
ചിലരുടെ ജീവിതത്തില്‍ അടിക്കടി പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടും. ദുരിതങ്ങള്‍ ഒന്നിനുപിറകേ ഒന്നായി വരും. പലരും ആ പരീക്ഷണങ്ങള്‍ക്കുമുന്നില്‍ പകച്ചുപോകും. രോഗം എന്ന വില്ലനു മുന്നില്‍ കോഴിക്കോട് ചേമഞ്ചേരി സ്വദേശിനി ശ്രുതിയും ഭര്‍ത്താവ് മഗേഷും പതറിയിരുന്നു ഒരിക്കല്‍.
തുടരെയുള്ള ശസ്ത്രക്രിയകള്‍, കരുത്തായി ഒപ്പംനിന്ന അച്ഛന്റെ മരണം, ഇടറിവീണ നിമിഷങ്ങളേറെ, ചെറുപ്രായത്തില്‍ രണ്ടു തവണയാണ് ശ്രുതിക്ക് വൃക്ക മാറ്റിവെച്ചത്. എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015 ഏപ്രില്‍ 12-ന് മഗേഷും ശ്രുതിയും വിവാഹിതരായി. വൃക്കരോഗിയെ വിവാഹം ചെയ്താല്‍ ഉണ്ടാകാവുന്ന പ്രയാസങ്ങളെക്കുറിച്ച് പലര്‍ക്കും സംശയം ഉണ്ടായിരുന്നു. 'എത്രകാലം ജീവിതം മുന്നോട്ടുപോകും? കുട്ടികളുണ്ടാകുമോ?'തുടങ്ങിയ അടക്കംപറച്ചിലുകള്‍ കുടുംബത്തിനു പുറത്തുനിന്ന് ഒരുപാടുണ്ടായി. ഇതിനൊക്കെയുമുള്ള ഉത്തരമായി ആന്‍ലിയ എന്ന കുഞ്ഞുമിടുക്കി ഇന്ന് അവര്‍ക്കൊപ്പമുണ്ട്. മകളെ മാറോടണച്ച് അമ്മയും അച്ഛനും കഴിഞ്ഞകാലത്തെക്കുറിച്ച് പറഞ്ഞു.
പ്രണയകാലം
''പോളിടെക്നിക് കഴിഞ്ഞ് ജോലിചെയ്യുന്ന സമയത്താണ് നാട്ടിലെ ഉത്സവത്തിന് ശ്രുതിയെ ആദ്യമായി കാണുന്നത്. കുറച്ചുകാലം ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചു. പിന്നീട് നേരിട്ടുപറഞ്ഞപ്പോള്‍ 'വേണ്ടാ' എന്നായിരുന്നു മറുപടി.''
മഗേഷ് തുടക്കമിട്ട പ്രണയകാലത്തിന്റെ തുടര്‍ച്ചയിലേക്ക് ശ്രുതി കടന്നു. ''എന്നെ കളിപ്പിക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നെ, മഗേഷ് വീട്ടില്‍ വന്ന് അച്ഛനെയും അമ്മയെയും കണ്ടു. അപ്പോഴാണ് ആള് സീരിയസാണെന്ന് മനസ്സിലായത്. പരസ്പരം കാണുന്നത് കുറവായിരുന്നു. ഇടയ്ക്കിടെ വിളിക്കും. അങ്ങനെ, എട്ടുവര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു.''
കാലം മുന്നോട്ടുപോയി. മഗേഷ് ജോലിയ്ക്കായി മലേഷ്യക്ക് വിമാനം കയറി. ശ്രുതി പഠനത്തിന് കോയമ്പത്തൂരെത്തി. ഇതിനിടയിലും പ്രണയത്തിന് തടസ്സമുണ്ടായില്ല. ഫോണ്‍വിളികളിലൂടെ അത് തുടര്‍ന്നു.

പിണങ്ങുന്ന കിഡ്‌നി
2010-ല്‍ പി.ജി.ക്ക് പഠിക്കുമ്പോഴാണ് ശ്രുതിയുടെ കിഡ്നി ആദ്യമായി തകരാറിലാവുന്നത്. തലവേദനയായിരുന്നു തുടക്കം. അത് മാറ്റാനായി വേദനസംഹാരി കഴിക്കാന്‍തുടങ്ങി. എന്നിട്ടും വേദന മാറാതിരുന്നപ്പോള്‍ നാട്ടിലുള്ള ഡോക്ടര്‍ സുകുമാരനെ കാണിച്ചു. രക്തപരിശോധനയില്‍ വൃക്കരോഗമാണെന്ന് മനസ്സിലായി. പിന്നീട്, മിംസ് ആശുപത്രിയിലായി ചികിത്സ.
''വൃക്കരോഗത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. സ്റ്റിറോയിഡും മരുന്നുകളും കഴിച്ചതോടെ, മുഖവും ശരീരവും തടിച്ചുവന്നു. എന്നെ കാണുമ്പോള്‍ മഗേഷിനും മറ്റുള്ളവര്‍ക്കും എന്തുതോന്നുമെന്നായിരുന്നു ടെന്‍ഷന്‍,'' ശ്രുതി പറഞ്ഞു.
ഏത് കടുത്ത പ്രണയത്തെയും തകര്‍ക്കാന്‍ കഴിയും അസുഖത്തിന്. രോഗവിവരമറിഞ്ഞ മഗേഷ് ആശുപത്രിയിലെത്തി. ''അസുഖം ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചു. കിഡ്നി മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് പറഞ്ഞു. എന്തുവന്നാലും ഒരുമിച്ച് നേരിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു.''
ഇരുവരെയും അകറ്റാന്‍ കഴിയില്ലെന്ന് ഇതിനോടകം വീട്ടുകാര്‍ മനസ്സിലാക്കി. ശ്രുതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വിവാഹനിശ്ചയം നടത്തി. രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹം തീരുമാനിച്ചു. പക്ഷേ, പിന്നെയും കാര്യങ്ങള്‍ എതിരായി.
ക്രിയാറ്റിനിന്‍ അളവുയരുകയും ശ്രുതിയുടെ വൃക്ക ഏതാണ്ട് പൂര്‍ണമായി പണിമുടക്കുകയും ചെയ്തു. 2013-ല്‍ ഡയാലിസിസ് തുടങ്ങി. ഒരുമാസത്തിനകം കിഡ്നി മാറ്റിവെച്ചു. അമ്മ ശ്രീലതയാണ് വൃക്ക നല്‍കിയത്.
അതിനുശേഷം രണ്ടുപേരുടെയും ജീവിതം വല്ലാതെ മാറി. രാത്രി ഉറക്കംകിട്ടാതെവരുമ്പോള്‍ ശ്രുതി മലേഷ്യയിലുള്ള മഗേഷിനെ വിളിക്കും. സങ്കടങ്ങളെല്ലാം പറയും. മഗേഷ് എല്ലാം കേള്‍ക്കും. അതുമതിയായിരുന്നു ഇരുവര്‍ക്കും ആ ദുരിതകാലം താണ്ടാന്‍.
''കിഡ്നി മാറ്റിവെച്ചശേഷം മഗേഷേട്ടന്റെ അമ്മയോട് ഞാന്‍ സംസാരിച്ചിരുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അമ്മയും മറ്റുള്ളവരും എനിക്കൊപ്പം നിന്നു.''ശ്രുതി ഓര്‍ക്കുന്നു. 2015 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി.

വീണ്ടുമൊരു ട്രാന്‍സ്പ്ലാന്റ് വേണ്ടിവന്നു. മൂന്നുവര്‍ഷം അതിനുള്ള തിരച്ചില്‍, പണച്ചെലവ്. ഒടുവില്‍ ഒരു കിഡ്നി ലഭിച്ചു. 2021-ല്‍ രണ്ടാമത്തെ ട്രാന്‍സ്പ്ലാന്റേഷന്‍. അപ്പോഴേക്കും ചികിത്സ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയില്‍ അണുബാധ മാറാനായി സര്‍ജറി ചെയ്തു. ഡയാലിസിസിനായി ഞരമ്പ് മാറ്റിവച്ചു. ഒപ്പം കോവിഡും. കാലം രണ്ടുപേരെയും പരീക്ഷിച്ചുകൊണ്ടിരുന്നു. മലേഷ്യയില്‍നിന്ന് എറണാകുളത്തെത്തി മഗേഷ് കൂടെനിന്നു. വീട്ടിലേക്കോ നാട്ടിലേക്കോ പോകാതെ ആശുപത്രിതന്നെയായി മഗേഷിന്റെ ലോകം.
രണ്ടാമത്തെ ട്രാന്‍സ്പ്ലാന്റിനുശേഷം ശ്രുതിയുടെ ആരോഗ്യം മെച്ചപ്പെട്ടു. ക്രിയാറ്റിനിന്‍ അളവ് കുറഞ്ഞു. അപ്പോഴേക്കും 'വിശേഷമായില്ലേ' എന്ന് പലരും ചോദിച്ചുതുടങ്ങി. ഒരു കുഞ്ഞിനെ മഗേഷും ശ്രുതിയും ആഗ്രഹിച്ചിരുന്നു. പക്ഷേ, ആരോഗ്യം അവരുടെ പ്രതീക്ഷകളെ തകര്‍ത്തു. സറോഗസി (വാടക ഗര്‍ഭപാത്രം) യെക്കുറിച്ചുപോലും ആലോചിച്ചു. പക്ഷേ മഗേഷിന് ഉറപ്പുണ്ടായിരുന്നു, സ്വന്തം കുഞ്ഞ് പിറക്കുമെന്ന്. രണ്ടുപേരും കാത്തിരുന്നു, രണ്ടുവര്‍ഷത്തോളം.
അവരുടെ കാത്തിരിപ്പ് വെറുതെയായില്ല. രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധാരണനിലയിലായതോടെ ഡോക്ടര്‍ ഓക്കെ പറഞ്ഞു. ചില മരുന്നുകള്‍ നിര്‍ത്തി. സഹനങ്ങള്‍ക്കൊടുവില്‍ 2024 മാര്‍ച്ച് 20-ന് ആന്‍ലിയ പിറന്നു.
''ഗര്‍ഭാവസ്ഥയില്‍ ഓരോ ടെസ്റ്റ് ചെയ്യുമ്പോഴും ടെന്‍ഷനായിരുന്നു. അമിത പ്രതീക്ഷ വേണ്ടെന്നും ചിലപ്പോള്‍ അബോര്‍ട്ട് ചെയ്യേണ്ടിവരുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് തന്നിരുന്നു. ഭാഗ്യത്തിന് പ്രയാസങ്ങളൊന്നുമുണ്ടായില്ല'' - ദുരിതക്കടല്‍ കടന്നതിന്റെ ആശ്വാസമുണ്ടായിരുന്നു മഗേഷിന്റെ വാക്കുകളില്‍.
ഇത്രയും പ്രയാസങ്ങളുണ്ടായിട്ടും എന്തുകൊണ്ട് സ്വന്തം കിഡ്നി നല്‍കാന്‍ മഗേഷ് തയ്യാറായില്ല? ഈ സംശയം ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ''എന്റെയും ശ്രുതിയുടെയും ബ്ലഡ്ഗ്രൂപ്പ് ഒന്നാണ്. എന്റെ കിഡ്നി അവള്‍ക്ക് ചേരും. ഇനിയൊരു കിഡ്നികൂടി വേണ്ടിവന്നാല്‍ അത് എന്റേതായിരിക്കും, അതിനായി കരുതിവെച്ചതാണ് ഞാന്‍.'' ആ മറുപടിയില്‍ കരുതല്‍ നിറഞ്ഞുനിന്നു. മകളുടെ കുഞ്ഞിക്കൈയില്‍ തലോടി ശ്രുതി അരികിലിരുന്നു. പ്രണയംകൊണ്ട് ജീവിതം കൊരുത്ത രണ്ടുപേര്‍; അവര്‍ പറയുകയാണ്- ജീവിതമേ, തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല!
Content Highlights: two time kidney transplant childbirth sruthi and magesh
Published: 24 May 2024, 04:54 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented