പാത്രം കഴുകുന്ന സ്‌പോഞ്ച് എത്ര വൃത്തിയാക്കിയാലും അഴുക്കുപോവില്ല. നനവ് മാറാതെ വരുമ്പോള്‍ അണുക്കളുണ്ടാവാനുള്ള സാധ്യതയുമുണ്ട്. കുറച്ചുകഴിയുമ്പോള്‍ ദുര്‍ഗന്ധവുമുണ്ടാവും.

To advertise here,

ഇതെങ്ങനെയാണ് വൃത്തിയാക്കുന്നതെന്ന് നോക്കാം. സ്‌പോഞ്ച് ചെറുതായി നനച്ച് ഓവനില്‍ വെച്ച് രണ്ടുമിനിറ്റ് ചൂടാക്കുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്. മെറ്റാലിക് സ്‌ക്രബാണെങ്കില്‍, ഓവനില്‍ വെക്കരുത്.

വെള്ളത്തില്‍ കുറച്ച് വിനാഗിരി ഒഴിക്കുക. ഇതിലേക്ക് ഉണങ്ങിയ സ്‌പോഞ്ചിട്ട് കുറച്ചുനേരം വെക്കുക. സ്‌പോഞ്ചിലെ ദുര്‍ഗന്ധം മാറും, വൃത്തിയായിരിക്കുകയും ചെയ്യും. വിനാഗിരിയില്‍ മാത്രം സ്‌പോഞ്ച് മുക്കിവെക്കുന്നതും നല്ലതാണ്. അല്പനേരത്തിനുശേഷം പുറത്തെടുത്ത് ചൂടുവെള്ളത്തില്‍ കഴുകുക.  

ഒരു പാത്രത്തില്‍ രണ്ടോ മൂന്നോ കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് സ്‌പോഞ്ച് ഇട്ട് വീണ്ടും കുറച്ചുനേരം തിളപ്പിക്കണം. അണുക്കള്‍ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്. 

അല്പം നനവുള്ള സ്‌പോഞ്ചില്‍ കുറച്ചധികം കല്ലുപ്പ് ഇടുക. പത്തുമിനിട്ട് വെച്ചശേഷം, നന്നായി ഉരച്ച് കഴുകിയെടുക്കാം. ഇതും നല്ലൊരു അണുനാശിനിയാണ്. 

അല്പം ബ്ലീച്ചിങ് പൗഡറില്‍ വെള്ളമൊഴിക്കുക. സ്‌പോഞ്ച് അതിലിട്ട് കുറച്ചുനേരം വെക്കുക. ശേഷം പുറത്തെടുത്ത് കഴുകി ഉപയോഗിക്കാം. 

ഓരോ തവണയും ഉപയോഗശേഷം കൈകൊണ്ട് അമര്‍ത്തി, സ്‌പോഞ്ചിലെ വെള്ളം മുഴുവന്‍ കളയണം.