1987 സെപ്റ്റംബര്‍ 4. സംഭവം നടക്കുന്നത് രാജസ്ഥാനിലെ ശികര്‍ ജില്ലയിലാണ്. നിരവധിയാളുകള്‍ ചുറ്റും നോക്കിനില്‍ക്കുമ്പോള്‍, ഒരു പെണ്‍കുട്ടി ഭര്‍ത്താവിന്റെ ചിതയിലേക്ക് ചാടി, 'സതി' അനുഷ്ഠിച്ചു. ആളുകള്‍ അത് ആരാധനയോടെ നോക്കിനിന്നു. അന്ന് ആ പെണ്‍കുട്ടിക്ക് 18 വയസ്സ് മാത്രമേയുള്ളൂ. പറഞ്ഞുവരുന്നത് രാജസ്ഥാനില്‍നിന്നുള്ള രജ്പുത് വംശജയായ രൂപ് കന്‍വറിനെക്കുറിച്ചാണ്.
എട്ടുമാസം മുമ്പായിരുന്നു രൂപിന്റെയും ഭര്‍ത്താവ് മാല്‍സിങ് ശെഖാവത്തിന്റെയും വിവാഹം. വിവാഹിതരാവുമ്പോള്‍ രൂപിന് 17 വയസ്സാണ് പ്രായം. ഭര്‍ത്താവിന് 24 വയസ്സും. പെട്ടെന്നുള്ള അസുഖം ബാധിച്ചാണ് മാല്‍സിങ് മരിക്കുന്നത്. ഭര്‍ത്താവിന്റെ മൃതദേഹം കുറേനേരം നോക്കിനിന്നശേഷം, ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണത്രേ രൂപ് ചിതയിലേക്ക് നടന്നടുത്തത്.
രൂപ് സ്വന്തം ഇഷ്ടപ്രകാരമാണ് സതിയനുഷ്ഠിച്ചതെന്നാണ് ഭര്‍തൃകുടുംബാംഗങ്ങള്‍ പറഞ്ഞത്. പക്ഷേ, അവരെ അതിന് നിര്‍ബന്ധിതയാക്കിയതാണെന്ന് മറ്റുള്ളവരും വാദിച്ചു. തന്നെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടിമരിക്കാന്‍ നിര്‍ബന്ധിച്ചേക്കുമെന്ന് മനസ്സിലായതോടെ, രൂപ് വീടിനടുത്തുള്ള വയലില്‍ ഒളിച്ചിരുന്നുവെന്നാണ് അവരുടെ വാദം. അവിടുന്ന് ആ പെണ്‍കുട്ടിയെ കണ്ടുപിടിച്ച് വലിച്ചിഴച്ച് കൊണ്ടുവരികയായിരുന്നുവത്രേ. തീപടര്‍ന്നപ്പോള്‍ ചിതയില്‍നിന്ന് പുറത്തുചാടാന്‍ ശ്രമിച്ചെങ്കിലും, വിറകുകൊള്ളികള്‍ കൊണ്ട് ചിതയിലേക്ക് തന്നെ രൂപിനെ തട്ടിയിട്ടുവെന്നും അവര്‍ ആരോപിക്കുന്നു.
പ്രതിഷേധത്തിനൊടുവില്‍...
1829-ല്‍ തന്നെ സതി നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും, അത് പിന്നീടും രാജ്യത്ത് പലയിടത്തും തുടര്‍ന്നുപോരുന്നുണ്ടായിരുന്നു. പക്ഷേ, രൂപിന്റെ മരണത്തോടെ രാജ്യത്താകെ വന്‍പ്രതിഷേധങ്ങളുണ്ടായി. ഭരണാധികാരികള്‍ക്കെതിരെ ആളുകള്‍ തിരിഞ്ഞു. റാലികളും പ്രതിഷേധപ്രകടനങ്ങളും നടന്നു. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി ഹരി ദേവ് ജോഷിക്ക് രാജി വെക്കേണ്ടിവന്നു.
രാജ്യത്ത് 'സതി' ഒരു ക്രിമിനല്‍കുറ്റമാക്കുന്നതും രൂപിന്റെ മരണത്തിനുശേഷംതന്നെ. 'സതി'യെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി അത് മാറി.
പക്ഷേ പുറത്തുനടക്കുന്ന പ്രതിഷേധങ്ങളൊന്നും ആ ഗ്രാമത്തിലുള്ളവരെ തീരെ ബാധിച്ചില്ല. കോടതിയുടെ നിരോധനമുണ്ടായിട്ടും, രൂപ് മരിച്ച് 13-ാം ദിവസം അവര്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചു. അതില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്നായി രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്തെന്നാണ് കണക്ക്. രൂപിന്റെ ഫ്രെയിം ചെയ്ത ഫോട്ടോയും പോസ്റ്ററുകളുമെല്ലാം അവിടെവെച്ച് വില്‍പന നടത്തി. രൂപിനെ 'സതി മാതാ' എന്നാണ് പിന്നീട് ആളുകള്‍ വിളിച്ചത്. ഗ്രാമത്തിലുള്ളവര്‍ രൂപിനെ ആരാധിക്കാനും തുടങ്ങി. അവര്‍ മരിച്ച സ്ഥലം പതുക്കെയൊരു ആരാധനാലയമായി രൂപാന്തരപ്പെട്ടു.
സംഭവത്തിന്റെ ഒന്നാം വാര്‍ഷികം വളരെ ആഘോഷപൂര്‍വമാണ് ആ ഗ്രാമത്തിലുള്ള 45-ഓളം പേര്‍ കൊണ്ടാടിയത്. അതിനിടെ പരിപാടിയില്‍ പങ്കെടുത്ത 33 പേര്‍ അറസ്റ്റിലായി. സതിയെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു കേസ്. തെളിവുകളില്ലെന്ന കാരണത്താല്‍ 25 പേരെ 2004-ല്‍ തന്നെ വിട്ടയച്ചിരുന്നു. ബാക്കിയുള്ള എട്ടുപേരെ 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മാസം ഒമ്പതിന് ജയ്പൂരിലെ സ്‌പെഷല്‍ കോടതി കുറ്റവിമുക്തരാക്കി.
ഇന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് പലരും ആ ആരാധനാലയം സന്ദര്‍ശിക്കാന്‍ വരുന്നുവെന്നാണ് ഗ്രാമത്തിലുള്ളവര്‍ അവകാശപ്പെടുന്നത്. രൂപ് അവിടെ ഇപ്പോഴുമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. 'സതി'യില്‍ ഇന്നത്തെ തലമുറയ്ക്ക് വിശ്വാസമില്ലെങ്കിലും, രൂപിനെ അവരും ആരാധിക്കുന്നു.
Content Highlights: 18 year old girl burnt alive on her husband's funeral pyre; last sati in india
Published: 19 Oct 2024, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented