വീട് പണിയുന്നതിനേക്കാള്‍ ചെലവ് അകത്തളം ഒരുക്കുന്നതിന് വരാറുണ്ടോ? പലരും വീടുപണി പൂര്‍ത്തിയാവുമ്പോഴാണ് ഇന്റീരിയര്‍ ഡിസൈനിങ്ങിനെക്കുറിച്ച് ഓര്‍ക്കാറുള്ളത്. വീട് നിര്‍മാണത്തിലിരിക്കുമ്പോള്‍ തന്നെ മനസ്സിനിണങ്ങുന്ന ഇന്റീരിയര്‍ പ്ലാന്‍ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. തുടക്കത്തിലേ മാറ്റങ്ങള്‍ വരുത്താനും മൊത്തം ചെലവ് കണക്ക് കൂട്ടി വരുതിക്കുള്ളിലാക്കാനും ഇത് സഹായിക്കും. ചെലവ് കുറച്ച് സൗകര്യങ്ങളോടുകൂടി ഇന്റീരിയര്‍ ഒരുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

To advertise here,
  • അകത്തളത്തില്‍ കഴിവതും ഇളം നിറങ്ങള്‍ ഉപയോഗിക്കാം. മുറിക്കകത്ത് കൂടുതല്‍ വെളിച്ചവും തെളിച്ചവും തോന്നും. ഓഫ് വൈറ്റ് നിറങ്ങളോ, വാം ലൈറ്റോ പോലുള്ള കോമ്പിനേഷനുകള്‍ സ്വീകരിക്കുന്നത് അകത്തളത്തിന്റെ അഴക് കൂട്ടും. ആ കളര്‍ തീമിനനുസരിച്ചുള്ള ഫ്‌ളോറിങ്ങും കൂടി നല്‍കിയാല്‍ മുറി കൂടുതല്‍ വിശാലമായി തോന്നിക്കും. 
  • മുറികള്‍ ചെറുതാണെങ്കില്‍ സിറ്റിങ് ഏരിയയ്ക്കുവേണ്ടി ബെയ് വിന്‍ഡോ ഡിസൈന്‍ ചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.
  • ജിപ്‌സം സീലിങ് ഒഴിവാക്കി ലെഡ് സീലിങ് ലൈറ്റുകള്‍ മുറികളിലെ സീലിങ്ങുകളില്‍ നേരിട്ട് ഘടിപ്പിക്കാം. സീലിങ്ങില്‍ പ്രൊഫൈല്‍ ലൈറ്റുകള്‍ കൊടുത്ത് ഡിസൈന്‍ ചെയ്യുന്നതും നല്ലതാണ്. അകത്തളങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഘടകം അതിന്റെ വാം ലൈറ്റാണ്. പ്രൊഫൈല്‍ ലൈറ്റുകളും എല്‍ ഇഡി ലൈറ്റുകളും സര്‍ഫസ് ലൈറ്റുകളുമൊക്കെയാണ് ഇപ്പോള്‍ ഭംഗി കൂട്ടുന്നത്. 
  • ഭിത്തികളില്‍ അനാവശ്യമായ ടെക്‌സ്ച്ചര്‍ പെയിന്റ് ഡിസൈനുകളും ക്ലാഡിങ് ടൈല്‍സുകളും വെക്കുന്നത് ചെലവ് കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ.
  • മരത്തിന്റെ കട്ടിളകള്‍ക്കും വാതിലുകള്‍ക്കും പകരം ഡബ്ല്യുപിസി പരീക്ഷിക്കാം. മരത്തിനേക്കാള്‍ കൂടുതല്‍കാലം ഈട് നില്‍ക്കുകയും ചിതല്‍, പുഴുക്കുത്ത്, ചീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടുകയും ചെയ്യില്ല. വുഡന്‍ ഡിസൈനിലോ മറ്റോ നിറങ്ങള്‍ നല്‍കുകയുമാവാം.
  • റെഡിമെയ്ഡ് ഫര്‍ണിച്ചറുകളെക്കാള്‍ നമ്മുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും.
  • മുറികളില്‍ അലമാരകള്‍ക്ക് പകരം മിറര്‍യൂണിറ്റോടുകൂടിയ വാര്‍ഡ്രോബുകള്‍ ഒരുക്കാം. പരമാവധി സ്ഥലം ഉപയോഗപ്പെടുത്താന്‍ സാധിക്കും. 
  • വാര്‍ഡ്രോബുകള്‍ക്കും കിച്ചണ്‍ കബോര്‍ഡുകള്‍ക്കും ഫെറോ സിമന്റ് സ്ലാബുകളും യു വി ഷീറ്റും പരീക്ഷിക്കാം. മള്‍ട്ടിവുഡ് - മൈക്ക കബോര്‍ഡുകളെക്കാള്‍ ചിലവ് കുറഞ്ഞതും ഈടു നില്‍ക്കുന്നതുമാണിവ. 
  • വീടുകളില്‍ 3 ട്രാക്ക് സ്ലൈഡിങ് ഡോര്‍ വിത്ത് മെഷ് ജനലുകള്‍ ഘടിപ്പിക്കുന്നത് നല്ലതാണ്. പകല്‍ സമയത്ത് ഒരു സ്ലൈഡ് ഓപ്പണ്‍ ചെയ്ത് അവിടേക്ക് മെഷ് അടച്ചുവെച്ചാല്‍ നല്ല വെളിച്ചവും കാറ്റും കിട്ടുകയും ലൈറ്റിന്റെയും ഫാനിന്റെയും ഉപയോഗം കുറയ്ക്കുകയും ചെയ്യാം.
  • ഹാന്‍ഡ് റെയിലുകള്‍ക്ക് സ്റ്റെയിന്‍ലെസ്സ് സ്റ്റീലുകള്‍ക്ക് പകരം ജിഐ സ്‌ക്വയര്‍ പൈപ്പുകള്‍ ഉപയോഗിക്കാം. ഇന്റീരിയറിന്റെ തീമിന് അനുസരിച്ചുള്ള പെയിന്റ് നല്‍കിയാല്‍ മതി. ഇതും ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
  • സ്റ്റെയര്‍കേസിനടിവശം പോലുള്ള ഇടുങ്ങിയ സ്ഥലങ്ങള്‍ പരമാവധി സ്റ്റോറേജിനായി മാറ്റിവെക്കാം. 
  • ഓപ്പണ്‍ ടെറസുകള്‍ ആയി ലഭിക്കുന്ന സ്ഥലങ്ങള്‍ ട്രെസ്സ് വര്‍ക്ക് ചെയ്ത് ചെറിയ പാര്‍ട്ടി ഹാളുകള്‍ ആയി മാറ്റിയെടുക്കാം.
  • കോര്‍ട്ട് യാര്‍ഡുകളും മറ്റും ഗ്ലാസ് വെച്ചുള്ള പര്‍ഗോളകള്‍ ചെയ്യുന്നതിലും നല്ലത് ഓപ്പണ്‍ ടൈപ്പാണ്. റൂഫില്‍ ഗ്ലാസുകള്‍ വെക്കുന്നത് പരിപാലിക്കാന്‍ പാടും ചെലവ് കൂട്ടുന്നതുമായ രീതിയാണ്. 
  • മുറ്റത്ത് ആവശ്യമുള്ളിടത്ത് മാത്രം പേവിങ് ടൈല്‍സിട്ട് ബാക്കിയുള്ള ഭാഗം വെജിറ്റബിള്‍ ഗാര്‍ഡന് ഉപയോഗപ്പെടുത്താം.  

കടപ്പാട്: 
ബി.പി. സലീം, ഡിസൈനര്‍, ബീപീസ് ഡിസൈന്‍സ്, ചെറുതുരുത്തി, തൃശ്ശൂര്‍-9847155166