
ഇഷ്ടങ്ങള്‍ നിറച്ച് പടുത്തുയര്‍ത്തിയ വീട് എല്ലാവരുടെയും സ്വപ്‌നമാണ്. ട്രെന്‍ഡും പണച്ചെലവും നോക്കി വീട് മനോഹരമാക്കാന്‍ വഴികള്‍ തിരയുന്നവരാണ് ഏറെപ്പേരും. ഓരോ വര്‍ഷവും മാറിമറിയുന്ന ട്രെന്‍ഡുകള്‍ക്കൊത്ത് വീടിനെ പുതുപുത്തനാക്കാന്‍ ആര്‍ക്കാണ് മോഹമില്ലാത്തത്. വീടു പണിക്കൊരുങ്ങും മുമ്പ് പുതുവര്‍ഷത്തിലെ ഇന്റീരിയര്‍ ട്രെന്‍ഡറിയാം.
കളര്‍ തീം
കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ തേടിപ്പോകുന്നവര്‍ ഇന്ന് വിരളമാണ്. കണ്ണിന് കുളിര്‍മയേകുന്ന പേസ്റ്റല്‍, എര്‍ത്തി ടോണുകളോടാണ് ആളുകള്‍ക്കിപ്പോള്‍ പ്രിയം.
- ഈ വര്‍ഷം ബ്രിക് റെഡ്, ബെയ്ജ് തുടങ്ങിയ എര്‍ത്തി കളറുകളിലാവും വീടുകള്‍ സുന്ദരമാകുന്നത്.
- കടല്‍വെള്ളത്തിന്റെ നിറമായ ടീല്‍ ബ്ലൂവിലും വീട് മനോഹരമാക്കാം. വൈറ്റ്, ഗ്രേ, ബെയ്ജ് തുടങ്ങിയ ന്യൂട്രല്‍ നിറങ്ങളാണ് ടീല്‍ ബ്ലൂവിന് ഏറ്റവും യോജിച്ച കോമ്പിനേഷനുകള്‍.
- മോണോക്രൊമാറ്റിക് കളര്‍ തീമും ഇത്തവണത്തെ ട്രെന്‍ഡാകും. വീടിനുള്ളില്‍ പലഭാഗത്തായി ഒരു നിറത്തിന്റെ പല ഷേഡുകള്‍ നല്‍കുന്നത് മിനിമലിസ്റ്റിക്ക് ലുക്ക് നല്‍കും. ഇത്തരം രീതികള്‍ ട്രെന്‍ഡ് ഔട്ട് ആവുകയുമില്ല. വീടിന് ലക്ഷ്വറി ഫീലും നല്‍കും.
- വീടിന് ബെയ്ജ് നിറത്തിലുള്ള മൊണോക്രൊമാറ്റിക് എഫക്ടാണ് നല്‍കുന്നതെങ്കില്‍ ബെയ്ജിന്റെ പല വേരിയേഷനുകളായ ഹേസല്‍നട്ട്, റോയല്‍ ബെയ്ജ്, ന്യൂഡ് ബെയ്ജ്, ഗ്രെയ്ജ്, ടാന്‍... തുടങ്ങിയവ ഉപയോഗിക്കാം. കടുപ്പം കൂടിയും കുറഞ്ഞുമുള്ള ഷെയ്ഡുകള്‍ നല്‍കുമ്പോള്‍ വീടിന് പുതുമോടി ലഭിക്കും.
- വീടിന് പുറംഭാഗത്ത് ഗ്രേ ഷേഡുകള്‍ നല്‍കാം.
- ചുമരുകള്‍, സീലിങ്, കിച്ചണ്‍ കാബിനെറ്റ്, ബാത്ത്റൂം... തുടങ്ങിയവയില്‍ ഗ്ലോസ് പെയിന്റിങ്ങും ചെയ്യാം. ഹൈ ഗ്ലോസ്, സെമി ഗ്ലോസ് എന്നിങ്ങനെ രണ്ടുവിധമുണ്ട് ഗ്ലോസ് പെയിന്റുകള്‍. ഇവ വീടിനുള്ളില്‍ കൂടുതല്‍ തെളിച്ചം നല്‍കാന്‍ സഹായിക്കും. വാട്ടര്‍പ്രൂഫായതിനാല്‍ കൂടുതല്‍കാലം നീണ്ടുനില്‍ക്കും.
- മിനിമല്‍ പാറ്റേണിലുള്ള വാള്‍പേപ്പര്‍, ടെക്സ്ച്ചേഡ് വാള്‍ കവറിങ്സ്, ഗ്രാസ് ക്ലോത്ത് വാള്‍ കവറിങ് എന്നിവ ഇത്തവണ ട്രെന്‍ഡാകും.
വെളിച്ചം
വീടിന് ലൈറ്റിങ് ചെയ്യുമ്പോഴും ശ്രദ്ധവേണം. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ലൈറ്റിങ് രീതികള്‍ ഇന്ന് ട്രെന്‍ഡാണ്.
വീടിന്റെ ഭംഗിയും ഓരോരുത്തരുടെയും ആവശ്യങ്ങളും കണക്കിലെടുത്ത് നിഴല്‍ വീഴാതെവേണം വീട്ടില്‍ ലൈറ്റിങ് നല്‍കാന്‍. ഒപ്പം വീടിന് നല്‍കുന്ന നിറവും പ്രധാനമാണ്.
- വലിയ ലൈറ്റ് ഹോള്‍ഡറുകളോ ബള്‍ബുകളോ ലൈറ്റ് ഫിക്സ്ചറുകളോ പുത്തന്‍ വീടുകള്‍ക്ക് യോജിച്ചവയല്ല.
- ഇന്‍ബില്‍റ്റ് എല്‍.ഇ.ഡി. ലൈറ്റുകളാണ് ഇനി ട്രെന്‍ഡ്. ഇന്‍ബില്‍റ്റായതിനാല്‍ ബള്‍ബ് ഇടുന്ന ലൈറ്റ് ഫിക്സ്ചറുകള്‍ പുറമേ കാണില്ല.
- ലിവിങ് റൂം, കിച്ചണ്‍, ഡൈനിങ് ഏരിയ, വാഷ് ഏരിയ തുടങ്ങി ഓരോ ഇടങ്ങള്‍ക്ക് യോജിച്ച സ്ട്രിപ് ലൈറ്റ്, സ്പോട്ട് ലൈറ്റ്, ലീനിയര്‍ ലൈറ്റ്, മോഷന്‍ സെന്‍സര്‍ ചെയ്ത് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ ലൈറ്റ്, സ്പെഷ്യല്‍ ലൈറ്റ് തുടങ്ങിയ വ്യത്യസ്ത രീതികളുണ്ട്.
- ബാത്ത്റൂം, ബെഡ്റൂം, അടുക്കള എന്നുതുടങ്ങി ഗോവണിപ്പടികളിലും ഷെല്‍ഫുകളിലും (ഡ്രോയര്‍ ഇലുമിനേഷന്‍) കിച്ചണ്‍ കൗണ്ടറുകളിലും സ്‌കേര്‍ട്ടിങ്ങുകളിലും സ്ട്രിപ് ലൈറ്റുകള്‍ ഘടിപ്പിച്ച് ആകര്‍ഷകമാക്കാം.
- അടുക്കളയില്‍ കൗണ്ടര്‍ ടോപ്പുകളിലും സീലിങ്ങിലും സ്ട്രിപ് ലൈറ്റുകളോ ലീനിയര്‍ ലൈറ്റുകളോ വയ്ക്കാം.
- കുക്കിങ് ഏരിയ, പച്ചക്കറികള്‍ മുറിക്കുന്ന ഏരിയ, സിങ്ക് എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്ന സ്പോട്ട് ലൈറ്റുകള്‍ വയ്ക്കുന്നത് നല്ലതാണ്.
- പഠനമേശയ്ക്ക് മുകളിലായി സ്പോട്ട് ലൈറ്റിങ് നല്‍കാം. ഡ്രെസ്സിങ് ഏരിയയിലും വാഷ് ഏരിയയിലും സ്പോട്ട് ലൈറ്റുകള്‍ നല്‍കുന്നത് നല്ലതാണ്.
- കിച്ചണ്‍ ഷെല്‍ഫുകളിലും കാബിനെറ്റുകളിലും ഡ്രോയറുകളിലും സെന്‍സര്‍ ലൈറ്റുകള്‍ വെക്കുന്നത് നല്ലതാണ്. തുറക്കുമ്പോള്‍ മാത്രം പ്രകാശിക്കുന്നതിനാല്‍ അനാവശ്യ വൈദ്യുതി ഉപയോഗവും കുറയ്ക്കാം.
- ബെഡ്‌റൂമില്‍ കിടക്കയ്ക്കരികില്‍ ഡിസൈനര്‍ ലാംപുകളോ ബെഡ് ലൈറ്റുകളോ വയ്ക്കാം.
- ലിവിങ് റൂമിലെ ഷോകെയ്സുകളിലും ലീനിയര്‍ ലൈറ്റിങ് നല്‍കാം.
- ബെഡ്റൂമില്‍ അറ്റ്മോസ്ഫെറിക് ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, മൂഡ് ലൈറ്റിങ് എന്നിവ യോജിക്കുന്നവിധത്തില്‍ നല്‍കാം.
- ആമ്പിയന്റ് ലൈറ്റിങ്, പെന്‍ഡെന്റ് ലൈറ്റിങ്, വാള്‍ ലൈറ്റിങ്, ഫ്‌ളോര്‍ ലാംപ്സ്, ട്രാക് ലൈറ്റിങ്, സീലിങ് ലൈറ്റിങ്, ടാസ്‌ക് ലൈറ്റിങ്, ഷാന്‍ഡ്ലീയര്‍ തുടങ്ങി ധാരാളം സ്റ്റേറ്റ്മെന്റ് ലൈറ്റിങ്ങുകളുണ്ട്. ഇവ പല വലുപ്പത്തിലും രൂപത്തിലും വിപണിയില്‍ ലഭ്യമാണ്.
വീട്ടുപകരണങ്ങള്‍
വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധവേണം. വീട്ടില്‍ അനാവശ്യവസ്തുക്കള്‍ നിറച്ച് സ്ഥലം പാഴാക്കാതെ കൃത്യമായ ധാരണയോടെ ആവശ്യസാധനങ്ങള്‍മാത്രം ശരിയായ സ്ഥലത്ത് വയ്ക്കാനും ക്‌ളട്ടറുകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം.
- കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറുകളാണ് നല്ലത്.
- മോണോക്രൊമാറ്റിക് തീമാണ് വീടിന് തിരഞ്ഞെടുക്കുന്നതെങ്കില്‍ വീട്ടുപകരണങ്ങളും അതേ തീമിലുള്ളതാവാന്‍ ശ്രദ്ധിക്കണം.
- പുനരുപയോഗിക്കാവുന്ന തരം ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാം.
- ഡൈനിങ് റൂമിലും ലിവിങ് റൂമിലും ചുമരിനരികില്‍ ബില്‍റ്റ് ഇന്‍ ബാങ്ക്വെറ്റുകള്‍ സ്ഥാപിക്കാം. സ്ഥലപരിമിതിയുള്ളവര്‍ക്ക് കുറഞ്ഞസ്ഥലത്തുതന്നെ ഇരിപ്പിടം ഒരുക്കാനാവും.
ഫ്‌ളോറിങ്
പുനരുപയോഗിക്കാവുന്ന തരം മെറ്റീരിയലുകളാണ് ഫ്‌ളോറിങ് ഭംഗിയാക്കാനും തിരഞ്ഞെടുക്കേണ്ടത്. വുഡ്, മിഡ് ടോണ്‍ വുഡ് ഫ്‌ളോര്‍ എന്നിവ 2025-ലെ ഫ്‌ളോറിങ് ട്രെന്‍ഡാകുമെന്ന് ഉറപ്പ്. മരത്തടി ഉപയോഗിച്ചുകൊണ്ടുള്ള ഫ്‌ളോറിങ് പണ്ടുമുതലേ ഉള്ളതാണ്. പഴമയിലേക്കുള്ള തിരിച്ചുവരവ് പുതിയകാലത്തെ ഫ്‌ളോറിങ്ങില്‍ കാണാം.
തേക്ക്, മഹാഗണി തുടങ്ങിയ കടുംനിറങ്ങളിലുള്ള മരങ്ങള്‍കൊണ്ടുള്ള ഫ്‌ളോറിങ്ങായിരിക്കും ഇത്തവണ കൂടുതല്‍ ട്രെന്‍ഡിയാവുക. മുന്‍വര്‍ഷങ്ങളിലെ ഇളംനിറങ്ങളിലുള്ള ഫ്‌ളോറിങ്ങിനൊപ്പം മിഡ് ടോണ്‍ ബ്രൗണ്‍ നിറങ്ങള്‍ ട്രെന്‍ഡാകും.
ബയോഫിലിക് ഡിസൈനുകള്‍
ബയോഫിലിക് ഡിസൈനുകളും ഇത്തവണ ട്രെന്‍ഡാകും. പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന ആശയത്തിലേക്കുള്ള ആളുകളുടെ മാറ്റമാണ് ബയോഫിലിക് ട്രെന്‍ഡിന് പിന്നില്‍. വീടിനുള്ളില്‍ ചെടികള്‍, മരങ്ങള്‍ എന്നിവ നട്ടുവളര്‍ത്തുക, നടുമുറ്റത്തും ലിവിങ് റൂമിലും മറ്റും വെള്ളച്ചാട്ടം നിര്‍മിക്കുക, വീടിനകത്തുതന്നെ ചെറിയ കുളങ്ങള്‍, ചുമരില്‍ റോക്ക് വാള്‍ ഡിസൈനുകള്‍ തുടങ്ങിയവ ബയോഫിലിക് ഡിസൈനുകള്‍ക്ക് ഉദാഹരണങ്ങളാണ്.
സ്മാര്‍ട്ട് ഹോംസ്
സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ വീടിനുള്ളിലും കാണാം. നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള സ്മാര്‍ട്ട് ടെക്നോളജികള്‍ ഇന്നുണ്ട്. അഡ്വാന്‍സ്ഡായ സെക്യൂരിറ്റി സിസ്റ്റങ്ങളും ഈ വര്‍ഷം ട്രെന്‍ഡാവും.
വീട്ടിലേക്ക് അതിഥികളെത്തുമ്പോള്‍ നിങ്ങള്‍ വീട്ടിലില്ലെങ്കിലും സ്മാര്‍ട്ട് ഡോര്‍ ബെല്‍ എന്ന സാങ്കേതികവിദ്യയിലൂടെ അതിഥിയുമായി കണ്ട് സംസാരിക്കാം.
ഓട്ടോമാറ്റിക് ലൈറ്റിങ്ങുകള്‍, സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് ഓവന്‍, സ്മാര്‍ട്ട് വാഷിങ് മെഷീന്‍ തുടങ്ങിയവയും ഡെഡിക്കേറ്റഡ് ഹോം തിയേറ്ററുകളും വീടുകളില്‍ ഇടംപിടിക്കും.
കടപ്പാട്: ജോസ്‌ന റാഫേല്‍
പ്രോഫ. ആര്‍ക്കിടെക്ചര്‍
ഗവ. ഏഞ്ചിനീയറിങ് കോളേജ് , തൃശ്ശൂര്‍
Content Highlights: trendy home interior home light colour theme
Published: 08 Feb 2025, 04:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented