
വി. മധുസൂദനൻ നായർ
സ്വന്തം ചിത്രങ്ങളിലെ പാട്ടുകളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ട, ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വരികള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍? ലെനിന് രാജേന്ദ്രനോടൊരു ചോദ്യം.നിമിഷനേരം പോലും ചിന്തിക്കേണ്ടിവന്നില്ല ലെനിന് മറുപടി പറയാന്‍: '' വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം'' എന്ന വരി ഏറെ ഇഷ്ടം.
പിന്നെ, ''അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും...''ആദ്യത്തേത്, ''ചില്ലി''ല്‍ ഒ.എന്‍. വി എഴുതിയ പ്രശസ്തമായ ''ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം'' എന്ന ഗാനകവിതയില് നിന്ന്. രണ്ടാമത്തേത് ''ദൈവത്തിന്റെ വികൃതികളി''ലെ ''ഇരുളിന് മഹാനിദ്രയില്‍'' എന്ന് തുടങ്ങുന്ന മധുസൂദനന് നായര്‍ കവിതയില്‍ നിന്നും. ''രണ്ടു സിനിമയും കണ്ടിട്ടില്ലാത്തവര്‍ പോലും ആ വരികള്‍ വികാരവായ്പ്പോടെ ഓര്‍മ്മയില്‍ നിന്ന് പാടിക്കേള്‍പ്പിക്കുമ്പോള്‍ അത്ഭുതം തോന്നും. സിനിമ വിസ്മൃതമായാലും പാട്ടുകള്‍ കാലത്തെ അതിജീവിക്കും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് പലരും. ആ വാദം ഉള്‍ക്കൊള്ളാന്‍ ആദ്യമൊക്കെ പ്രയാസമായിരുന്നു എനിക്ക്. പക്ഷേ ഇന്നോര്‍ക്കുമ്പോള്‍ ആ പറഞ്ഞതിലും ന്യായമില്ലേ എന്ന് തോന്നും.'' ലെനിന്റെ വാക്കുകള്‍.

സിനിമക്ക് വേണ്ടി ലെനിന്റെ ആഗ്രഹപ്രകാരം കവിത എഴുതിക്കൊടുക്കുമ്പോള്‍ അതിത്രത്തോളം ജനകീയമാകുമെന്നോ സാധാരണക്കാരന്റെ പോലും ഹൃദയത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നോ സങ്കല്പിച്ചിട്ടില്ല മധുസൂദനന് നായര്‍. ''അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും, ഉരുകി നിന്നാത്മാവിന് ആഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗം, നിന്നിലടിയുന്നതേ നിത്യസത്യം.. തികച്ചും സാധാരണക്കാരായ ആസ്വാദകര്‍ പോലും ആ വരികള്‍ പാടിക്കേള്പ്പിക്കാറുണ്ടെന്ന് പറയുന്നു കവി, അധികവും പുതിയ തലമുറയിലെ കുട്ടികള്‍. ഓരോരുത്തരും അവരവരുടെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളുമായി ചേര്‍ത്തുവെച്ചാണ് ആ കവിത ആസ്വദിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ''ലെനിന് രാജേന്ദ്രന്റെ നിര്‍ദേശപ്രകാരം ഒരു രാത്രി ഉറക്കമിളച്ചിരുന്നു തിടുക്കത്തില്‍ ആ കവിത എഴുതിത്തീര്‍ക്കുമ്പോള്‍ മുകുന്ദന്റെ അല്ഫോണ്സച്ചന് മാത്രമായിരുന്നു മനസ്സില്‍. ഇന്ന് വീണ്ടും ആ വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ ആത്മീയതയും പ്രണയവും ഇത്തിരി വേദാന്തവുമൊക്കെ അതില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നു.''
ഒറ്റ രാത്രി കൊണ്ടെഴുതിയ ഒറ്റ വരിക്കവിത
പുതിയ ചിത്രത്തിന് വേണ്ടി ഒരു കവിത എഴുതിത്തരണം എന്ന ആവശ്യവുമായി മൂന്നു പതിറ്റാണ്ടിലേറെക്കാലം മുന്‍പ് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ജങ്ക്ഷനിലെ വീട്ടില്‍ ലെനിന് രാജേന്ദ്രന് വന്നുകയറിയ രാത്രി ഇന്നുമോര്‍ക്കുന്നു മധുസൂദനന് നായര്‍. എം മുകുന്ദന്റെ ''ദൈവത്തിന്റെ വികൃതികള്‍'' സിനിമയാക്കുകയാണ് ലെനിന് എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ആസ്വദിച്ചു വായിച്ച കൃതിയാണത്. അല്‍ഫോണ്‍സച്ചന്റെ കഥാപാത്രം അന്നേ മനസ്സിനെ പി ടിച്ചുലച്ചിരുന്നു. സ്വന്തം ജീവനെക്കാള്‍ മയ്യഴിയിലെ മണ്തരികളെ സ്നേഹിച്ച അല്‍ഫോണ്‍സ്. ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍, ഇവിടെ താനൊരു പ്രവാസി മാത്രമാണെന്ന സത്യം വേദനയോടെ ഉള്‍ക്കൊള്ളേണ്ടി വരുന്നു അദ്ദേഹത്തിന്. എന്നിട്ടും മയ്യഴിയുടെ മണ്ണിനോട് വിടവാങ്ങി ഫ്രാന്‍സിലേക്ക് യാത്രയാകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നില്ല അല്ഫോണ്സിന്. അത്രയും ഗാഢമാണ് ആ നാടിനോടുള്ള അദ്ദേഹത്തിന്റെ ഹൃദയബന്ധം. മയ്യഴിയിലെ മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടും യാത്രപറഞ്ഞ് മറ്റൊരു സ്വര്‍ഗ്ഗത്തിലേക്കും കുടിയേറാന്‍ താനില്ലെന്ന് മനസ്സ് കൊണ്ട് നിശ്ചയിച്ചുറപ്പിക്കുന്നു അദ്ദേഹം.
സിനിമയിലെ നിര്‍ണ്ണായകമായ ആ രംഗത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കവിത കേള്‍പ്പിക്കണം ലെനിന്. അല്‍ഫോണ്‍സിന്റെ മനസ്സിലെ ഗൃഹാതുര ചിന്തകളും വ്യഥകളും എല്ലാം പ്രതിഫലിക്കുന്ന കവിത. ''പിറന്ന ദേശത്തോടുള്ള സ്നേഹമാകട്ടെ, ഇഷ്ടപ്പെട്ട വ്യക്തിയോടുള്ള പ്രണയമാകട്ടെ. രണ്ടും ഉപേക്ഷിക്കുക എളുപ്പമല്ല. എല്ലാ കാലത്തും എല്ലാ ജീവികളും അനുഭവിക്കുന്ന ആത്മസംഘര്‍ഷം തന്നെയാണത്. അതുകൊണ്ടുതന്നെ അതിനൊരു സാര്‍വജനീന സ്വഭാവമുണ്ട്. നല്ലൊരു കവിതക്ക് പറ്റിയ ആശയമെന്ന് മനസ്സു പറഞ്ഞു.''
പക്ഷേ ഈ ഒരൊറ്റ കവിത എഴുതാന്‍ ലെനിന് രാജേന്ദ്രന് എന്തിനു തന്നെ തേടി വന്നു എന്നോര്‍ത്തായിരുന്നു മധുസൂദനന് നായര്‍ക്ക് അത്ഭുതം. ഒഎന്‍വിയാണ് സിനിമയിലെ മറ്റു ഗാനങ്ങള്‍ എഴുതുന്നത്. ഈ കഥാസന്ദര്‍ഭത്തിന് ഇണങ്ങുന്ന വരികളും അദ്ദേഹത്തിന് നിഷ്പ്രയാസം എഴുതാന്‍ കഴിയുമെന്ന് തീര്‍ച്ച. ഗാനരചനയില്‍ ഒഎന്‍വിയ്ക്ക് ഒരു 'കൂട്ട്' ആവശ്യമില്ല എന്ന് വാദിച്ചുനോക്കി മധുസൂദനന് നായര്‍. പക്ഷേ ലെനിന് ഉണ്ടോ വിടുന്നു. ''ഒഎന്‍വി ഗംഭീരമായി എഴുതും. സംശയമില്ല. എന്റെ എത്രയോ സിനിമകളില്‍ അതിമനോഹരമായ ഗാനങ്ങള്‍ എഴുതിത്തന്നിട്ടുണ്ട് അദ്ദേഹം. പക്ഷേ ഈ കവിത സാര്‍ തന്നെ എഴുതണം. എന്റെ ആഗ്രഹമാണ്.'' വീണ്ടും ഒഴിഞ്ഞുമാറാന്‍ നോക്കി മധുസൂദനന് നായര്‍. പക്ഷേ ആലോചിച്ചുറപ്പിച്ചാണ് ലെനിന്റെ വരവ്. സമ്മതിച്ചില്ലെങ്കില്‍ അദ്ദേഹം പിണങ്ങുമെന്ന് ഉറപ്പ്. സംവിധായകന്റെ നിര്‍ബന്ധത്തിനു വഴങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് സിനിമയിലെ കഥാസന്ദര്‍ഭത്തിനും കഥാപാത്രത്തിന്റെ മാനസികാവസ്ഥക്കും ഇണങ്ങുന്ന ഒരു കവിത രചിക്കേണ്ടി വന്നത് അങ്ങനെ.
അല്‍ഫോണ്‍സച്ചന്റെ ആത്മഗീതം
'ദൈവത്തിന്റെ വികൃതിക'ളില്‍ അല്‍ഫോണ്‍സച്ചനെ വിശേഷിപ്പിക്കാന്‍ മുകുന്ദന് ഉപയോഗിച്ച ഒരു വാചകത്തില്‍ നിന്നാണ് കവിതയുടെ ആദ്യവരി പിറന്നത്. കഞ്ചാവ് വലിക്കുമ്പോള്‍ മയ്യഴിയുടെ മുകളില്‍ പരുന്തു പോലെ ഉയര്‍ന്നു പറക്കുന്ന തോന്നലുണ്ടാകുമത്രേ അല്ഫോണ്സിന്. മയ്യഴിയുടെ കൂട്ടില്‍ ഉറങ്ങുന്ന കിളിയായി അല്‍ഫോണ്‍സിനെ സങ്കല്പ്പിക്കാന് പ്രചോദനമായത് ആ വരിയാണ്. കിളിയെ നിദ്രയില്‍ നിന്ന് വിളിച്ചുണര്‍ത്തി നിറമുള്ള ജീവിതപ്പീലി സമ്മാനിക്കുന്നു പ്രകൃതി. ഇവിടെ പ്രകൃതിയെ പ്രണയിനിയായും സങ്കല്പ്പിക്കാം നമുക്ക്. പുഴയോട്, പൂക്കളോട് , കിളികളോട് ആര്‍ക്കാണ് പ്രണയം തോന്നാത്തത്? ഭാരതീയ പ്രണയസങ്കല്പം തന്നെയാണ് ഈ വരികളില്‍ താന്‍ ആവിഷകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് പറയുന്നു മധുസൂദനന് നായര്‍. സൂക്ഷ്മമായി നോക്കിയാല്‍ ബൈബിള്‍ വചനങ്ങളുടെ സ്വാധീനവും കണ്ടെത്താമെന്ന് മാത്രം. ''കനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു'' എന്ന വരി ഉദാഹരണം.
സാമാന്യം ദീര്‍ഘമായിരുന്നു ലെനിന് മധുസൂദനന് നായര്‍ എഴുതിക്കൊടുത്ത കവിത. എട്ടു വരികള്‍ കൂടിയുണ്ടായിരുന്നു അതില്‍. സന്ദര്‍ഭത്തിന് ഇണങ്ങും വിധം ആ ഭാഗം ഒഴിവാക്കിയാണ് ലെനിന് പിന്നീടത് സിനിമയില്‍ ഉപയോഗിച്ചത്. ഒഴിവാക്കപ്പെട്ട ആ വരികള്‍ ഇവയാണ് ( ഗാന്ധി എന്ന കവിതാ സമാഹാരത്തില്‍ പില്ക്കാലത്ത് പ്രസാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇരുളിന് മഹാനിദ്രയില്‍ എന്ന കവിത എടുത്തു ചേര്‍ത്തപ്പോള്‍ ഈ വരികളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് കവി.):
''കരുതിവെക്കാനെന്റെയോര്മ്മക്ക് നീ തന്നതൊരു ജന്മമൊഴുകുന്ന പ്രാണഗന്ധം
തരിവാക്കു പരതുന്ന കണ്ഠത്തില് നീ തന്നതൊരു ലോകമാകെപ്പകര്ന്ന ഗാനം
വിരിയും പ്രഭാതങ്ങളണയും പ്രദോഷങ്ങളതിലൂടെയിഴയേ തുടുത്തുപോയി,
തളരുന്ന മധ്യാഹ്നമെരിയുന്ന പാതിരാവതിലൂടെയെന്നും കുളിര്‍ത്തുപോയി.''
കവിതയെഴുതി പിറ്റേന്ന് സംവിധായകനെ ഏല്‍പ്പിക്കുമ്പോള്‍ സിനിമയിലെ കഥാസന്ദര്‍ഭത്തിന് അത് എത്ര കണ്ടു യോജിക്കും എന്ന് ആശങ്കയുണ്ടായിരുന്നു. '' പൂര്‍ണ സംതൃപ്തി തോന്നിയെങ്കില്‍ മാത്രം പടത്തില്‍ ഉപയോഗിച്ചാല്‍ മതി. ഇല്ലെങ്കില്‍ വലിച്ചു കീറി ദൂരെ എറിയാം. എനിക്കൊരു പരിഭവവും തോന്നില്ല.'' മധുസൂദനന് നായര്‍ ലെനിനോട് പറഞ്ഞു. നിശബ്ദമായ ചിരിയായിരുന്നു ലെനിന്റെ മറുപടി . കവിത അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരിക്കണം.
തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് അടുത്ത ദിവസം കംപോസിങ്. മോഹന്‍ സിതാരയാണ് സംഗീതസംവിധായകന്. ട്യൂണിട്ട് ഗാനം എഴുതിക്കുന്ന സമ്പ്രദായത്തോടാണ് അദ്ദേഹത്തിന് മമത. പക്ഷേ ഇത് ശുദ്ധമായ കവിതയാണ്. വരികളുടെ ആത്മാവറിഞ്ഞ് വേണം ഈണമിടാന്‍. ''ഒന്ന് രണ്ടു ഈണം അദ്ദേഹം കമ്പോസ് ചെയ്തെങ്കിലും ശരിയായില്ല. എന്റെ മനസ്സിലെ ഈണം ചൊല്ലിക്കേള്‍പ്പിക്കാമോ എന്നായി മോഹന്‍. ഏതു കവിത എഴുതുമ്പോഴും ഞാനറിയാതെ തന്നെ അതില്‍ ഒരു താളം വന്നു നിറയാറുണ്ട്. ചെറുപ്പം മുതലുള്ള സംഗീത ഭ്രമം കൊണ്ട് ലഭിച്ച ഗുണമായിരിക്കാം. അതുകൊണ്ടുതന്നെ എന്റെ മനസ്സില്‍ തോന്നിയ ഈണം മൂളിക്കൊടുക്കാന്‍ പ്രയാസമുണ്ടായില്ല. ചില്ലറ മിനുക്കുപണികളേ വേണ്ടിവന്നുള്ളൂ പിന്നെ മോഹന്‍. നിമിഷങ്ങള്‍ക്കകം അതൊരു പൂര്‍ണ്ണ സംഗീത സൃഷ്ടിയായി. ലളിതമായ വാദ്യവിന്യാസം മാത്രമേ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. വരികള്‍ വാദ്യോപകരണ ബഹളത്തില്‍ മുങ്ങിപ്പോകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു ലെനിന്.''
യേശുദാസ് വേണ്ട; കവി പാടട്ടെ
പാട്ടെഴുതുമ്പോഴും ചിട്ടപ്പെടുത്തലിനു സാക്ഷ്യം വഹിക്കുമ്പോഴും അത് താന്‍ തന്നെ പാടേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല മധുസൂദനന് നായര്‍. ''ഏത് ഗാനരചയിതാവിനേയും പോലെ യേശുദാസ് എന്റെ രചനയ്ക്ക് ശബ്ദം പകരണം എന്നായിരുന്നു മോഹം. ആത്മാവിലേക്ക് ഹിമകണം പോലെ വന്നുവീഴുന്ന ശബ്ദമാണ് ദാസിന്റെത്. ഏതു വേദനകളും അലിയിച്ചു കളയാന്‍ പോന്ന മാന്ത്രിക ശബ്ദം. പക്ഷേ ലെനിന്റെ മനസ്സില്‍ മറ്റെന്തോ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. യേശുദാസിനെ കൊണ്ട് പാടിക്കും മുന്‍പ് ഞാന്പാടണം എന്നായി അദ്ദേഹം. ട്രാക്ക് വെര്ഷന് ആയിട്ടല്ല. കവിതയുടെ ഭാവം യേശുദാസിന് മനസ്സിലാക്കാന്‍ വേണ്ടിയാണ്.''
തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ പാടാന്‍ ചെന്നപ്പോള്‍ മറക്കാനാവാത്ത മറ്റൊരു അനുഭവം കൂടി ഉണ്ടായി മധുസൂദനന് നായര്‍ക്ക്. യേശുദാസ് പതിവായി പാടുന്ന വോയ്സ് ബൂത്തില്‍ നിന്നാണ് പാടേണ്ടത്. റെക്കോര്‍ഡിസ്റ്റ് കരുണാകരന് വന്നു മൈക്ക് അഡ്ജസ്റ്റ് ചെയ്തു. പാടിത്തുടങ്ങാനുള്ള നിര്‍ദേശവും കിട്ടി. പക്ഷെ എത്ര പാടിയിട്ടും ശരിയായില്ല, എവിടെയോ എന്തോ പന്തികേട് . ''എത്രയോ പാട്ടുകളുടെ ശബ്ദലേഖനം നിര്‍വഹിച്ച കരുണാകരന് കാര്യം എളുപ്പം പിടികിട്ടിയിരിക്കണം. നിന്നിരുന്ന പൊസിഷനില്‍ നിന്ന് അദ്ദേഹം എന്നെ ഉടന്‍ മാറ്റിനി ര്‍ത്തി. വീണ്ടും മൈക്ക് അഡ്ജസ്റ്റ് ചെയ്തു തന്നു. ഇത്തവണ ആദ്യ ടേക്കില്‍ തന്നെ ആലാപനം ഓക്കേ.
പാടി പുറത്തു വന്നയുടന്‍ കരുണാകരന് എന്നെ അടുത്തുവിളിച്ചു ഒരു രഹസ്യം പറഞ്ഞു: ''എന്തിനാണ് മൈക്കിനു മുന്നില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന് അറിയാമോ? ആദ്യത്തെ പൊസിഷനില്‍ നിന്ന് പാടുമ്പോള്‍ സാറിന്റെ ശരീരം വിറച്ചിരുന്നു. ഒരു പക്ഷേ ദാസേട്ടന് നിന്ന് പാടുന്ന സ്ഥലത്തു നിന്ന് പാടിയത് കൊണ്ടാവാം. ഉപബോധമനസ്സില്‍ ആ ചിന്ത ഉണ്ടായിരുന്നിരിക്കണം. കരുണാകരന് പറഞ്ഞതായിരിക്കണം ശരി എന്ന് എനിക്കും തോന്നി...''
കവി തന്നെ ആലപിച്ചാലേ തന്നിലെ സംവിധായകന് ഉദ്ദേശിച്ച ഭാവതലം കവിതക്ക് കൈവരൂ എന്ന് നേരത്തെ തന്നെ മനസ്സില്‍ ഉറച്ചിരുന്നു ലെനിന് രാജേന്ദ്രന്. മലയാളികള്‍ കേട്ടു ശീലിച്ച ശബ്ദങ്ങള്‍ വേണ്ട എന്നും. മധുസൂദനന് നായര്‍ പാടിയ വെര്ഷന് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ അതുകൊണ്ടുതന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ലെനിന്. ''കവിത ശൈശവം മുതലേ എന്റെ ഒപ്പമുണ്ട്; സംഗീതവും. പക്ഷെ എന്നെങ്കിലും സിനിമക്ക് പാട്ടെഴുതേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല'' മധുസൂദനന് നായരുടെ വാക്കുകള്‍. ''പല പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് ക്ലിപ്ത സമയത്തിനുള്ളില്‍ എഴുതിത്തീര്‍ത്ത ആ ഗാനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, കാണാന്‍ ഇടയില്ലാത്ത, എത്രയോ മനുഷ്യരുടെ സ്വകാര്യ നിമിഷങ്ങളെ ദീപ്തമാക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം.''

പകരം വെക്കാനില്ലാത്ത ഓര്‍മകള്‍ കവിക്ക് സമ്മാനിച്ചിട്ടുണ്ട് ആ പാ ട്ടുകള് പലതും. ഹൃദയ സ്പര്‍ശിയായ അനുഭവങ്ങള്‍. അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍, വേദിക്കരികിലെത്തി കൈകള്‍ രണ്ടും ചേര്‍ത്തുപിടിച്ച് തന്റെ കണ്ണുകളിലേക്കു നോക്കിനിന്ന അപരിചിതയായ സ്ത്രീയെ മധുസൂദനന് നായര്‍ ഓര്‍ക്കുന്നു. അവരുടെ ചുണ്ടുകളില്‍ നിന്നുതിര്‍ന്നത് ആ പഴയ കവിതയുടെ വരികള്‍: ''അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും, ഉരുകി നിന്നാത്മാവിന് ആഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗം, നിന്നിലടിയുന്നതേ നിത്യസത്യം..'' പാടിത്തീര്ന്നപ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ''ഏതോ നഷ്ടപ്രണയത്തിന്റെ ഓര്‍മയിലാവണം അവര്‍ അത് പാടിയതെന്ന് തോന്നി. എന്റെ കണ്ണുകളും ഒരു നിമിഷം ഈറനായി.'' കാവ്യദേവതയോട് കൈകള്‍ കൂപ്പി നന്ദി പറയാതിരിക്കാന്‍ കഴിഞ്ഞില്ല കവിക്ക് ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നിറമുള്ള ജീവിതപ്പീലി തന്നത് ആ സുന്ദരിയല്ലേ?
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The story behind a poignant poem written overnight for Lenin Rajendran`s film, sung by the poet himself. A tale of friendship, inspiration, and the power of song.
Published: 30 Jun 2025, 12:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented