മൺസൂൺ ഇത്തവണ നേരത്തേയെത്തി. ദൈർഘ്യമേറിയ ഈ പെരുമഴക്കാലത്തെ അതിജീവിക്കാൻ വീടുകളെ സജ്ജമാക്കണം. നിർമ്മാണ ഘട്ടത്തിലും പരിപാലനത്തിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീടുകൾ മൺസൂൺ ഫ്രണ്ട്‌ലിയാകും. ഈർപ്പം നിറഞ്ഞ ഇരുണ്ട കാലാവസ്ഥയിലും വീടുകൾ തിളങ്ങി നിൽക്കാൻ ചില മുൻകരുതലുകൾ ഇതാ. 

To advertise here,

റൂഫിങ്ങ്

വീട് നിർമ്മാണത്തിന്റെ ട്രെൻഡുകൾ മാറുന്നതിനനുസരിച്ച് റൂഫിങ്ങിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം പരീക്ഷണങ്ങൾ വീടിന്റെ ഉറപ്പിനേയും ഈടിനേയും പ്രതികൂലമായി ബാധിക്കാതെ നോക്കണം. കടുത്ത വേനലും കനത്ത മഴയും മാറിമാറിയെത്തുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് അഭികാമ്യം പൊതുവെ ചരിഞ്ഞ മേൽക്കൂരയാണ്. പരന്ന മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ ചോർച്ചയ്ക്ക് സാധ്യത കൂടുതലാണ്. വേനൽക്കാലത്ത് ചൂടും അസഹനീയമായിരിക്കും. കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ ഓട്, ഫൈബർ ടൈലുകൾ പോലെയുളള റൂഫിങ് മെറ്റീരിയൽസ് ഉപയോഗിക്കുന്നത് ചോർച്ച തടയാൻ സഹായിക്കും. ഇതിൽ ക്ലേ ടൈലുകളാണ് കുടുതൽ നല്ലത്.

placeholder

ടെറസ്സിനു മുകളിൽ ട്രെസ് വർക്ക് ചെയ്യുന്നത് ചോർച്ച തടയാനും ചൂട് കുറയ്ക്കാനും സഹായിക്കും. ചെടികൾ വളർത്താനും തുണി ഉണക്കാനും മറ്റും ഈ സ്ഥലം ഉപയോഗപ്പെടുത്താം. ചരിഞ്ഞ മേൽക്കൂര സോളാർ പാനൽ വയ്ക്കുന്നതിന് തടസ്സമാകില്ല. മരക്കൊമ്പുകളിൽ നിന്നോ, സൺഷെയിഡുകളിൽ നിന്നോ സ്ഥിരമായി വെള്ളം ഭിത്തികളിൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. 

ഫ്‌ളോറിങ്ങ്

മാർബിൾ, ഗ്രാനൈറ്റ്, മാർബോണൈറ്റ് എന്നിവ കൊണ്ടുള്ള മിനുസമുളള ഫ്‌ളോറിങ് ഒഴിവാക്കുന്നതാണു നല്ലത്. തറയിൽ വെളളം വീണ് തെന്നി വീഴാനുളള സാധ്യത കൂടുതലാണ്. നനവ് ഉണ്ടാവാൻ സാധ്യതയുളളയിടങ്ങളിൽ മിനുസം കുറവുളള റസ്റ്റിക്ക് ഫ്‌ളോറിങാണ് നല്ലത്. വുഡൻ ടൈലുകളിൽ തെന്നിവീഴാനുളള സാധ്യത കുറവാണ്. മുറ്റത്ത് ആന്റി സ്‌കിഡ് ടൈലുകൾ ഉപയോഗിക്കാം. 

 

placeholder

 

വാട്ടർ പ്രൂഫിങ്ങ്
മഴക്കാലത്ത് വീടിന്റെ ഭിത്തികളിൽ ഈർപ്പം ഊറിനിന്ന് വിളളലുണ്ടാകുന്നത് പതിവാണ്. ഇതിനെ പ്രതിരോധിക്കാൻ വാട്ടർ പ്രൂഫിങ് ചെയ്യാം. പുറംഭിത്തികളും ബാത്ത്‌റൂമിന്റെ ചുമരുകളും പോലെ സ്ഥിരമായി നനയുന്ന ഭാഗങ്ങളിൽ നിലവാരമുളള, കൃത്യമായ സംരക്ഷണം ലഭിക്കുന്ന വാട്ടർ പ്രൂഫിങ് ചെയ്യുക. കുളിമുറികളിൽ ഫൈബർ കോട്ടിങ്ങുളള വാട്ടർ പ്രൂഫിങാണ് നല്ലത്. മിക്കയിടങ്ങളിലും മഴക്കാലത്ത് വെളളപ്പൊക്ക ഭീഷണിയുളളതിനാൽ തറയുടെ ഉയരം നാലടി ഉയർത്തി വീട് പണിയുന്നത് നല്ലതാണ്. തറയുടെ ഉയരം കൂട്ടുന്നത് മഴക്കാലത്ത് ഈർപ്പം തടയാനും സഹായിക്കും.

 

പെയിന്റിങ്ങ്
മഴക്കാലത്തെ മറ്റൊരു പ്രശ്‌നമാണ് പൂപ്പൽ. ആന്റി ഫംഗൽ കോട്ടിങ്ങുളള പെയിന്റുകൾ മഴക്കാലത്തെ പായലുകളെയും പൂപ്പലുകളെയും ഒരുപരിധിവരെ തടയും. ഇളം നിറത്തിലുളള പെയിന്റുകളാണ് എല്ലാ കാലാവസ്ഥയിലും വീടുകൾക്ക് അഭികാമ്യം. ഈർപ്പം കടത്തിവിടാത്ത വെതർകോട്ട് പെയിന്റുകൾ ലഭ്യമാണ്.

placeholder

മഴക്കാലത്ത് മരത്തിന്റെ വാതിലുകളും ജനാലകളും ഈർപ്പം വലിച്ചെടുക്കുന്നത് കാരണം അടയ്ക്കാൻ പ്രയാസം വരാറുണ്ട്. ലാക്കർ ക്ലിയർ കോട്ട് അടിക്കുന്നത് ഇത് തടയാൻ സഹായിക്കും. ജനാലകളുടെ എണ്ണം കൂടാതിരിക്കുന്നത് നല്ലതാണ്. നാല് പാളികളുളള പ്ലസ്സ് ആകൃതിയിലുളള ജനാലകളാണ് അഭികാമ്യം. ഈർപ്പം പിടിക്കാത്ത സ്റ്റീൽ വാതിലുകളും മാർക്കറ്റിൽ ലഭ്യമാണ്. ഗേറ്റ്, ഗ്രിൽ, ജനൽകമ്പി എന്നീ മെറ്റൽ പ്രതലങ്ങളിൽ പെയിന്റടിച്ച് സംരക്ഷണം നൽകിയില്ലെങ്കിൽ തുരുമ്പിക്കാൻ സാധ്യതയുണ്ട്.

ഫർണിച്ചർ
കുഷ്യൻ ഫർണിച്ചറുകൾ മഴക്കാലത്ത് അനുയോജ്യമല്ല. മുറികളിലെ കുഷ്യൻ ഫർണിച്ചറുകളിൽ ഈർപ്പം മൂലം പൂപ്പലുണ്ടാവുകയും ആസ്ത്മ, അലർജി, ഫംഗൽ ഇൻഫെക്ഷൻ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനു പകരമായി മരത്തിന്റ ഫർണിച്ചറുകളോ പ്ലാസ്റ്റിക് ഫർണിച്ചറുകളോ ഉപയോഗിക്കാം. വീടിനു പുറത്ത് കാസ്റ്റ് അയൺ ഫർണിച്ചറുകൾ മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ ഉപയോഗിക്കാം. സ്റ്റെയിൻലെസ്സ് സ്റ്റീൽ ഫർണിച്ചറുകളും മാർക്കറ്റിൽ ലഭ്യമാണ്.

റാക്കുകൾ
നനഞ്ഞ മഴക്കോട്ട്, കുട, നനഞ്ഞ ചെരുപ്പുകൾ എന്നിവ വീടിനകത്തേക്ക് കൊണ്ടുപോയാൽ ഈർപ്പവും നനവും കൂടും. ഇവയെല്ലാം വരാന്തകളിൽ തന്നെ സൂക്ഷിക്കാൻ ഫൈബറിന്റെയോ സ്റ്റീലിന്റേയോ റാക്കുകൾ ഉണ്ടാക്കുന്നത് നന്നായിരിക്കും.

 

placeholder

വീടലങ്കരിക്കുമ്പോൾ
മഴക്കാലത്ത് വീടിനുള്ളിലേക്ക് പരമാവധി വെള്ളം കടക്കാതെ സൂക്ഷിച്ചാൽ ഫംഗസുകളെ ഒരുപരിധി വരെ തടയാം.ഈർപ്പം നന്നായി വലിച്ചെടുക്കുന്ന ഗ്രിപ്പുളള ചവിട്ടികൾ ഉപയോഗിക്കുക. മൈക്രോ ഫൈബർ ചവിട്ടികളും നല്ലതാണ്. ചവിട്ടികളിൽ വെള്ളം നിന്നാൽ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്.

മഴക്കാലത്ത് വീടിനുളളിൽ ഉണ്ടാവാറുളള മുഷിഞ്ഞ ഗന്ധമകറ്റാൻ പൂക്കളും സുഗന്ധമുള്ള മെഴുകുതിരികളും ഉപയോഗിക്കാം. കുന്തിരിക്കവും ചന്ദനത്തിരിയും പുകയ്ക്കുന്നതും നല്ലതാണ്. മുറികളിൽ വാംലൈറ്റുകൾ തന്നെ ഉപയോഗിക്കുക. കണ്ണുകൾക്കും ഇതാണ് നല്ലത്.

മഴക്കാലത്ത് വെളളം കെട്ടിക്കിടന്ന് കൊതുക് വളരാനുളള സാധ്യതയുണ്ട്. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മുറ്റത്തും പറമ്പിലും വെളളം ഒഴുകി പോവാനുളള ഡ്രെയിനേജ് സംവിധാനവും മുറികളിൽ കൃത്യമായ വായു സഞ്ചാരവും ഉറപ്പുവരുത്തണം. 

 

കടപ്പാട്

ജയൻ ബിലാത്തിക്കുളം

ആർകിടെക്ചറൽ ഡിസൈനർ

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi