെല്ലി എന്ന സിനിമ കഴിഞ്ഞ് 12 വർഷത്തിനു ശേഷമാണ് ഞാൻ ആമിറിനെ വിളിക്കുന്നത്. അപ്പോഴേക്കും പത്ത് വർഷമായിരുന്നു ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ട്. കാര്യങ്ങൾ പറഞ്ഞപ്പോൾ ആറുദിവസത്തിനുള്ളിൽ കാണാമെന്ന് പറഞ്ഞു. കഥ ശരിക്കും വിശദീകരിച്ചു കഴിഞ്ഞാൽ മാത്രമേ അദ്ദേഹത്തിന് ബോധ്യമാവൂ. ആദ്യത്തെ മീറ്റിങ് കഴിഞ്ഞ് ഒരുപാട് തവണ മാറ്റിയെഴുതിയും മറ്റും ഞങ്ങൾ സമയം ചെലവഴിച്ചു. അപ്പോഴെല്ലാം അദ്ദേഹവും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. സംവിധാനം ചെയ്യാൻ അറിയാമെന്ന് അദ്ദേഹത്തിന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസ്സിലായി. അതിനൊപ്പം ഞാൻ അഭിനയിക്കുന്നതും കണ്ടപ്പോൾ അദ്ദേഹം ഓകെയായി. അങ്ങനെയാണ് നിർമിക്കാമെന്ന് സമ്മതിച്ചത്''. ആമിർ ഖാനൊപ്പം വീർ ദാസ്, അപർണ പുരോഹിത്, കവി ശാസ്ത്രി എന്നിവരും സഹനിർമാതാക്കളാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi