രാജസ്ഥാനിലെ അൽവാർ ജില്ലയിൽ നടക്കുന്ന ഒരു വിവാഹം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ്. രണ്ട് കുറ്റവാളികളാണ് വിവാഹിതരാകുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. 15 ദിവസത്തെ പരോളിലിറങ്ങിയാണ് അവർ വിവാഹിതരാകുന്നത്. വധു പ്രിയാ സേഥ് എന്ന ജീവപര്യന്തം തടവുകാരി. വരൻ മറ്റൊരു ജീവപര്യന്തം തടവുകാരനായ ഹനുമാൻ പ്രസാദ്.
ജയ്പൂരിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ടിൻഡർ-സ്യൂട്ട്‌കേസ് കൊലപാതക കേസിലെ പ്രതിയാണ് പ്രിയ. ഹനുമാൻ പ്രസാദ് ആണെങ്കിൽ അൽവാർ കൂട്ടക്കൊലക്കേസിലെ പ്രതിയും. ഇരുവരും കണ്ടുമുട്ടുന്നത് രാജസ്ഥാനിലെ സംഗനീർ ഓപ്പൺ ജയിലിൽവെച്ചാണ്.
ടിൻഡർ-സ്യൂട്ട്‌കേസ് കൊലപാതകം നടക്കുന്നത് 2018-ലാണ്. പ്രിയ സേഥ് പങ്കാളിയായ ദിക്ഷാന്ത് കമ്രയ്ക്കൊപ്പം താമസിക്കുകയായിരുന്നു. വലിയ കടക്കെണിയിലായിരുന്നു അവരുടെ ജീവിതം. 20 ലക്ഷത്തിലേറെ കടമാണുണ്ടായിരുന്നത്. കടങ്ങളെല്ലാം വീട്ടാനായി ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി പണമാവശ്യപ്പെടാമെന്ന് അവർ തീരുമാനിച്ചു. അതിനിടയ്ക്കാണ് ബിസിനസുകാരനായ ദുഷ്യന്ത് ശർമയെ ടിൻഡർ ഡേറ്റിങ് ആപ്പിലൂടെ പ്രിയ പരിചയപ്പെടുന്നത്. ആ പരിചയം കൂടുതൽ അടുപ്പമായി. ഒടുവിൽ ജയ്പൂരിലുള്ള തന്റെ ഫ്‌ളാറ്റിലേക്ക് പ്രിയ, ദുഷ്യന്തിനെ ക്ഷണിച്ചു. അവിടെത്തിയ ദുഷ്യന്ത് പിന്നീടൊരിക്കലും പുറംലോകം കണ്ടിട്ടില്ല.
ഫ്‌ളാറ്റിലെത്തിയ ദുഷ്യന്തിനെ ദിക്ഷാന്തും പ്രിയയും ചേർന്ന് ബന്ദിയാക്കി. ഒപ്പം അവരുടെ കൂട്ടാളിയുമുണ്ടായിരുന്നു. പിന്നീട് ദുഷ്യന്തിന്റെ വീട്ടിൽ വിളിച്ച് 20 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു. കുടുംബം വളരെ കഷ്ടപ്പെട്ട് 3 ലക്ഷം നൽകി. പക്ഷേ, പ്രതികൾക്ക് അത് മതിയായിരുന്നില്ല. അവർ ദുഷ്യന്തിനെ ശ്വാസംമുട്ടിച്ചുകൊന്നു. ഒടുവിൽ മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിനുള്ളിൽ തിരുകി ജയ്പൂരിലെ വിദൂരമായൊരു ഗ്രാമത്തിൽ ഉപേക്ഷിച്ചു.
ദിവസങ്ങൾക്കുശേഷം സ്യൂട്ട്‌കേസ് കണ്ടെത്തിയപ്പോഴാണ് ആ കൊലപാതകം പുറംലോകമറിയുന്നത്. 2023-ലാണ് ജയ്പൂർ കോടതി മൂന്നുപ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
അതിനും ഒരു വർഷം മുമ്പാണ് ഹനുമാൻ പ്രസാദ് കൂട്ടക്കൊല നടത്തുന്നത്. അൽവാറിലുള്ള സന്തോഷ് ശർമ എന്ന തായ്‌ക്വോണ്ട കളിക്കാരിയുമായി അയാൾ പ്രണയത്തിലായിരുന്നു. വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയും കൂടിയായിരുന്നു സന്തോഷ്. ഭർത്താവിനെ ഒഴിവാക്കാനായി സന്തോഷും പ്രസാദും ചേർന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി. എന്നാലിത് അവരുടെ മൂന്നുമക്കളും അനന്തരവനും കണ്ടു. അങ്ങനെ അവരെയും കൊലപ്പെടുത്തുകയായിരുന്നു. പ്രസാദിനും കോടതി വിധിച്ചത് ജീവപര്യന്തം തന്നെ.
ആദ്യം പ്രിയയും പ്രസാദും ജയ്പൂർ ജയിലിലായിരുന്നു. അവിടുന്നാണ് സംഗനീർ ഓപ്പൺ ജയിലിലേക്ക് മാറ്റുന്നത്. തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് കുറവ് നിയന്ത്രണങ്ങളുള്ള ജയിലാണിത്. ഇവിടെത്തിയ പ്രിയയും പ്രസാദും അധികം വൈകാതെ പ്രണയത്തിലായി, വിവാഹം കഴിക്കാനും തീരുമാനിച്ചു. പരോളിനുള്ള അപേക്ഷയും സമർപ്പിച്ചു. രാജസ്ഥാൻ ഹൈക്കോടതി അവരുടെ പരോൾ അപേക്ഷയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ അധികാരികൾക്ക് നിർദേശം നൽകി. ഒടുവിൽ 15 ദിവസത്തെ പരോളും ലഭിച്ചു. പ്രസാദിന്റെ നാടായ അൽവാറിൽവെച്ചാണ് വിവാഹം നടക്കുക. 15 ദിവസത്തിനുശേഷം വീണ്ടും ജയിലിലേക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A life-sentenced woman who killed a Tinder date and a man behind a mass murder marry on parole in Rajasthan. Read their shocking story
Published: 24 Jan 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented