
പത്താം ക്ലാസ്സ് വരെ പഠനം ഒരു താളത്തില്‍ അങ്ങനെ പോകുന്നതുകൊണ്ട് ആര്‍ക്കും അധികം സംശയങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. എന്നാല്‍ 10, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം. അനുയോജ്യമല്ലാത്ത കോഴ്‌സ് എടുത്ത് പഠനം പാതിവഴിയില്‍ ഉപക്ഷിച്ച നിരവധി പേരുണ്ട്. അതുകൊണ്ട് കടലുപോലെ പരന്നുകിടക്കുന്ന ഒട്ടേറെ കോഴ്‌സുകളില്‍ നിന്ന് നല്ലതുതന്നെ തിരഞ്ഞെടുക്കണം. ഇപ്പോള്‍ എടുക്കുന്ന ഒരു തീരുമാനം അവരുടെ ഭാവി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകവുമാണ്.
അധികം ആയാസാകാരമല്ലാതെ പഠനം പൂര്‍ത്തിയാക്കാനും അതിനു ശേഷം ആസ്വദിച്ചു ജോലി ചെയ്യാനും കഴിയണമെങ്കില്‍ ഓരോരുത്തര്‍ക്കും ഇണങ്ങുന്ന കോഴ്‌സുകള്‍ തിരെഞ്ഞെടുക്കേണ്ടതുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്‌സിനെക്കുറിച്ചും കരിയറിനെക്കുറിച്ചും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ പറയാം.
1. താല്‍പര്യങ്ങള്‍ തിരിച്ചറിയുക.
അനുയോജ്യമായ ഒരു കോഴ്‌സും കരിയറും തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടി വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളും കഴിവുകളും തിരിച്ചറിയുക എന്നതാണ്. സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച വിഷയങ്ങള്‍ ഏതൊക്കെയാണെന്നും ഏതൊക്കെ വിഷയങ്ങളിലാണ് മികവ് പുലര്‍ത്തിയതെന്നും പരിഗണിക്കുക. ഇത് നിങ്ങള്‍ക്കുചേര്‍ന്ന കരിയറിനെക്കുറിച്ചുള്ള സൂചന നല്‍കും.
2. അഭിരുചി മനസ്സിലാക്കുക.
ഓരോരുത്തര്‍ക്കും അവരവരുടേതായ കഴിവുകള്‍, താല്പര്യങ്ങള്‍, മൂല്യങ്ങള്‍, വ്യക്തിത്വ സവിശേഷതകള്‍ എന്നിവയുണ്ടാകും
അവ മനസ്സിലാക്കാന്‍ വേണ്ട അസ്സസ്‌മെന്റുകള്‍ നടത്തുക. ഇതില്‍ അഭിരുചി പരീക്ഷകള്‍, പേഴ്‌സണാലിറ്റി അസെസ്‌മെന്റ്‌സ്, അല്ലെങ്കില്‍ തൊഴില്‍ താല്‍പര്യ ഇന്‍വെന്ററികള്‍ എന്നിവ ഉള്‍പ്പെടാം. അഭിരുചി നിര്‍ണയിക്കാന്‍ ഓണ്‍ലൈനായും ഓഫ് ലൈനായും നിരവധി സംവിധാനങ്ങളുണ്ട്, ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അഭിരുചി നിര്‍ണയം സഹായിക്കും.
3. കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം എടുക്കുക.
വിവിധ കോഴ്‌സുകളെയും കരിയറുകളെയും കുറിച്ച് പഠിച്ച് വിദ്യാര്‍ഥികളെ ഗൈഡ് ചെയ്യാന്‍ കഴിയുന്ന പ്രൊഫഷണല്‍സിന്റെ സഹായമെടുക്കാം. ആരോടെങ്കിലുമൊക്കെ ചോദിച്ചു എന്തെങ്കിലും കോഴ്‌സ് എടുക്കുക എന്നതാണ് നിലവില്‍ പലരും ചെയ്യുന്നത്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ അവര്‍ക്ക് താല്പര്യമുള്ള മേഖലയായിരിക്കും നിങ്ങള്‍ക്ക് നിര്‍ദേശിക്കുന്നത്അ. അത് നിങ്ങളുടെ മേഖലയാവണമെന്നില്ല. ഇനി നിങ്ങള്‍ പഠിക്കുന്ന മേഖല ഏറെക്കുറെ തീരുമാനമായിട്ടുണ്ടെങ്കില്‍ ആ മേഖലയില്‍ പഠിച്ചു ജോലി ചെയ്യുന്നവരോട്, അല്ലെങ്കില്‍ ആ മേഖലയിലെ വിദഗ്ധരോട് അഭിപ്രായം എടുക്കാം.
പലപ്പോഴും അഡ്മിഷന് വേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാണെങ്കിലും കരിയര്‍ കൗണ്‍സലിങ്, അഭിരുചി നിര്‍ണയം എന്നിവയ്ക്ക് വേണ്ടി പണവും സമയവും മുടക്കാന്‍ അവര്‍ തയ്യാറല്ല എന്നതാണ് സത്യം.
4. കോഴ്‌സിന്റെ പേരിന്റെ സൗന്ദര്യം മാത്രം നോക്കാതിതിക്കുക.
പലപ്പോഴും പല 'ന്യു ജനറേഷന്‍' കോഴ്‌സുകളുടെയും ഇടിവെട്ട് പേരുകള്‍ കേട്ട് അതില്‍ വീണു പോയ നിരവധി പേരുണ്ട്, സൂക്ഷിക്കുക. കോഴ്‌സിന്റെ പേരിലല്ല കാര്യം, അവ നിങ്ങള്‍ക്കുകൂടെ ചേരുന്നതാണോ എന്നതിലാണ് കാര്യം.
5. ലഭ്യമായ കോഴ്‌സുകളെക്കുറിച്ച് പഠിക്കുക.
നിങ്ങളുടെ താല്‍പര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അതുമായി പൊരുത്തപ്പെടുന്ന ലഭ്യമായ കോഴ്‌സുകള്‍ ലിസ്റ്റ് ചെയ്യുക. ഓരോ കോഴ്‌സിന്റെയും യോഗ്യതാ മാനദണ്ഡം, കോഴ്‌സ് കാലാവധി, ഫീസ്, കരിയര്‍ സാധ്യതകള്‍ എന്നിവ നോക്കുക. നന്നായി മനസ്സിലാക്കിയശേഷം താല്‍പര്യമുള്ള മേഖലയിലെ പ്രൊഫഷണലുകളുമായും സംസാരിക്കുക.
6. തൊഴില്‍ വിപണി പരിഗണിക്കുക.
നിങ്ങളുടെ താല്‍പര്യങ്ങളോടും കഴിവുകളോടും പൊരുത്തപ്പെടുന്ന ഒരു കോഴ്‌സ് പിന്തുടരേണ്ടത് അത്യാവശ്യമാണെങ്കിലും, തൊഴില്‍ വിപണികൂടി പരിഗണിക്കണം. ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ കാലത്ത് നിങ്ങള്‍ കോഴ്‌സ് കഴിഞ്ഞിറങ്ങുമ്പോഴേക്കും അതിന്റെ സാധ്യത കുറയുമോ എന്നും പഠിക്കുക. നിലവിലെ തൊഴില്‍ ട്രെന്‍ഡുകള്‍ നോക്കുക, ഇത് ഒരു പ്രായോഗിക തൊഴില്‍ ഓപ്ഷനാണോ എന്ന് അന്വേഷിക്കുക.
7. കോഴ്‌സ് പാഠ്യപദ്ധതി വിലയിരുത്തുക
ഒരു കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍, പാഠ്യപദ്ധതി വിലയിരുത്തേണ്ടത് പ്രധാനമാണ്. കോഴ്‌സിന്റെ ഉള്ളടക്കം, ഡെലിവറി മോഡ്, ഫാക്കല്‍റ്റി, കോഴ്‌സ് വാഗ്ദാനം ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നോക്കുക. കോഴ്‌സ് കാലികമാണെന്നും നിങ്ങളുടെ കരിയറില്‍ വിജയിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കുക.
8. ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിലയിരുത്തുക
ഒരു സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തി, അക്രഡിറ്റേഷന്‍, പ്ലേസ്‌മെന്റ് റെക്കോര്‍ഡുകള്‍ എന്നിവ വിലയിരുത്തുക. ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന ഫാക്കല്‍റ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍, സൗകര്യങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രായോഗിക എക്‌സ്‌പോഷറിനും ഇന്റേണ്‍ഷിപ്പിനും ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക.
9. നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ പരിഗണിക്കുക
ഒരു കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കോഴ്‌സിന്റെ ഫീസ്, ജീവിതച്ചെലവ്, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ നിര്‍ണ്ണയിക്കുക. നിങ്ങളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍, വായ്പകള്‍, മറ്റ് സാമ്പത്തിക സഹായം എന്നിവയുടെ ലഭ്യത പരിഗണിക്കുക.
10. ഭാവി ആസൂത്രണം ചെയ്യുക
ഒരു കോഴ്‌സും കരിയറും തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, നിങ്ങളുടെ ഭാവി ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു കരിയര്‍ പ്ലാന്‍ സൃഷ്ടിക്കുക. നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായ അധിക കഴിവുകളും സര്‍ട്ടിഫിക്കേഷനുകളും പരിഗണിക്കുക.
ഏതൊരു കോഴ്‌സ് പഠിച്ചിറങ്ങിയാലും ഈ 21-ാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില കഴിവുകളുണ്ട്. ആശയവിനിമയം, വിമര്‍ശനാത്മക ചിന്ത, സര്‍ഗ്ഗാത്മകത, സഹകരണം, സാങ്കേതിക സാക്ഷരത, ഫ്‌ലെക്‌സിബിലിറ്റി, നേതൃത്വശേഷി, തുടങ്ങിയവ. പഠനത്തിന്റെ കൂടെ അവകൂടെ ഉണ്ടാക്കിയെടുക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക, ഈ വരുന്ന കാലം നിങ്ങളുടേതാവും.
(ഹാപ്പിനെസ്സ് റൂട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് ലേഖകന്‍)
Content Highlights: Things you should know about higher education
Published: 23 May 2023, 11:16 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented