കൈരളിയുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ വിടവാങ്ങിയിരിക്കുന്നു. ദേശാന്തരങ്ങളിലെ പല തലമുറകളെ സംഗീതത്തിന്റെ അമൃതൂട്ടിയ ഗായകന്റെ വേര്‍പാടില്‍ കാലം വിറങ്ങലിച്ചിരിക്കുകയാണ്. 

1965-ല്‍ മുതല്‍ സിനിമാ പിന്നണി ഗാനരംഗത്ത് അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ട്. 'കുഞ്ഞാലി മരക്കാര്‍' എന്ന മലയാള സിനിമയിലൂടെയാണ് തുടക്കം. പിന്നെ ഒത്തിരി ഗാനങ്ങള്‍. യേശുദാസ് എന്ന ഗന്ധര്‍വന്‍ വാഴുന്നിടത്ത് സ്വന്തം പേരുണ്ടാക്കിയെടുക്കുക അസാധാരണക്കാരനായ ഒരു പ്രതിഭയ്ക്ക് മാത്രമേ സാധിക്കൂ. മലയാളത്തിലെ ഈ രാഗമാധുര്യത്തെ അധികം വൈകാതെ തമിഴനും നെഞ്ചേറ്റി. 

തമിഴന്റെ സന്തോഷവും നൊമ്പരവും ജയചന്ദ്രന്റെ സ്വരം ഒപ്പിയെടുത്തു. അദ്ദേഹത്തെ തമിഴ്‌നാടിന് പ്രിയങ്കരനാക്കിയ ഒരു ഗാനമുണ്ട്.  

രാസാത്തി ഉന്ന കാണാത്ത നെഞ്ച് 
കാറ്റാടി പോലാടുത്....

ആര്‍. സുന്ദരരാജന്‍ സംവിധാനം ചെയ്ത 'വൈദേഹി കാത്തിരുന്താള്‍' (1984) എന്ന സിനിമയിലേതാണ് ഈ ഗാനം. രേവതിയും വിജയകാന്തും അഭിനയിച്ച സിനിമ വമ്പന്‍ഹിറ്റായി. സിനിമയ്ക്ക് സംഗീതമൊരുക്കിയത് ഇളയരാജയാണ്. എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. അതില്‍ ഏറ്റവും ജനപ്രിയമായത് ജയചന്ദ്രന്റെ ഗാനം തന്നെ.

കൊട്ടകകളിലാണ് അന്ന് ജനം സിനിമ കണ്ടിരുന്നത്. കമ്പത്തെ ഏതോ അതിര്‍ത്തിഗ്രാമത്തില്‍ ഈ സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ജയചന്ദ്രന്റെ പാട്ട് കേള്‍ക്കാന്‍ കാട്ടിൽനിന്ന് ആനക്കൂട്ടമിറങ്ങി വന്നു. വലിയ ചെവികളാട്ടി, വാലുവീശി, താളം പിടിച്ച് ആനക്കൂട്ടം ഭാവഗായകന്റെ സ്വരമാധുരി നുകര്‍ന്നു. ശാന്തമായി തിരിച്ചുപോകുകയും ചെയ്തു. കൊട്ടകയില്‍ സിനിമ പ്രദര്‍ശനം നടത്തിയ കാലത്തോളം ആനക്കൂട്ടം ഈ ഗാനം കേള്‍ക്കാനായി കാടിറങ്ങി വരുമായിരുന്നു. ഒരുപാട് വേദികളില്‍ ഇളയരാജ ആവര്‍ത്തിച്ചുപറഞ്ഞ സംഭവമാണിത്.

അനശ്വരതയുടെ മഞ്ഞലയില്‍ പൊന്നോളമായിത്തീര്‍ന്ന ഗായകന് ആദരാഞാജലികള്‍.